election

തിരുവനന്തപുരം: സസ്‌പെ‌ൻസ് നിറഞ്ഞ ത്രില്ലർ ക്ലൈമാക്സൊരുക്കിയ അഞ്ചു മണിക്കൂർ, അതായിരുന്നു ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നിമിഷങ്ങൾ. എല്ലായിടത്തെയും ആദ്യസൂചനകൾ ട്രെൻഡ് വ്യക്തമാക്കിയെങ്കിലും അരൂർ മാറിചിന്തിച്ചു. അവസാനംവരെ സസ്‌പെൻസ് നിലനിറുത്തിയ അരൂർ ഒടുവിൽ ഷാനിമാൾ ഉസ്മാനിലൂടെ യു.ഡി.എഫിലേക്ക് ചാഞ്ഞു.

എം. ലിജുവിനും ലതികാ സുഭാഷിനുമൊപ്പം വോട്ടെണ്ണൽ വീക്ഷിച്ച ഷാനിമോളുടെ മുഖത്ത് അവസാന നിമിഷം വരെയും പിരിമുറുക്കമായിരുന്നു. 11.40ന് കോടംതുരുത്ത് എണ്ണുമ്പോൾ ഷാനി 100 വോട്ടിന്റെ ലീഡുയർത്തി. ലീഡ് 1903ലേക്കുയർന്നപ്പോൾ പ്രവർത്തകർ ആഹ്ലാദം തുടങ്ങിയെങ്കിലും നേതാക്കളുടെ മുഖം തെളിഞ്ഞില്ല. എൽ.ഡി.എഫിന് സ്വാധീനമുള്ള തുറവൂർ, പള്ളിപ്പുറം പഞ്ചായത്തുകളാണ് എണ്ണാനുള്ളതെന്നറിഞ്ഞ്‌ നേതാക്കളുടെ മുഖം വലിഞ്ഞുമുറുകി, പ്രവ‌ർത്തകർ പ്രാർത്ഥനയിലായി.

ഷാനി 2010ലേക്ക് ലീഡുയർത്തിയപ്പോൾ യു.ഡി.എഫ് ക്യാമ്പിൽ ആഹ്ലാദാരവം. 11 റൗണ്ട് വോട്ടെണ്ണിക്കഴിഞ്ഞപ്പോഴും സസ്‌പെൻസ് തുടർന്നു. പള്ളിപ്പുറവും തുറവൂരും എണ്ണിത്തുടങ്ങിയപ്പോൾ 1392ലേക്ക് ലീഡ് കുറഞ്ഞു.

ഉച്ചയ്‌ക്ക് പന്ത്രണ്ടേകാലോടെ തുറവൂരിലെ 29 ബൂത്തുകളിലേക്കായി എല്ലാ കണ്ണുകളും. ആദ്യ 14 ബൂത്തുകൾ എണ്ണിയപ്പോൾ ലീഡ് 1536. ഷാനിയുടെ മുഖത്ത് പുഞ്ചിരിയും ആശങ്കയും. കണ്ണട ഊരി വിയർപ്പു തുടച്ച് ടി.വിയിലേക്ക് കണ്ണുനട്ടിരുന്നു. പ്രവർത്തകർ ആഹ്ലാദാരവം മുഴക്കിയെങ്കിലും ഷാനിമോൾ തടഞ്ഞു. സാങ്കേതിക പ്രശ്‌നം കാരണം മൂന്ന് യന്ത്രങ്ങൾ മാറ്റിവച്ചതോടെ വീണ്ടും സസ്‌പെൻസ്. പതിമ്മൂന്നാം റൗണ്ട് എണ്ണിത്തുടങ്ങിയപ്പോൾ ലീഡ് 1594. പിന്നീടിത് 1343 ആയി. 12.45ന് 184ൽ 180 ബൂത്തും എണ്ണിത്തീർന്നപ്പോൾ ലീഡ് 1876 ആയി. ഷാനിയുടെ വിജയമുറപ്പായി. 12.50ന് ലീഡ് രണ്ടായിരം കടന്നതോടെ ഷാനിമോൾക്ക് ലതികാ സുഭാഷിന്റെ സ്നേഹചുംബനം. ഒരു മണിവരെ കേരളത്തെ ആകാംക്ഷയിലാഴ്‌ത്തിയ അരൂർ അങ്കത്തിന്റെ ക്ലൈമാക്സിൽ ദൈവത്തോട് നന്ദി പറഞ്ഞ് ഷാനിമോൾ വിതുമ്പി.

