തിരുവനന്തപുരം: കോന്നിയിലെയും വട്ടിയൂർക്കാവിലെയും യു.ഡി.എഫിന്റെ പരാജയം വൻ തിരിച്ചടിയാണെന്ന് വി.എം. സുധീരൻ പറഞ്ഞു. വസ്‌തുനിഷ്ഠമായ പരിശോധന ഇക്കാര്യത്തിൽ നടത്തണം. അണികളെയും ജനങ്ങളെയും ബോദ്ധ്യപ്പെടുത്തുന്ന ഫലപ്രദമായ തുടർനടപടികൾ വേണം. പ്രവർത്തനരീതിയിലും സമീപനങ്ങളിലും സർവതലത്തിലും അടിമുടി മാറ്റമുണ്ടായാലേ തദ്ദേശഭരണ- നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കും മുന്നണിക്കും വിജയകരമായി മുന്നോട്ടു പോകാനാവൂ.
ബി.ജെ.പിയും സി.പി.എമ്മും അധികാര ദുർവിനിയോഗം നടത്തിയും പണമൊഴുക്കിയും നടത്തിയ പ്രചാരണ പ്രവർത്തനങ്ങളെ അതിജീവിച്ച് മൂന്ന് സീറ്റിൽ യു.ഡി.എഫ് വിജയിച്ചത് രാഷ്ട്രീയനേട്ടമാണ്. അരൂരിൽ നല്ല നിലയിൽ ഷാനിമോൾ ഉസ്മാന് വിജയിക്കാനായതും അഭിമാനകരമാണ്. ദേശീയതലത്തിലുണ്ടായ തിരഞ്ഞെടുപ്പ് ഫലങ്ങൾ കോൺഗ്രസിന്റെ പ്രാധാന്യവും പ്രസക്തിയും വർദ്ധിപ്പിച്ചിരിക്കുകയാണെന്നും സുധീരൻ പറഞ്ഞു.