പോത്തൻകോട്: സമീപത്തെ തരിശ് പുരയിടം താത്കാലിക കൃഷിയിടമാക്കി കുട്ടികൾ നടത്തിയ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവ്. പോത്തൻകോട് ഗവ. യു.പി സ്‌കൂളിലെ വിദ്യാർത്ഥികളാണ് സ്‌കൂളിലെ കാർഷിക ക്ലബിന്റെ സഹകരണത്തോടെ കൃഷിറക്കിയത്. പയറും വെണ്ടയ്ക്കയും കത്തിരിക്കയുമുൾപ്പെടെ വിവിധയിനം പച്ചക്കറികളാണ് ഇവരുടെ കൃഷിയിടത്തിലുള്ളത്. സ്‌കൂളിലെ പ്രഥമാദ്ധ്യാപകൻ എം. സലാഹുദ്ദീന്റെ നേതൃത്വത്തിൽ അദ്ധ്യാപകരായ അനീഷ് കുമാർ, സന്ധ്യാറാണി, ഓഫീസ് അസിസ്റ്റന്റ് പത്മകുമാർ എന്നിവരും കുട്ടികൾക്ക് സഹായവുമായി ഒപ്പമുണ്ടായിരുന്നു. സ്‌കൂൾ പി.ടി.എ, സ്‌കൂൾ വികസന സമിതി, മാതൃ പി.ടി.എ, അംഗങ്ങളും മറ്റ് അദ്ധ്യാപകരും കുട്ടികൾക്കൊപ്പം ചേർന്നതോടെ കൂടുതൽ പ്രദേശങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവർ. കഴിഞ്ഞ ദിവസം നടന്ന വിളവെടുപ്പുത്സവത്തിൽ സ്‌കൂൾ എച്ച്.എമ്മിനെ കൂടാതെ പി.ടി.എ പ്രസിഡന്റ് എ.എസ്. ഷംനാദ്, അദ്ധ്യാപകരായ സുരേഷ് കുമാർ, പി.ടി.എ എക്‌സ‌ിക്യൂട്ടീവ് അംഗം പോത്തൻകോട് ബാബു, എസ്.എം.സി അംഗം ഇർഷാദ് തുടങ്ങിയവർ സംസാരിച്ചു.