നെടുമങ്ങാട്: സായാഹ്നങ്ങളെ നടന ബോധത്തിന്റെ ആസ്വാദനത്തിലേയ്ക്ക് തിരികെ എത്തിച്ച് നാടക കലാകാരന്മാരുടെ കൂടിച്ചേരൽ നെടുമങ്ങാടിന് പുതിയ കാഴ്ചയും അനുഭവവുമായി മാറുന്നു. നാടകം സ്വപ്നം കണ്ട് കഴിയുന്ന ഗ്രാമീണ എഴുത്തുകാർക്കും അരങ്ങിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള മോഹം ഉള്ളിലൊതുക്കി കഴിയുന്നവർക്കും പ്രതീക്ഷ പകരുന്നതാണ് ഈ കൂടിച്ചേരൽ. ടൗൺ എൽ.പി.എസ് കേന്ദ്രമായി പ്രവർത്തനം ആരംഭിച്ച 'നാടക്" എന്ന സംഘടനയുടെ നേതൃത്വത്തിലാണ് നീണ്ട ഇടവേളയ്ക്ക് ശേഷം നഗരത്തിൽ അഭിനയ പരിശീലനത്തിനായി തിരശീല ഉയർന്നത്. ജീവിതാനുഭവങ്ങൾ പകർന്നേകിയ പാഠങ്ങൾ അരങ്ങിൽ അവതരിപ്പിച്ച് ഇവിടെ കൈയടി നേടുന്നത് നിരവധി പ്രതിഭകളാണ്. വ്യത്യസ്ത മേഖലകളിൽ കഴിയുന്നവരും വിദ്യാർത്ഥികളും ഉൾപ്പടെ 'നാടകി"ന്റെ അരങ്ങിൽ കഥാപാത്രങ്ങളായി മാറുന്നുവെന്നതാണ് സവിശേഷത. നാല് വർഷമായി സംസ്ഥാന തലത്തിൽ പ്രവർത്തിച്ചു വരുന്ന സംഘടനയാണ് നാടക്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാടകിന്റെ പരിശീലന കളരികൾ നടന്നു വരുന്നുണ്ട്. കെ.പി.എ.സിയിലെ അഭിനേതാവ് എ.കെ. സുജിത്തും സലീം അഞ്ചലുമാണ് ചരടു പിടിക്കുന്നത്. പ്രൊഫഷണൽ, അമച്ച്വർ ടീമുകളിലെ പ്രമുഖ കലാകാരന്മാർ ക്യാമ്പുകളിൽ പങ്കെടുക്കുന്നു.