kodiyeri-balakrishnan

തിരുവനന്തപുരം: ജാതിമത സംഘടനകളുടെ രാഷ്ട്രീയ ഇടപെടലിനെതിരെയുള്ള ജനവിധിയാണ് ഉപതിരഞ്ഞെടുപ്പിലേതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. വട്ടിയൂർക്കാവിലും കോന്നിയിലും എൽ.ഡി.എഫ് വൻ വിജയം നേടി. പാലാ ഉൾപ്പെടെ അഞ്ച് മണ്ഡലങ്ങളിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭൂരിപക്ഷം നേടിയതാണ്. അതിൽ മൂന്നിടത്താണ് എൽ.ഡി.എഫ് വിജയിച്ചത്. അരൂരിലെ പരാജയത്തിന്റെ വിശദാംശങ്ങൾ പാർട്ടി പരിശോധിക്കുമെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറ‍ഞ്ഞു.

വട്ടിയൂർക്കാവിലും കോന്നിയിലും എൻ.എസ്.എസ് നേതൃത്വം സാമുദായിക ധ്രുവീകരണത്തിനാണ് ശ്രമിച്ചത്. അത് ജനങ്ങൾ തള്ളി. സമുദായ സംഘടനകളോട് എതിർപ്പില്ല. എന്നാൽ,​ ഏതെങ്കിലും സമുദായ സംഘടനയുടെ നേതാക്കൾ പറയുന്നത് പോലെയല്ല അംഗങ്ങൾ ചിന്തിക്കുന്നതെന്ന് തെളിഞ്ഞു. ചില രാഷ്ട്രീയ പാർട്ടികളും കരുതിയത് സമുദായ സംഘടനകളെ കൂടെ നിറുത്തിയാൽ എന്തും സാദ്ധ്യമാണെന്നാണ്. എന്നാൽ അവരുടെ കണക്കുകൂട്ടലുകൾ തെറ്റി.


ജനക്ഷേമ സർക്കാരിനുള്ള അംഗീകാരമാണ് ഈ വിധി. വികസന പദ്ധതികൾക്കെതിരെ പ്രതിപക്ഷം സ്വീകരിക്കുന്ന നശീകരണ സമീപനങ്ങളോടുള്ള പ്രതികരണമാണ് കണ്ടത്. വിന്ധ്യനിപ്പുറം ആർ.എസ്.എസിനൊരു ഭരണം സാദ്ധ്യമല്ലെന്ന് കേരളം വീണ്ടും പ്രഖ്യാപിച്ചു. മഞ്ചേശ്വരം ഒഴികെ മറ്റെല്ലാ മണ്ഡലത്തിലും അവർക്ക് വോട്ടു കുറഞ്ഞു. മഞ്ചേശ്വരത്ത് ലീഗും ആർ.എസ്.എസും മതധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. ഇതിനെ തോല്പിക്കാനുള്ള കരുത്ത് നേടേണ്ടതുണ്ട്. എൽ.ഡി.എഫിന്റെ ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്ന ജനവിധിയാണിത്. കൂടുതൽ ജനക്ഷേമ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകും.