തിരുവനന്തപുരം: സമുദായ സമവാക്യമെന്ന പരമ്പരാഗത ചിന്താഗതിയിൽ നിന്ന് വോട്ടർമാർ വ്യതിചലിക്കുന്നതിന്റെ ദൃഢസൂചനകൾ നൽകി യു.ഡി.എഫ് കോട്ടകളായ വട്ടിയൂർക്കാവും കോന്നിയും കൊയ്തെടുത്ത് ഇടതുമുന്നണി മേൽക്കെെജയം നേടിയപ്പോൾ, ഇടതു കുത്തകയായ അരൂർ മണ്ഡലം റാഞ്ചിയതിലൂടെ നൽകിയ തിരിച്ചടിയുമായി വലതുമുന്നണിയും കെെ പൊള്ളാതെ പിടിച്ചുനിന്നു. അഞ്ച് മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്-3, എൽ.ഡി.എഫ് -2 എന്നിങ്ങനെയാണ് സ്കോർ നിലയെങ്കിലും നേരത്തേ നടന്ന പാലാ കൂടി ചേർക്കുമ്പോൾ പിണറായി സർക്കാരിനുള്ള അംഗീകാരമായി മാറി പൊതുവെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ.
എറണാകുളവും മഞ്ചേശ്വരവും യു.ഡി.എഫ് നിലനിറുത്തിയെങ്കിലും എറണാകുളത്ത് ഭൂരിപക്ഷം കുത്തനെ കുറയ്ക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായ ബി.ജെ.പിക്കാകട്ടെ ഇത്തവണ കാര്യമായൊന്നും നേടാനായില്ല. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്തെത്തിയതും കോന്നിയിൽ നാല്പതിനായിരത്തിനടുത്ത് വോട്ട് നേടാനായതുമാണ് അവരുടെ ആശ്വാസം. കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ രണ്ടാമതെത്തിയ വട്ടിയൂർക്കാവിൽ ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
വട്ടിയൂർക്കാവിൽ തിരുവനന്തപുരം മേയർ വി.കെ. പ്രശാന്തും കോന്നിയിൽ കെ.യു. ജനീഷ് കുമാറും നേടിയ വിജയം സി.പി.എമ്മിന് നക്ഷത്ര തിളക്കമായപ്പോൾ ഷാനിമോൾ ഉസ്മാനിലൂടെ അരൂർ പിടിച്ചെടുത്തത് മുഖം ചുളുങ്ങാതെ നിൽക്കാൻ കോൺഗ്രസിനും ബലമേകി. കോന്നി 23 വർഷത്തിനു ശേഷമാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്. വട്ടിയൂർക്കാവ് എട്ടു വർഷത്തിനു ശേഷവും. 13 വർഷത്തിനു ശേഷമാണ് അരൂർ വലത്തേക്ക് ചാഞ്ഞത്. എറണാകുളത്ത് ടി.ജെ. വിനോദ് (കോൺഗ്രസ്), മഞ്ചേശ്വരത്ത് എം.സി. കമറുദ്ദീൻ (മുസ്ലിംലീഗ്) എന്നിവരും വിജയിച്ചു.
എറണാകുളത്ത് ഭൂരിപക്ഷം ഇടിഞ്ഞത് മഴ കാരണം പോളിംഗ് കുറഞ്ഞതുകൊണ്ടാണെന്ന് യു.ഡി.എഫ് പറയുന്നുണ്ടെങ്കിലും ലീഡ് നിലയിലെ കുറവിന് ഇതു ന്യായീകരണമാവില്ല. ഇടത് സ്വതന്ത്രനായിരുന്ന മനു റോയിയുടെ അപരൻ മനു 2572 വോട്ട് നേടിയതുകൂടി ചേർത്തുവായിക്കുമ്പോൾ എറണാകുളത്തേത് ആധികാരിക നേട്ടമല്ല. അരൂരിൽ ഫോട്ടോ ഫിനിഷിലാണ് ഇടതു സ്ഥാനാർത്ഥി മനു സി. പുളിക്കൽ പരാജയപ്പെട്ടത്. പാലാ ഉൾപ്പെടെ ഉപതിരഞ്ഞെടുപ്പ് നടന്ന ആറിൽ അഞ്ചും യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളായിരുന്നു. യു.ഡി.എഫിന് അതിൽ മൂന്നെണ്ണം നഷ്ടമായപ്പോൾ എൽ.ഡി.എഫിന്റെ ഒരെണ്ണം പിടിച്ചെടുക്കാനുമായി. ലോക്‌സഭയിലേക്ക് സിറ്റിംഗ് എം.എൽ.എമാരെ ഇറക്കി വിജയിപ്പിച്ചത് ഉപതിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ യു.ഡി.എഫിന് നഷ്ടക്കച്ചവടമായി. സാമുദായിക മുൻവിധികൾ, ശബരിമല പോലുള്ള വിശ്വാസ പ്രശ്നങ്ങൾ എന്നിവയ്ക്കപ്പുറം ഭരണം, അഴിമതി, വിശ്വാസ്യത, യുവത്വം, വികസനം തുടങ്ങിയ ഘടകങ്ങൾക്ക് മുൻതൂക്കം ലഭിച്ചു എന്നതാണ് ജനവിധി നൽകുന്ന പാഠം.