road

കല്ലറ: വകുപ്പ് മന്ത്രി ഇടപെട്ടിട്ടും ഇഴഞ്ഞ് നീങ്ങി പാലോട് - കാരേറ്റ് റോഡ് പണി. റോഡ് പണി അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ കല്ലറയിൽ പ്രതിഷേധ പ്രകടനവും നടത്തി. എന്നിട്ടും പണി പഴയ സ്ഥിതിയിൽ തന്നെ. ഒച്ചിഴയും വേഗത്തിലാണ് ഇപ്പോൾ പണി മുന്നോട്ട് നീങ്ങുന്നത്.

കാലാവധിക്കുള്ളിൽ പണി പൂർത്തിയാക്കാതിരിയ്ക്കുന്നത് എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് പണം തട്ടാനാണെന്നും പി.ഡബ്ളിയു.ഡിയിലെ ചില ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് ഇതെല്ലാം നടക്കുന്നത് എന്നും നാട്ടുകാർ ആരോപിക്കുന്നു. റോഡിന്റെ നിർമ്മാണത്തിൽ വ്യാപക ക്രമക്കേട് നടക്കുന്നതായും ആരോപണമുണ്ട്. എസ്റ്രിമേറ്റിൽ ഉള്ളതുപോലെയല്ല ഇവിടെ ജോലികൾ നടക്കുന്നത്. പി ഡബ്ളിയു.ഡി ഏറ്റെടുത്ത് നൽകിയ സ്ഥലങ്ങൾ പോലും കാരാറുകാർ ഒഴിവാക്കുന്നു. റോഡിന്റെ വീതി എസ്റ്രിമേറ്റിൽ പറഞ്ഞിട്ടുള്ളതിനേക്കാൾ ഏറെ താഴെയാണ് എന്നിങ്ങനെ പോകുന്നു ആരോപണങ്ങൾ. അത്യാധുനിക രീതിയിൽ നിർമ്മിയ്ക്കുന്ന കാരേറ്റ് - പാലോട് റോഡിന്റെ രണ്ടാം ഘട്ട ജോലികളാണ് ഇങ്ങനെ നടക്കുന്നത്.കല്ലറ മരുതമൺ മുതൽ ഭരതന്നൂർ ആല വളവ് ജംഗഷൻ വരെയായിരുന്നു ഒന്നാം ഘട്ടം. ഏഴ് കോടിയായിരുന്നു ഇതിന്റെ അടങ്കൽ തുക. ഒന്നാം ഘട്ടത്തിലെ പോലെ 16 മീറ്റർ വീതിയിലാകും റോഡിന്റെ രണ്ടാം ഘട്ട നിർമ്മാണവും എന്നാണ് ആദ്യം അധികൃതർ പറഞ്ഞിരുന്നത്. റോഡിന്റെ നിർമ്മാണോദ്ഘാടം നടന്നിട്ട് രണ്ട് വർഷം പിന്നിട്ടിട്ടും നിർമ്മാണപ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. പല സ്ഥലങ്ങളിലും ജോലികൾ തുടങ്ങിയിട്ടില്ല. ഓടകളുടെ നി‌ർമ്മാണവും അപൂർണമാണ്. മഴ പെയ്തതോടെ നിർമ്മിച്ച ഓടകളിൽ പലതും ഇടിഞ്ഞ് താഴ്ന്നു.ഭരതന്നൂർ സ്കൂൾ ജംഗ്ഷൻ മുതൽ കരടിമുക്ക് വരെ പകുതി ഭാഗത്ത് മാത്രം ടാറിംഗ് നടന്നു. മറുഭാഗത്ത് മെറ്റൽ നിരത്തി മൂന്ന് മാസമായെങ്കിലും ടാറിംഗ് ആരംഭിച്ചിട്ടില്ല. മൈലമൂട് കഴിഞ്ഞാൽ സുമതിയെ കൊന്ന വളവ് വരെ മെറ്റൽ മാത്രം നിരത്തി. അത് കഴിഞ്ഞാൽ പാലോട് വരെയുള്ള നിർമ്മാണം ഇനിയും ആരംഭിച്ചിട്ടില്ല. മൂന്ന് കോടി മുടക്കി നിർമ്മിച്ച കല്ലറ ശരവണ ജംഗ്ഷൻ മുതൽ ഭരതന്നൂർ ആലവളവ് വരെയുള്ള ഒന്നാം ഘട്ട ജോലികളും അപൂർണമാണ്.റോഡ് ഉടൻ പൂർത്തിയാക്കണമെന്നാണ് സമരസമിതി ആവശ്യപ്പെടുന്നത്.