ആദ്യ ലീഡെടുത്ത് 'മേയർ ബ്രോ"

എട്ടേകാലിന് സംസ്ഥാനത്തെ ആദ്യ ലീഡ് വട്ടിയൂർക്കാവിൽ വി.കെ. പ്രശാന്തിനായിരുന്നു. തപാൽ, സർവീസ് വോട്ടുകളിൽ അരൂരിൽ മനു സി. പുളിക്കൽ മുന്നിലെത്തിയെങ്കിലും പിന്നീട് ഷാനിമോൾ ഒപ്പമെത്തി. മഞ്ചേശ്വരത്ത് നിരീക്ഷകന്റെ ആവശ്യപ്രകാരം ആദ്യറൗണ്ടിലെ 11 ബൂത്തുകളിലെ വോട്ടുകൾ രണ്ടാമതും എണ്ണി. കോന്നിയിലെ പോസ്റ്റൽബാലറ്റ് എണ്ണിയപ്പോൾ മുന്നിലെത്തിയ യു.ഡി.എഫിന്റെ മോഹൻരാജാണ് ലീഡ് ആദ്യം നൂറുകടത്തിയത്. എറണാകുളത്ത് പോസ്റ്റൽ വോട്ടുകളെണ്ണിയപ്പോൾ എൻ.ഡി.എയുടെ സി.ജി. രാജഗോപാൽ മുന്നിലെത്തിയെങ്കിലും പിന്നീട് ചിത്രം മാറി. മഞ്ചേശ്വരത്ത് കമറുദ്ദീൻ ആദ്യറൗണ്ട് മുതൽ മേൽക്കൈ നിലനിറുത്തി. ആദ്യ ആയിരം ലീഡും കമറുദ്ദീനായിരുന്നു. കോന്നിയിൽ തുടക്കത്തിൽ എൽ.ഡി.എഫ് പിന്നിലായിരുന്നെങ്കിലും ഒമ്പതോടെ ലീഡുനേടി.

അട്ടിമറിയുടെ നിമിഷങ്ങൾ

ഒമ്പതേകാലോടെ വി.കെ. പ്രശാന്ത് ലീഡ് 1000 കടത്തി ചാനലുകൾക്ക് മുന്നിലെത്തി പ്രതികരിച്ചു. മേയറെ ഉയർത്തിക്കാട്ടി എൽ.ഡി.എഫ് നടത്തിയ മുന്നൊരുക്കങ്ങളുടെ ഫലമാണ് ട്രെൻഡെന്ന് പറഞ്ഞ് എതിർസ്ഥാനാർത്ഥി മോഹൻകുമാറും രംഗത്തെത്തിയതോടെ അട്ടിമറി മണത്തു. രാവിലെ 10ന് പ്രശാന്തിനെ തോളിലെടുത്ത് പ്രവർത്തകർ ആഹ്ലാദപ്രകടനം തുടങ്ങി. രണ്ടാം റൗണ്ടായപ്പോഴേക്കും കോൺഗ്രസിൽ വിഴുപ്പലക്കൽ തുടങ്ങി. അന്വേഷണം ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താനും പീതാംബരക്കുറുപ്പും രംഗത്തെത്തി. ഫോട്ടോഫിനിഷ് പ്രവചിച്ച വട്ടിയൂർക്കാവിൽ പ്രശാന്തിന്റെ തേരോട്ടമായിരുന്നു പിന്നീട്.

വിജയാരവം മുഴങ്ങുന്നു

ഒമ്പത് റൗണ്ടുകൾ കഴിഞ്ഞപ്പോൾ എറണാകുളത്ത് ടി.ജെ. വിനോദ് ജയമുറപ്പിച്ചു. 10.50ന് ആദ്യ ജയം വിനോദിനായിരുന്നു. 24 വർഷമായി കൊച്ചിയിൽ കൗൺസിലറായ വിനോദിന് നിയമസഭയിൽ പുതിയ ഇന്നിംഗ്സ്. മഞ്ചേശ്വരത്ത് കമറുദ്ദീന്റെ ആധികാരിക മുന്നേറ്റമായിരുന്നു. അതിനിടെ വി.കെ. പ്രശാന്തിന്റെ ലീഡ് പതിനായിരം കടന്നു. പ്രതീക്ഷിച്ച വിജയമെന്ന് പ്രശാന്ത് നിറചിരിയോടെ പറഞ്ഞു. കോന്നിയിലെ ഇടത് അട്ടിമറി കണ്ട് കേരളം അമ്പരന്നു.