തിരുവനന്തപുരം: ആരുടെയെങ്കിലും മുണ്ടിന്റെ കോന്തലയ്‌ക്ക് കെട്ടിയിടാവുന്നവരല്ല ജനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അവർക്ക് സ്വതന്ത്രമായി ചിന്തിക്കാനും തീരുമാനമെടുക്കാനുമുള്ള കഴിവുണ്ട്. ഏതെങ്കിലും ശക്തികൾക്ക് അതിനെ തടയാനാകില്ല. മതനിരപേക്ഷതയുടെ കരുത്താണ് തിരഞ്ഞെടുപ്പിൽ തെളിഞ്ഞത്.
എൻ.എസ്.എസിന്റെ ശരിദൂരത്തിനുള്ള തിരിച്ചടിയാണോ തിരഞ്ഞെടുപ്പ് ഫലമെന്ന ചോദ്യത്തിന്, തുടക്കം മുതൽ അത്തരം കാര്യങ്ങളെ ഞങ്ങൾ ഗൗരവമായി കണ്ടിരുന്നില്ലെന്നായിരുന്നു മറുപടി. അനുഭവങ്ങൾ പഠിപ്പിക്കട്ടെ. പഴയതുപോലൊന്നും താൻ പറയുന്നില്ലെന്നും പിണറായി കൂട്ടിച്ചേർത്തു. ജാതി, മത സങ്കുചിത ശക്തികൾക്ക് വേരോട്ടമില്ലെന്ന് വ്യക്തമായി. 2016 ൽ അധികാരത്തിൽ വരുമ്പോൾ 91 എം.എൽ.എമാരാണ് എൽ.ഡി.എഫിനുണ്ടായിരുന്നത്. 2019 ൽ അത് 93 ആയി. എൽ.ഡി.എഫിന്റെ ജനകീയ പിന്തുണയും അടിത്തറയും കൂടുതൽ മെച്ചപ്പെട്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇടതുപക്ഷത്തിന് വോട്ട് വർദ്ധിച്ചു. സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള ഉറച്ച പിന്തുണയായാണ് ഇതിനെ കാണുന്നത്.
വട്ടിയൂർക്കാവിലെ വി.കെ. പ്രശാന്തിന്റെ വിജയം സംസ്ഥാന രാഷ്ട്രീയത്തിന്റെ ദിശാ സൂചകമായി കാണാം. യുവജനങ്ങളുടെ ഇടപെടൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ബി.ജെ.പിയുടെ വർഗീയ അജൻഡ ജനം തള്ളിക്കളഞ്ഞു. വട്ടിയൂർക്കാവും കോന്നിയും പിടിക്കുമെന്ന് വീരവാദം മുഴക്കിയ അവർക്ക് ഒരു ത്രികോണ മത്സരം പോലും കാഴ്ചവയ്‌ക്കാനായില്ല. നവകേരള നിർമ്മിതിക്ക് സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് ആവേശകരമായ കരുത്ത് പകരുന്നതാണ് ജനവിധി. ഈ ഫലം യു.ഡി.എഫിനെ ശിഥിലീകരിക്കും. എൽ.ഡി.എഫിന് നല്ല വിജയം നൽകിയ വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നു. അരൂരിലെ തേൽവിയെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്നും പിണറായി വ്യക്തമാക്കി.
ബി.ജെ.പിയുടെ ഏകകക്ഷി മോഹം പോളിയുന്നു
അഖിലേന്ത്യാ രാഷ്ട്രീയത്തിൽ ബി.ജെ.പിയുടെ അവകാശവാദങ്ങൾക്ക് തിരിച്ചടിയാണ് നേരിട്ടതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബി.ജെ.പിയുടെ ഏക കക്ഷിമോഹം പൊലിയുകയാണ്. മഹാരാഷ്ട്രയിൽ കിട്ടിയ ഭരണത്തുടർച്ചയാണ് അവർക്ക് ലഭിച്ച ഏക ആശ്വാസം.