ബാലരാമപുരം: പള്ളിച്ചൽ പഞ്ചായത്തിലെ പൂങ്കോട് വാർഡിൽ മരുതറവിളാകം പൂങ്കോട് സ്വിമ്മിംഗ് പൂൾ –നാഗർക്ഷേത്ര റോഡ് ഇപ്പോൾ ചെളിക്കുളമാണ്. കഴിഞ്ഞ ദിവസം പൊയ്ത കനത്ത മഴയിൽ പൂങ്കോട് നാഗർക്ഷേത്ര റോഡ് ഭൂരിഭാഗവും ചെളിക്കെട്ടായിമാറി. റോഡിൽ ചെളിക്കെട്ടായതോടെ ഇരുചക്രവാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ഇതുവഴി വരാൻ പറ്റാതായി. വാർഡ് മെമ്പർ അംബികാദേവിയുടെ 2017-18 വാർഷിക ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ അനുവദിച്ച് പൂങ്കോട് സ്വിമ്മിംഗ് പൂൾ റോഡ് മുതൽ നാഗർക്ഷേത്രത്തിന് സമീപം വരെ ടാറിട്ട് റോഡ് നവീകരിച്ചിരുന്നു. ചെളിക്കെട്ടായ നാഗർ ക്ഷേത്ര റോഡിന്റെ 200 മീറ്ററോളം ഭാഗം ഒഴിവാക്കിയാണ് ടാറിംഗ് പൂർത്തീകരിച്ചത്. സമീപം സൈഡ് വാളിന്റെ പണികളും നടന്നതോടെ അനുവദിച്ച ഫണ്ട് മുഴുവനും ചെലവായി. എന്നാൽ കഴിഞ്ഞ ദിവസം കനത്ത മഴയിൽ റോഡ് പൂർണമായും ചെളിക്കട്ടായതോടെ പരാതിയുമായി നാട്ടുകാരും രംഗത്തെത്തുകയായിരുന്നു. വാർഡ് മെമ്പറുടെ 2018-19 വാർഷിക ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ പ്രോജക്ട് ഫണ്ട് പഞ്ചായത്തിന്റെ പരിഗണയിലാണ്. ഈ ഫണ്ട് അനുവദിച്ചാൽ മാത്രമേ നാഗർക്ഷേത്ര റോഡിന് സമീപം ചെളിക്കെട്ടായ ഭാഗം ടാറിട്ട് പു:നരുദ്ധരിക്കാൻ സാധിക്കുകയുള്ളൂ.