mettle

നിലമാമൂട് : ഹൈടെക് നിലവാരത്തിൽ ടാറിംഗ് നടത്തി നവീകരിക്കുന്ന നിലമാമൂട് - എള്ളുവിള അഞ്ചുമരങ്കാല റോഡിലെ പുറമ്പോക്ക് സ്ഥലവും കൈയേറ്റവും അളന്നു തിട്ടപ്പെടുത്തി ശേഷം റോഡ് നവീകരിക്കണമെന്ന് പൊതുമരാമത്ത് അധികൃതരോട് നാട്ടുകാർ ആവശ്യപ്പെട്ടു. പത്തുവർഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് റോഡിലിട്ട സർവേ കല്ലുകൾ പലതും കൈയേറ്റക്കാർ മാറ്റി ഓടയിലേക്കിറക്കി മതിൽ കെട്ടി പിന്നീട് കടയോ വീട്ടുമുറികളോ ആക്കിയത് കാരണം രണ്ട് വാഹനങ്ങൾ എതിരേ വന്നാൽ വളരെയേറെ ബുദ്ധിമുട്ടുന്നു. നിലമാമൂട് ജംഗ്ഷനിൽ പൊതുമരാമത്ത് വകുപ്പിന് രണ്ടേക്കർ പത്തുസെന്റ് സ്ഥലം ഉള്ളത് പലരും കൈയേറിയെന്ന് ആക്ഷേപമുണ്ട്. ഓടയില്ലാത്തതിനാൽ മഴവെള്ളം, വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ എന്നിവ റോഡിൽ കെട്ടിക്കിടക്കുകയാണ്. മരാമത്ത് വകുപ്പിന് പരാതി നൽകിയാലും നടപടി ഇല്ലെന്ന് പരാതിയുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ കുന്നത്തുകാൽ സബ്ഡിവിഷൻ പരിധിയിലാണ് ഈ കൈയേറ്റം. നിലമാമൂട്ടിൽ വെയിറ്റിംഗ് ഷെഡും, മൂത്രപ്പുരയും നിർമ്മിക്കണമെന്ന് 20 വർഷം മുൻപ് ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവ് ഇന്നും പാലിച്ചിട്ടില്ല. കുന്നത്തുകാൽ കുടിവെള്ള പദ്ധതിക്കായി നാറാണി - കോട്ടുക്കോണം എള്ളുവിള റോഡ് കുഴിച്ച് പൈപ്പ് ലൈനുകൾ സ്ഥാപിച്ചശേഷം ടാർ ചെയ്തില്ല. ഇതു കാരണം റോഡിൽ വൻ കുഴികളാണ്. ഇവിടെയും റോഡ് കൈയേറ്റം കാരണം കോട്ടുക്കോണം എൽ.എം.എസ്. യു.പി.എസിലേക്കും എൽ.എം.എസ് ചർച്ചിലേക്കുമുള്ള ഗതാഗതം താറുമാറായി. കൈയേറിയ പുറമ്പോക്ക് അടിയന്തരമായി പൊതുമരാമത്തും റവന്യൂ വകുപ്പും സംയുക്തമായി അളന്ന് എറ്റെടുത്ത് റോഡ് നവീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.