തിരുവനന്തപുരം: സിനിമ - സാംസ്കാരിക - രാഷ്ട്രീയ മേഖലയിലെ പ്രമുഖർ നിത്യസന്ദർശകരായിരുന്ന, മണക്കാട് ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന, കേരള ഗാമ മണക്കാട് നാരായണപിള്ളയുടെ ഫയൽവാൻ ടീ ഷോപ്പിന് പ്രേംനസീർ സുഹൃദ് സമിതിയുടെ ആഭിമുഖ്യത്തിൽ ആദരമൊരുക്കുന്നു. നാളെ​ രാവിലെ 10.30ന് തൈക്കാട് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നെഹ്‌റു യുവകേന്ദ്രയുമായി സഹകരിച്ച് നടത്തുന്ന പരിപാടിയിൽ മണക്കാട് നാരായണപിള്ളയുടെ മകൻ അശോക് കുമാറിനെ ആദരിക്കും. സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷനാകും. കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി അയിലം ഉണ്ണിക്കൃഷ്ണൻ ഉപഹാരസമർപ്പണവും ഭൂവിനിയോഗ കമ്മിഷണർ എ.നിസാമുദ്ദീൻ പ്രശസ്തിപത്രവും സമർപ്പിക്കും. നെഹ്‌റു യുവകേന്ദ്ര ജില്ലാ കോ ഓർഡിനേറ്റർ കെ.ഹരിലാൽ അശോക് കുമാറിനെ പൊന്നാടയണിയിക്കുമെന്ന് സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ അറിയിച്ചു. തുടർന്ന് സേവ് വാട്ടർ സേവ് ലൈഫ് എന്ന സെമിനാർ നടക്കും. യുവജനക്ഷേമ ബോർഡ് അംഗം സന്തോഷ് കാല,​​ സബീർ തിരുമല,​ ഡോ.ഗീതാ ഷാനവാസ്,​ അനൂപ്,​ മിഥുൻ പങ്കജ്,​ സി.ബി.ബാലചന്ദ്രൻ എന്നിവർ പങ്കെടുക്കും. 1950 ൽ ആരംഭിച്ച ഈ ടീഷോപ്പ് റോഡ് വീതി കൂട്ടിയതിനെ തുടർന്ന് 1971ൽ പ്രവർത്തനം നിറുത്തുകയായിരുന്നു.