തിരുവനന്തപുരം: വട്ടിയൂർക്കാവിൽ സി.പി.എമ്മും ബി.ജെ.പിയും വോട്ടുകച്ചവടം നടത്തിയത് പകൽവെളിച്ചം പോലെ പരമാർത്ഥമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വോട്ടുകച്ചവടത്തെക്കുറിച്ച് തുടക്കം മുതൽ തങ്ങൾ പറഞ്ഞതാണ്. ഇത് അടിവരയിടുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.
വട്ടിയൂർക്കാവിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി 14,465 വോട്ടിന് വിജയിച്ചപ്പോൾ ബി.ജെ.പി സ്ഥാനാർത്ഥിക്ക് 2016ൽ ലഭിച്ച വോട്ട് ഷെയറിൽ നിന്നു 16,247 വോട്ടിന്റെ കുറവ് വന്നിട്ടുണ്ട്. ഈ വോട്ട് എങ്ങോട്ടാണ് പോയതെന്ന് വിശദീകരിക്കാൻ സി.പി.എമ്മും ബി.ജെ.പിയും തയ്യാറാകണം. എൽ.ഡി.എഫിന് അഭിമാനിക്കാൻ ഒന്നുമില്ല. അരൂർ മണ്ഡലത്തിൽ ഷാനിമോൾ ഉസ്മാൻ നേടിയത് ചരിത്രവിജയമാണ്. ഉപതിരഞ്ഞെടുപ്പിൽ ചില പാഠങ്ങൾ പഠിക്കാൻ യു.ഡി.എഫിന് കഴിഞ്ഞു. 27ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതി തിരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിക്കും. പിന്തുണച്ച എല്ലാ ജനങ്ങളെയും നന്ദി അറിയിക്കുന്നതായും മുല്ലപ്പള്ളി പറഞ്ഞു.