sourav-ganguly-bcci
sourav ganguly bcci

മുംബയ് : സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ 33 മാസത്തെ ഭരണകാലത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ 39-ാമത്തെ പ്രസിഡന്റായി മുൻ നായകൻ സൗരവ് ഗാംഗുലി സ്ഥാനമേറ്റു.

കഴിഞ്ഞ വാരം സൗരവിന്റെ നേതൃത്വത്തിലുള്ള പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ മകൻ ജയ്‌ഷാ സെക്രട്ടറിയായും കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ അനുജൻ അരുൺ ധുമാൽ ട്രഷററായും കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്ജ് ജോയിന്റ് സെക്രട്ടറിയായും ഗാംഗുലിക്കൊപ്പം സ്ഥാനമേറ്റു. ഉത്തരാഖണ്ഡിൽ നിന്നുള്ള മാഹിംവർമ്മയാണ് വൈസ് പ്രസിഡന്റ്.

2000ത്തിലെ ഒത്തുകളി വിവാദത്തിന്റെ നിഴലിൽ വിളങ്ങിനിന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നായകവേഷത്തിൽ അവതരിച്ച് കൈപിടിച്ചുയർത്തിയ 'ദാദ' എന്ന് വിളിപ്പേരുള്ള സൗരവ് ബി.സി.സി.ഐ അദ്ധ്യക്ഷനാകുന്നതും സ്പോട്ട്ഫിക്സിന്റെയും വാതുവയ്പിന്റെയും ദുർഭൂതങ്ങൾ അരങ്ങ് വാണതിന് പിന്നാലെയാണ്. ദുർബലരുടെ സംഘമെന്ന് വിമർശിക്കപ്പെട്ടിരുന്ന ഇന്ത്യൻ ടീമിനെ തന്റെ ആക്രമണോത്സുക നായകത്വം കൊണ്ട് വീരൻമാരുടെ കൂടാരമാക്കിയ സൗരവ് ബി.സിസി.ഐയിലും അതേ ശൈലി തന്നെ പിന്തുടരുമെന്ന് സ്ഥാനമേറ്റശേഷം നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ബി.സി.സി.ഐയെ അഴിമതി മുക്തമാക്കി മുന്നോട്ടു കൊണ്ടുപോകുമെന്നും കളിക്കാർക്കും കളിക്കുമായിരിക്കും പ്രാധാന്യമെന്നും ഗാംഗുലി വ്യക്തമാക്കി.

കഴിഞ്ഞ അഞ്ചുകൊല്ലമായി ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ ഭരണരംഗത്തുള്ള സൗരവിന് ലോധ കമ്മിഷൻ ശുപാർശ അനുസരിച്ച് ബി.സി.സി.ഐ പ്രസിഡന്റായി ഒൻപത് മാസം കൂടിയേ പ്രവർത്തിക്കാനാവൂ. അതിനുശേഷം കൂളിംഗ് ഒഫ് പീരിയഡ് കഴിഞ്ഞാലേ അധികാരത്തിൽ തിരിച്ചെത്താനാകൂ. ബി.സി.സി.ഐയുടെ സ്ഥിരം പ്രസിഡന്റാകുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമാണ് സൗരവ്. നേരത്തേ 2013ൽ സുനിൽ ഗാവസ്കറും ശിവപാൽയാദവും താല്ക്കാലിക പ്രസിഡന്റുമാരായിരുന്നു.

ആഭ്യന്തര ക്രിക്കറ്റിന്റെ വികസനം, ധോണിയുടെ വിരമിക്കൽ, ഡേ ആൻഡ് നൈറ്റ് ടെസ്റ്റ്, ടെസ്റ്റ് വേദി ആയിച്ചുരുക്കൽ എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ പ്രസിഡന്റ് എന്ന നിലയിൽ സൗരവിന് മുന്നിലുണ്ട്.

പ്രസിഡന്റ് സ്പീക്കിംഗ് ധോണി

ധോണിയെപ്പോലൊരു കളിക്കാരൻ ഇന്ത്യയ്ക്കുണ്ടായതിൽ അഭിമാനമുണ്ട്. വിരമിക്കലിനെക്കുറിച്ച് അദ്ദേഹത്തിന്റെ മനസിൽ എന്താണെന്ന് എനിക്കറിയില്ല. ഉടൻതന്നെ ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹവുമായി നേരിട്ട് സംസാരിക്കും. പണ്ട് എന്നെ ടീമിൽ നിന്ന് ഒഴിവാക്കിയപ്പോൾ എല്ലാവരും പറഞ്ഞത് ഇനിയൊരു തിരിച്ചുവരവ് ഇല്ലെന്നാണ് എന്നാൽ നാല് വർഷം കൂടി ഞാൻ കളിച്ചു, ധോണിയും അതുപോലെയാണ്. ചാമ്പ്യൻമാർക്ക് അത്ര പെട്ടെന്ന് എല്ലാം അവസാനിപ്പിക്കാനാവില്ല.

കൊഹ്‌ലി

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പ്രധാന വ്യക്തിയായി ഞാൻ കാണുന്നത് ഇന്ത്യൻ ടീം ക്യാപ്ടൻ വിരാട് കൊഹ്‌ലിയെയാണ്. അദ്ദേഹത്തിനെ കേന്ദ്രീകരിച്ചാണ് ഞങ്ങൾ നിൽക്കുന്നതു തന്നെ. കൊഹ്‌ലിക്കും ടീമിനും വേണ്ട പിന്തുണ നൽകുകയാണ് ഞങ്ങളുടെ ലക്ഷ്യം. അല്ലാതെ ടീമിനെയും നായകനെയും നിയന്ത്രിക്കുക എന്നതല്ല. വ്യാഴാഴ്ച കൊഹ്‌ലിയുമായി നേരിട്ടു കാണുകയും ചർച്ച നടത്തുകയും ചെയ്യും.

ഇന്ത്യൻ ടീം

ഇക്കാലഘട്ടത്തിലെ ഏറ്റവും മികച്ച ടീം ഇന്ത്യയുടേതാണെന്ന് പറയാൻ ഒരു മടിയുമില്ല. ടീമിന് എല്ലാവിധ പിന്തുണയും നൽകും. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം താരങ്ങളെ പരിഗണിക്കും.