koodathayi-jolly

കോട്ടയം: രണ്ടാം ഭർത്താവ് ഷാജുവിനെ കുടുക്കാൻ രണ്ടും കല്പിച്ച് കൂടത്തായി കൊല പരമ്പര കേസിലെ മുഖ്യപ്രതി ജോളി. എന്നാൽ ആദ്യം നല്കിയ മൊഴിയിൽ ഉറച്ചുനില്ക്കുകയാണ് ഷാജു. സിലിയുടെ മരണം ഉറപ്പായപ്പോൾതന്നെ വിവരം വാട്സാപ്പിലൂടെ ഷാജുവിനെ അറിയിച്ചിരുന്നുവെന്നാണ് ഇപ്പോഴും ജോളി പറയുന്നത്. സത്യാവസ്ഥ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

അതേസമയം, ജോളിയുടെ കട്ടപ്പനയിലെ ബന്ധുക്കളിൽ നിന്ന് ഇന്ന് വീണ്ടും മൊഴിയെടുക്കും. ജോളിയുടെ മാതാവും സഹോദരനും പൊലീസ് നി‌ർദ്ദേശപ്രകാരം ഇന്നലെ തന്നെ വടകരയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇന്ന് വടകര എസ്.പി ഓഫീസിൽ എത്തണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിട്ടുള്ളത്. ജോളിയുടെ ആദ്യകാല ജീവിതവും വിദ്യാഭ്യാസവും സംബന്ധിച്ച് വിവരങ്ങൾ ഇവരിൽ നിന്ന് ശേഖരിക്കുകയെന്നതാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

നേരത്തെ അന്വേഷണ സംഘത്തിലെ ഒരു ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കട്ടപ്പനയിലെത്തി ജോളിയെക്കുറിച്ചുളള വിവരങ്ങൾ ശേഖരിച്ചിരുന്നു. എന്നാൽ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യമായ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ആറുപേരെ സയനൈ‌ഡ് നല്കി കൊലപ്പെടുത്തിയതെന്ന് കരുതുന്ന ജോളിയുടെ ആദ്യകാല ജീവിതത്തിൽ ഇങ്ങനെയുള്ള ഏതെങ്കിലും സ്വഭാവം ജോളിയിൽ ഉണ്ടായിരുന്നോയെന്നാണ് പൊലീസ് തിരക്കുന്നത്. ജോളിയുടെ കൂട്ടുകെട്ടുകളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നു.

അതേസമയം ആദ്യ ഭർത്താവ് റോയിയുടെ പഴ്സിൽ നിന്ന് തകിട് കണ്ടെത്തിയ സംഭവത്തെക്കുറിച്ചും സംഘം കട്ടപ്പനയിൽ വീണ്ടും അന്വേഷണം നടത്തും. തകിടിനൊപ്പം കട്ടപ്പനയിലെ ഒരു ജോത്സ്യന്റെ വിലാസവും ഉണ്ടായിരുന്നു. ജോത്സ്യനിൽ നിന്നും വിവരം തേടിയിരുന്നു. തകിട് പൂജിച്ചു നല്കുന്നുണ്ടെന്നും, പലരും ഇവിടെ വന്നുപോവുന്നുണ്ടെന്നും, ജോളിക്കോ റോയിക്കോ തകിട് പൂജിച്ചു നല്കിയോ എന്ന് ഓർക്കുന്നില്ലെന്നുമാണ് കൃഷ്ണകുമാർ മൊഴിനൽകിയത്.

ജോളിയുമായി ഇന്ന് പുലിക്കയത്ത് തെളിവെടുപ്പ്

കൂടത്തായി കൊലപാതക കേസിൽ മുഖ്യപ്രതി ജോളി ജോസഫിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ രണ്ടാം ഭർത്താവ് ഷാജുവിന്റെ കോടഞ്ചേരി പുലിക്കയത്തെ വീട്ടിൽ ജോളിയുമായി തെളിവെടുപ്പ്. തലശേരി ഡിവൈ.എസ്.പി കെ.വി വേണുഗോപാലിന്റെയും വടകര കോസ്റ്റൽ സി.ഐ ബി.ജെ സിജുവിന്റെയും നേതൃത്വത്തിലാണ് തെളിവെടുപ്പ്.

ഇന്നലെ ജോളിയുടെ കാറിൽ നിന്നും സയനൈഡ് എന്ന് സംശയിക്കുന്ന പൊടി പൊലീസ് കണ്ടെടുത്തിരുന്നു. ഇത് സംബന്ധിച്ചാണ് വീട്ടിലെത്തിയും കൂടുതൽ തെളിവെടുപ്പ് നടത്തുന്നത്. ഷാജുവിന്റെ മകൾ ആൽഫൈൻ, ആദ്യഭാര്യ സിലി എന്നിവരുടെ മരണംസംബന്ധിച്ച അന്വേഷണമാണ് നടക്കുന്നത്. പേഴ്സിൽ ചുവന്ന കവറിൽ സൂക്ഷിച്ചാണ് കാറിൽ പൊടി ഉണ്ടായിരുന്നത്. ഇത് പരിശോധനയ്ക്ക് അയക്കുന്നുണ്ട്.

ഇതിന്റെ റിപ്പോർട്ടിനായി അന്വേഷണ സംഘം കാത്തിരിക്കുകയാണ്. കൊടുവള്ളി സി.ഐ ചന്ദ്രമോഹന്റെ നേതൃത്വത്തിലാണ് ജോളിയുടെ കാർ കസ്റ്റഡിയിൽ എടുത്തിരുന്നത്. ഇതിന് പുറമേ ജോളിയുടെ സ്കൂട്ടറും കസ്റ്റഡിയിലുണ്ട്. ഇന്നലെ ജോളിയോടൊപ്പം ഭർത്താവ് ഷാജുവിനെയും അദ്ദേഹത്തിന്റെ പിതാവ് സഖറിയാസിനെയും ഇരുത്തിയാണ് ചോദ്യം ചെയ്തത്. ഇതിൽ നിന്നും കിട്ടിയ വിവരങ്ങളും അന്വേഷണ വിധേയമാക്കും. അതേസമയം ഷാജുവിന്റെ മകൾ ആൽഫൈന്റെ കൊലപാതകത്തിൽ ജോളിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്ന രീതിയിൽ ഷാജുവിന്റെ അമ്മ ഫിലോമിന മൊഴി നൽകിയതും കേസിന് ബലമേകുന്നു.