വെള്ളറട: കെ.എസ്.ആർ.ടി.സി വെള്ളറട ഡിപ്പോയിൽ നിന്നും കാട്ടാക്കട തിരുവന്തപുരം മെഡിക്കൽകോളേജ് ചെയിൻ സർവീസുകൾ ആരംഭിച്ചു. 11 ബസുകളാണ് ഇതിനുവേണ്ടി വിനിയോഗിക്കുന്നത്. 20 മിനിറ്റ് ഇടവിട്ട് ഫാസ്റ്റ് പാസഞ്ചർ വെള്ളറടയിൽ നിന്നും തിരിക്കും. പുലർച്ചെ 4 മുതൽ സർവീസുകൾ ആരംഭിക്കുക. സർവീസുകളുടെ ഉദ്ഘാടനം ഡിപ്പോയിൽ ചേർന്ന യോഗത്തിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. എ.ടി.ഒ ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. കൺട്രോളിംഗ് ഇൻസ്പെക്ടർ വിജയരാജ്, ട്രേഡ് യൂണിയണ നേതാക്കളായ സുധീർ, സനൽകുമാർ, പ്രഭാത്, തുടങ്ങിയവർ സംസാരിച്ചു. ഇനി മുതൽ വെള്ളറടയിൽ നിന്നും കാട്ടാക്കടവഴി തിരുവന്തപുരം സർവീസ് നടത്തിയിരുന്ന ഓർഡിനറി ബസുകൾ കാട്ടാക്കടവരെ മാത്രമേ സർവീസ് നടത്തുകയുള്ളു. ഈ ബസുകളുടെ സേവനം ഇടറൂട്ടുകളിൽ ലഭ്യമാക്കാനാണ് തീരുമാനമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.