കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് മുംബയ് സിറ്റിയെ നേരിടുന്നു
മത്സരം രാത്രി 7.30 മുതൽ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ
കൊച്ചി : പുതിയ സീസണിൽ വിജയത്തുടക്കമിടാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിൽ ഐ.എസ്.എല്ലിൽ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുകയാണ് കേരള ബ്ളാസ്റ്റേഴ്സ്. മുംബയ് സിറ്റിയാണ് ഇന്നത്തെ എതിരാളികൾ.
ആദ്യ മത്സരത്തിൽ എ.ടി.കെയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ളാസ്റ്റേഴ്സ് കീഴടക്കിയിരുന്നത്. അഞ്ചാം മിനിട്ടിൽത്തന്നെ ഒരു ഗോൾ വഴങ്ങിയശേഷമാണ് ആദ്യപകുതിയിൽ രണ്ടെണ്ണം തിരിച്ചുകൊടുത്ത് ബ്ളാസ്റ്റേഴ്സ് മാതൃകയായത്. പുതിയ നായകൻ ഒഗുബച്ചെയാണ് ബ്ളാസ്റ്റേഴ്സിന്റെ രണ്ട് ഗോളുകളും നേടിയത്. പുതിയ പരിശീലകൻ ഈൽകോ ഷാറ്റോരി നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്ന് എത്തിച്ച ഒഗുബച്ചെ ബ്ളാസ്റ്റേഴ്സിന്റെ ഉയിർത്തെണീൽപ്പിന് ചുക്കാൻ പിടിക്കുമെന്ന മോഹത്തിന്റെ തിളക്കമാണ് ആദ്യ മത്സരത്തിൽ കണ്ടത്.
ഈ സീസണിലെ ആദ്യ മത്സരത്തിനാണ് മുംബയ് സിറ്റി എഫ്.സി ഇന്ന് കൊച്ചിയിൽ ബൂട്ടുകെട്ടുന്നത്. പോർച്ചുഗീസുകാരൻ പൗളോ മച്ചാദോയാണ് ടീമിനെ നയിക്കുന്നത്. ഇന്ത്യൻ ഗോൾകീപ്പർ അമരീന്ദർ സിംഗ് വല കാക്കാനുണ്ടാകും.
സുഭാഷിഷ് ബോസ്, റൗളിൻ ബോർഗസ്, റേയ്നിയർ ഫെർണാണ്ടസ്, ഡിഫൻഡർ അൻവർ അലി തുടങ്ങിയർ മുംബയ് സിറ്റി നിരയിൽ അണിനിരക്കും. ടുണീഷ്യൻ താരം ആമിൽ ചെർമിറ്റി, ബ്രസീലിയൻ സ്ട്രൈക്കർ ഡീഗോ കാർലോസ്, ക്രൊയേഷ്യൻ ഡിഫൻഡർ മാറ്റോ ജിർജിക്, തുടങ്ങിയവരാണ് പ്രധാന വിദേശ താരങ്ങൾ. പോർച്ചുഗീസുകാരനായ ജോർജ് കോസ്റ്റയാണ് പരിശീലകൻ.
3-0ത്തിന്
ഗോവൻ ജയം
ഐ. എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ എഫ്.സി ഗോവ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ചെന്നൈയിൻ എഫ്.സിയെ തോൽപ്പിച്ചു.സെമിയേൻ ഡൗങ്കൽ. കോറോ,പെനാ എന്നിവരാണ് ഗോളുകൾ നേടിയത്.