election-

തിരുവനന്തപുരം: അരൂരിൽ യു.ഡി.എഫ് നേടിയ തിളക്കമാർന്ന ജയത്തെ മറച്ചുവച്ച് വട്ടിയൂർക്കാവിലേയും കോന്നിയിലേയും മാത്രം തിരഞ്ഞെടുപ്പ് അവലോകനം നടത്തുന്ന മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പാപ്പരത്തം കേരള ജനത തിരിച്ചറിയുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി.പറഞ്ഞു.

ഷാനിമോൾ ഉസ്മാൻ നേടിയ വിജയം സി.പി.എമ്മിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. സി.പി.എമ്മിന് ഏറ്റ കനത്ത പ്രഹരമാണ് അരൂരിലെ തോൽവി. മഞ്ചേശ്വരത്ത് മുന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും മുഖ്യമന്ത്രി സൗകര്യപൂർവ്വം വിസ്മരിക്കുന്നു. ചെറിയ വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി മഞ്ചേശ്വരത്ത് വിജയിച്ചതെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ മുഖ്യമന്ത്രിയും സി.പി.എമ്മും തയ്യാറാകുന്നില്ല.കനത്ത മഴയെ തുടർന്ന് പോളിംഗ് ശതമാനത്തിൽ വൻ ഇടിവ് വന്നിട്ടും എറണാകുളത്ത് യു.ഡി.എഫ് നേടിയ വിജയത്തെ വിലകുറച്ച് കാണിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഭരണസ്വാധീനം ഉപയോഗിച്ച് തിരഞ്ഞടുപ്പ് അട്ടിമറിക്കാൻ സി.പി.എം ശ്രമിച്ചിട്ടും മൂന്ന് മണ്ഡലങ്ങളിൽ യു.ഡി.എഫിന് ജയിക്കാൻ സാധിച്ചത് ചെറിയകാര്യമല്ലെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.