വിഴിഞ്ഞം: രാജ്യാന്തര തുറമുഖത്തിന് ആവശ്യമായ കരിങ്കല്ല് എത്തിച്ച് പുലിമുട്ട് നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തുറമുഖ കമ്പനിക്ക് നിർദ്ദേശം നൽകി. ഇന്നലെ പദ്ധതി പ്രദേശത്തെത്തിയ മന്ത്രി പുലിമുട്ട് , ബെർത്ത് എന്നിവയുടെ നിർമ്മാണ പുരോഗതി വിലയിരുത്തിയ ശേഷം കോവളം ഗസ്റ്റ് ഹൗസിൽ അദാനി കമ്പനി പ്രതിനിധികളുമായി നടത്തിയ അവലോകന യോഗത്തിലാണ് നിർദ്ദേശം നൽകിയത്.
ആർ.എം യൂണിറ്റ്, വർക്ക് ഷോപ്പ്, പോർട്ട് ഓഫീസ്, ബാക്ക് - അപ്പ് യാർഡ്, കണ്ടെയ്‌നറുകൾ ചാർജ് ചെയ്യേണ്ട യാർഡ് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളും തുറമുഖ മന്ത്രി വിലയിരുത്തി. തുറമുഖ സെക്രട്ടറി സഞ്ജയ് കൗൾ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എം.ഡി ഡോ. ജയകുമാർ, അദാനി തുറമുഖ കമ്പനി സി.ഇ. ഒ രാജേഷ് ഝാ, കോർപ്പറേറ്റ് മേധാവി സുശീൽ നായർ, എ.ജി.എം പ്രോജക്ട് മനോരഞ്ജൻ ത്രിപാഠി, സൈറ്റ് പ്രോജക്ട് ഹെഡ് കേത്തൻ, കോർപ്പറേറ്റ് അഫയേഴ്സ് സീനിയർ എക്സിക്യുട്ടീവ് സുധീഷ് , ജ്യോതി മഹാപത്ര, സുരക്ഷാ മേധാവി ലഫ്. കേണൽ രാകേഷ് കൃഷ്ണൻ തുടങ്ങിയവരും മന്ത്രിക്കൊപ്പം എത്തിയിരുന്നു.
രാജ്യാന്തര തുറമുഖ നിർമാണ സ്ഥലത്തെ ആദ്യഘട്ട നിർമാണത്തിനും രൂപകല്പനയ്ക്കും നാലു വർഷമാണ് സമയപരിധി. ഇതു കഴിഞ്ഞാൽ മൂന്നു മാസംവരെ പിഴയില്ലാതെ പണി തുടരാം. അതിനു ശേഷം ആദ്യഘട്ട നിർമ്മാണം തുടർന്നാൽ പിഴ ചുമത്താൻ വകുപ്പുണ്ടെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞു. കാലാവധി നീട്ടി നൽകണമെന്ന് തുറമുഖ നിർമാണ കമ്പനി സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ മന്ത്രി നിർദ്ദേശിക്കുകയായിരുന്നു.