തെന്നിന്ത്യയിൽ തിരക്കുള്ള നായികയാണ് ശ്രദ്ധ ശ്രീനാഥ്. അഞ്ചു വർഷത്തിനുള്ളിൽ 18 കിലോ കുറച്ച് സുന്ദരിയായ കഥ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. തന്റെ അമിതഭാരം ചിട്ടയായ ജീവിത രീതി പിന്തുടർന്നതോടെ കുറച്ചുവെന്നാണ് ശ്രദ്ധ പറയുന്നത്. ഇൻസ്റ്റാഗ്രാമിൽ പഴയ ചിത്രം പങ്കുവച്ചുകൊണ്ടുള്ള കുറിപ്പിലാണ് ശ്രദ്ധ താൻ നടത്തിയ മേക്കോവറിനെക്കുറിച്ച് വിശദമാക്കിയത്.
എന്റെ ആദ്യത്തെ വിദേശ ടൂറിന്റെ ചിത്രമാണിത്. 2014 ഒക്ടോബർ മാസത്തിലെടുത്ത ചിത്രം. നല്ല ജോലിയും ശമ്പളവും ജീവിതം മാറ്റിമറിച്ചു. സ്വന്തമായി സമ്പാദിക്കാൻ തുടങ്ങിയപ്പോൾ അമിതമായി ചെലവാക്കാനും തുടങ്ങി. അതൊക്കെ ഭക്ഷണത്തിനും വസ്ത്രത്തിനും സിനിമ കാണുന്നതിനുമൊക്കെയായിരുന്നു. തടി വർദ്ധിക്കുന്നത് കുറവായി തോന്നിയില്ല. വ്യായാമം എന്നത് മാസത്തിലൊരിക്കൽ, അതും പേരിനുമാത്രമായി മാറി. അതിനിടെ എപ്പോഴോ ഉള്ളിലൊരു ബോധം വന്നു ഞാൻ മടിച്ചിയായി മാറുകയാണെന്ന്. ശരീരഭാരം എന്റെ പ്രായത്തിൽ കവിഞ്ഞതാണെന്ന് തോന്നി. അതോടെ ജിമ്മിൽ പോകാൻ തുടങ്ങി. ദിവസവും അഞ്ച് മിനിറ്റിൽ തുടങ്ങിയ ഓട്ടം പിന്നീട് 40 മിനിട്ടുവരെയെത്തി.
2019ൽ പുതിയ ചിത്രം പകർത്തുമ്പോൾ എന്റെ ഭാരം 18 കിലോ കുറഞ്ഞിരുന്നു. പുലർച്ചെ 4 30ന് എഴുന്നേൽക്കാനും വ്യായാമം ചെയ്യാനും തുടങ്ങി. ചില ദിവസങ്ങളിൽ ദിവസവും രണ്ടുനേരം വരെ വ്യയാമം ചെയ്തിരുന്നു. വളരെ ഫിറ്റായ വ്യക്തിയാണെന്ന അവകാശവാദം ഒന്നുമില്ല. ഇപ്പോൾ ഞാൻ വല്ലപ്പോഴുമേ വ്യായാമം ചെയ്യാറുള്ളൂ, എന്നാൽ, ഭക്ഷണം എങ്ങനെ കഴിക്കണമെന്ന് എനിക്ക് നന്നായി അറിയാം. ഞാൻ ഭക്ഷണപ്രിയയാണ്. ഭക്ഷണത്തിനോടുള്ള പ്രണയവും വ്യായാമവും സന്തുലിതമായി കൊണ്ടുപോകുന്നു.
ഈ മാറ്റത്തിന് പ്രചോദനമായത് എനിക്ക് നന്നായി ഇരിക്കണമെന്ന തോന്നൽ മാത്രമാണ്. എന്നാൽ, അതെന്റെ വലിയ ലക്ഷ്യമായിരുന്നില്ല. നിങ്ങൾ വ്യായാമം ചെയ്യുന്നുവെങ്കിൽ അത് നിങ്ങൾക്കായി ചെയ്യുക. നിങ്ങളുടെ കാൽമുട്ടിന് ശരീരഭാരം ജീവിതാവസാനം വരെ താങ്ങാൻ കഴിയണം. നന്നായി ഉറങ്ങാനും സാധിക്കണം എന്നാണ് ശ്രദ്ധ തന്റെ കുറിപ്പിൽ പറയുന്നത്. കന്നഡ ചിത്രങ്ങളായ ഗോദ്ര, രുദ്രപ്രയാഗ, തമിഴ് ചിത്രങ്ങളായ ഇരുമ്പുത്തിരൈ 2, മാരാ എന്നീ സിനിമകളിൽ നായികയായി അഭിനയിക്കുകയാണ് ശ്രദ്ധ.