തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ രണ്ട് സിറ്റിംഗ് സീറ്റിലുണ്ടായ തിരിച്ചടി സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചയാണെന്ന് തുറന്നുപറഞ്ഞ് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ എം.എൽ.എ. എറണാകുളത്ത് യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറയുന്നതിന് പ്രധാന കാരണം നഗരസഭയുടെ പ്രവർത്തനങ്ങളാണ്. ജാതി സമവാക്യങ്ങൾ യു.ഡി.എഫിന് പ്രതികൂലമായോ എന്ന് നേതൃത്വം പരിശോധിക്കണം. വി.ഡി സതീശൻ 'ഫ്ളാഷി'നോട് സംസാരിക്കുന്നു:
നേതൃത്വം പരിശോധിക്കണം
മഞ്ചേശ്വരവും എറണാകുളവും നിലനിറുത്താൻ പറ്റിയതും അരൂർ പിടിച്ചെടുക്കാൻ പറ്റിയതുമാണ് ഈ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ നേട്ടം. അതേസമയം, വട്ടിയൂർക്കാവും കോന്നിയും നഷ്‌ടമായത് കനത്ത തിരിച്ചടിയാണ്. ഇതിന് പിന്നിലെ കാരണങ്ങൾ പാർട്ടി ഗൗരവമായി പരിശോധിക്കണം. പാലായിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഉണ്ടായ അസ്വാരസ്യവും തർക്കങ്ങളും തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചിരുന്നു. അത് കോന്നിയിലും ആവർത്തിച്ചു എന്നതാണ് യാഥാർത്ഥ്യം. തിരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ അവസാനംവരെ കോന്നിയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ ദൗർബല്യവും ഏകോപനമില്ലായ്‌മയും കാര്യമായി ബാധിച്ചു.
അത് ദോഷം ചെയ്തു
ഈ തിരഞ്ഞെടുപ്പിൽ വോട്ട് വേണമെന്ന് പറഞ്ഞ് യു.ഡി.എഫ് ഒരു സമുദായ കക്ഷികളുടേയും പിന്നാലെ പോയിട്ടില്ല. എൻ.എസ്.എസ് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് ഇങ്ങോട്ട് വന്നതാണ്. എൻ.എസ്.എസ് പിന്തുണ പ്രഖ്യാപിച്ചത് കൊണ്ട് മാത്രം തോൽക്കില്ല. എന്നാൽ, സമുദായ നേതൃത്വം രാഷ്‌ട്രീയത്തിൽ സൂക്ഷിച്ച് ഇടപെടാൻ ശ്രദ്ധിക്കണം. ബി.ജെ.പിയുടെ പിന്നാലെ പോയില്ല എന്നതാണ് എൻ.എസ്.എസ് നിലപാടിന്റെ പ്രസക്‌തി. ഒരു ഘട്ടത്തിലും അവർ ബി.ജെ.പിക്ക് പിന്തുണ നൽകിയിട്ടില്ല. ബി.ജെ.പിക്ക് പിന്തുണ നൽകാൻ എൻ.എസ്.എസിനുമേൽ സംഘപരിവാർ സംഘടനകളുടെ വലിയ സമ്മർദ്ദമുണ്ടായിരുന്നു. അതിനൊന്നും എൻ.എസ്.എസ് വഴിപ്പെട്ടില്ല എന്നത് എടുത്തുപറയേണ്ട കാര്യമാണ്.
1996ലെ തിരഞ്ഞെടുപ്പിൽ എൻ.എസ്.എസ് എൽ.ഡി.എഫിനെയാണ് പിന്തുണച്ചത്. ചെങ്ങന്നൂരിലും പരസ്യമായി പറഞ്ഞില്ലെങ്കിലും എൻ.എസ്.എസ് പിന്തുണ സി.പി.എമ്മിന് കിട്ടിയിരുന്നു. എൻ.എസ്.എസ് ശരിദൂരം എന്ന് മാത്രമാണ് പറഞ്ഞത്. പക്ഷേ, അതിനെ കടത്തിവെട്ടി തിരുവനന്തപുരത്തെ എൻ.എസ്.എസ് നേതൃത്വം യു.ഡി.എഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു. അത് കോൺഗ്രസിന് ദോഷം ചെയ്‌തിട്ടുണ്ട് എന്നാണ് മനസിലാക്കേണ്ടത്. കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയായി എത്താത്തതോടെ ബി.ജെ.പി പ്രവർത്തകർ തങ്ങളുടെ വോട്ട് സി.പി.എമ്മിന് മറിച്ചു. അത് അവർ തമ്മിലുളള രഹസ്യ ധാരണയെന്ന് ഞാൻ പറയില്ല. എന്നാൽ, ബി.ജെ.പിക്ക് ചെയ്യപ്പെടാതെ പോയ വോട്ട് എൽ.ഡി.എഫിന് കിട്ടി എന്നതാണ് സത്യം.
