കല്ലമ്പലം: വർഷങ്ങളായി അടച്ചിട്ടിരിക്കുന്ന ഞാറയ്ക്കാട്ട് വിള നെല്ല് കുത്ത് വ്യവസായ കേന്ദ്രത്തിലെ ലക്ഷങ്ങൾ വില മതിക്കുന്ന യന്ത്രസാമഗ്രികൾ നശിക്കുന്നതിൽ പ്രതിഷേധിച്ച് കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി റീത്ത് സമർപ്പിച്ചു. കരവാരം ഗ്രാമപഞ്ചായത്തിൽ 2005 ലാണ് അന്നത്തെ പഞ്ചായത്ത് ഭരണസമിതിയുടെ ശ്രമഫലമായി ഈ വ്യവസായ കേന്ദ്രം ആരംഭിച്ചത്. എന്നാൽ തുടർന്ന് വന്ന അധികാരികൾ ഇതിനെ അവഗണിക്കുകയായിരുന്നു. കർഷകർക്കായി വിവിധ പദ്ധതികളും ഫണ്ടുകളും ഗ്രാമപഞ്ചായത്തിൽ ഉള്ളപ്പോഴാണ് ഈ അവഗണന. വിവിധ പാടശേഖര സമിതികളുടെ കീഴിൽ വരുന്ന നൂറു കണക്കിന് നെൽകർഷകർ പ്രധാനമായും ആശ്രയിച്ചിരുന്നത് ഈ കേന്ദ്രത്തെയാണ്. കേന്ദ്രം പുനർനിർമ്മിച്ച് കർഷകർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ നടപടികൾ സ്വീകരിക്കണമെന്ന് മണ്ഡലം പ്രസിഡന്റ് എം.കെ. ജ്യോതിയും തോട്ടക്കാട് മണ്ഡലം പ്രസിഡന്റ് നിസാം തോട്ടക്കാടും ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡി. ബേബി കുമാർ, ഇല്യാസ്, ജുനൈന കോൺഗ്രസ് പ്രവർത്തകരായ ജാബിർ, നസീർ സന്തോഷ്, നിസാം, റാഫി, മുബാറക്ക്, സബീർ തുടങ്ങിയവർ പങ്കെടുത്തു.