kk-shylaja
kk shylaja

തിരുവനന്തപുരം : ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സാമൂഹ്യസുരക്ഷാ മിഷന്റെ നേതൃത്വത്തിൽ മാജിക് അക്കാദമിയിൽ ആരംഭിച്ച ഡിഫറന്റ് ആർട്സ് സെന്റർ വിജയമാണെന്ന് തെളിഞ്ഞതായി മന്ത്രി കെ.കെ.ശൈലജ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പദ്ധതി ആരംഭിച്ചപ്പോൾ പലരും നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചു. ഭിന്നശേഷിക്കുട്ടികളെ പരീക്ഷണത്തിന് വിധേയമാക്കരുതെനന്നായിരുന്നു ചിലരുടെ അഭിപ്രായം. എന്നാൽ ഇപ്പോൾ ഇതൊരു പൂർണ്ണവിജയമായി മാറി. ലോകത്തിലെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ പദ്ധതിയാണിത്. നൂറുകുട്ടികളാണ് ഇപ്പോൾ കലാമേഖലയിൽ കഴിവ് തെളിയിച്ചത്. വരുംനാളുകളിൽ സംസ്ഥാനത്തെമ്പാടും ഇതിന് സമാനമായി പദ്ധതികൾ നടപ്പാക്കാൻ സർക്കാർ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

ഏഴു വേദികളിലായി ആരംഭിക്കുന്ന ഡിഫറന്റ് ആർട്സ് സെന്റർ നവംബർ ആദ്യവാരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ഇവിടെ കലാപരിപാടികൾ അവതരിപ്പിക്കുന്ന ഓരോ കുട്ടിക്കും പ്രതിമാസം 5000 രൂപ വീതം സ്റ്റൈപെന്റായി നൽകുന്നുണ്ടെന്നും ഇതിനായി നിരവധിപേർ സ്‌പോൺസർഷിപ്പ് നൽകുന്നുണ്ടെന്നും മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് പറഞ്ഞു. സാമൂഹ്യസുരക്ഷാ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ .അഷീലും പങ്കെടുത്തു .