കൊച്ചി മേയർ തുടരണോ എന്ന് പാർട്ടി തീരുമാനിക്കും
എറണാകുളത്ത് യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറയുന്നതിനുള്ള പ്രധാന കാരണം മഴയാണ്. മഴ പെയ്‌തതോടെ കഴിഞ്ഞ തവണ 72 ശതമാനമായിരുന്ന പോളിംഗ് ഇക്കുറി 58 ആയി കുറഞ്ഞു. മുപ്പതോളം ബൂത്തുകളിൽ മുപ്പത് ശതമാനത്തിന് താഴെയാണ് വോട്ട് പോൾ ചെയ്യപ്പെട്ടത്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മുട്ടറ്റം വരെ വെളളം കയറി. എഴുപത് ശതമാനം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. രാവിലെ വോട്ട് ചെയ്യാൻ എത്തിയവർവരെ മഴ കാരണം മടങ്ങിപ്പോയി. തിരഞ്ഞെടുപ്പ് കമ്മിഷൻ നിരുത്തരവാദിത്തപരമായ സമീപനമാണ് സ്വീകരിച്ചത്. വോട്ടെടുപ്പ് രണ്ട് മണിക്കൂർ നീട്ടിവയ്ക്കാൻ പോലും തയാറായില്ല. മഴ പെയ്‌ത് രൂപപ്പെട്ട വെള്ളക്കെട്ടിൽ നിന്ന് യു.ഡി.എഫ് ഭരിക്കുന്ന കൊച്ചി നഗരസഭയ്ക്ക് ഒളിച്ചോടാനാകില്ല. നഗരസഭയ്‌ക്കെതിരെ ജനങ്ങൾക്കിടയിൽ നെഗറ്റീവ് വികാരമുണ്ടായിരുന്നു. കൊച്ചിയിലെ റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. പൈപ്പ് സ്ഥാപിക്കുന്നതിനായാണ് കുഴി എടുത്തിരിക്കുന്നത് എന്നെല്ലാം തിരഞ്ഞെടുപ്പ് സമയത്ത് ഞങ്ങൾ ജനങ്ങളോട് പറഞ്ഞു. പക്ഷേ, നഗരസഭ പ്രതിക്കൂട്ടിലാണ്. സൗമിനി ജയിൻ മേയറായി തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടി നേതൃത്വമാണ്. അതിൽ ഉചിതമായ തീരുമാനം വൈകാതെ ഉണ്ടാകും.
എൽ.ഡി.എഫിന്റേത് മികച്ച സ്ഥാനാർത്ഥികൾ
ഉപതിരഞ്ഞെടുപ്പ് ഒരിക്കലും പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട് മുഴുവൻ യു.പി.എ സഖ്യത്തിനൊപ്പം നിന്നപ്പോൾ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ജനം വോട്ട് ചെയ്‌തത് എ.ഐ.എ.ഡി.എം.കെയ്ക്ക് ആണെന്നുളള കാര്യം ഓർക്കണം. സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചകൾ, തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് ഇവയെല്ലാം ഉപതിരഞ്ഞെടുപ്പ് ഫലത്തിലെ ഘടകങ്ങളാണ്. എൽ.ഡി.എഫിന്റേത് മികച്ച സ്ഥാനാർത്ഥി പട്ടികയായിരുന്നു. ചെറുപ്പക്കാരെ നിറുത്തിയത് അവർക്ക് വട്ടിയൂർക്കാവിലും കോന്നിയിലും നേട്ടമായി. ചെറുപ്പക്കാർക്കിടയിൽ അനുകൂലമായ വികാരം ഉണ്ടാക്കാൻ ഈ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് സാധിച്ചു.