kovalam

കോവളം: റോഡ് ഇടി‌‌ഞ്ഞുതാണതിനെ തുടർന്ന് പാറപ്പൊടി കയറ്റിവന്ന ലോറി വീടിന്റെ മതിലും തകർത്ത് തലകീഴായി മറിഞ്ഞു. കോവളം ആഴാകുളം - മുട്ടയ്ക്കാട് റോഡിൽ ഇന്നലെ പുലർച്ചെ 1.30ഓടെയായിരുന്നു അപകടം. നാഗർകോവിൽ രാധാപുരത്ത് നിന്ന് ആഴാകുളത്തെ സ്വകാര്യ ഉടമയുടെ പാറപ്പൊടി ചില്ലറ വിതരണ കേന്ദ്രത്തിലേക്ക് വന്ന ടാർസൻ ലോറിയാണ് മറിഞ്ഞത്. വിതരണ കേന്ദ്രത്തിന് 100 മീറ്റർ മുമ്പ് ദീപാ കല്യാണമണ്ഡപത്തിന് സമീപമാണ് അപകടമുണ്ടായത്. ഭാരം കൂടിയത് കാരണം റോഡ് ഇടിഞ്ഞ് താഴുകയും ലോറി വൃന്ദാവനത്തിൽ റിട്ട. ലോട്ടറി ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ ഉണ്ണിക്കൃഷ്ണൻ നായരുടെ വീടിന്റെ മതിൽക്കെട്ടും തകർത്ത് കുഴിയിലേക്ക് മറിയുകയുമായിരുന്നു. അപകടത്തിൽ സമീപത്തെ കിണറിന്റെ കൈവരികൾക്കും കേടുപാടുണ്ട്. ഡ്രൈവർ വണ്ടിയിൽ നിന്നു ചാടിയതിനാൽ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. വിഴിഞ്ഞം ഫയർഫോഴ്‌സ് യൂണിറ്റ് ഉദ്യോഗസ്ഥർ, കോവളം പൊലീസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.