local-self-govermen

തിരുവനന്തപുരം: സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധം ജാതി, സമുദായ ചർച്ചകൾ കൊടുമ്പിരിക്കൊണ്ട അന്തരീക്ഷമായിരുന്നു ഈ ഉപതിരഞ്ഞെടുപ്പിന്. അസ്വസ്ഥജനകമായ ഈ അന്തരീക്ഷത്തെ കേരളീയ പൊതുബോധം തള്ളിപ്പറഞ്ഞിരിക്കുന്നു എന്നതാണ് ഉപതിരഞ്ഞെടുപ്പുഫലത്തെ ശ്രദ്ധേയമാക്കുന്നത്.

സാമുദായികസംഘടനകളെ ഏറിയും കുറഞ്ഞും പ്രീണിപ്പിക്കുന്ന രാഷ്ട്രീയനേതൃത്വങ്ങളെക്കാൾ ഉയർന്നുചിന്തിക്കുന്നവരാണ് പൊതുജനമെന്ന് ബോദ്ധ്യപ്പെടുത്തിയ ഫലമാണ് കണ്ടത്. ശരിദൂരം പ്രഖ്യാപിച്ച എൻ.എസ്.എസ് വട്ടിയൂർക്കാവിൽ യു.ഡി.എഫിനായി പരസ്യമായി ഇറങ്ങിയതും കോന്നിയും വട്ടിയൂർക്കാവും അവർ അഭിമാനപ്രശ്നമായെടുത്തതും അതിനെതിരെ എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി രൂക്ഷ വിമർശനമുയർത്തിയതും സഭാതർക്കത്തിന്റെ പേരിൽ ഓർത്തഡോക്സ് സഭയിലെ ഒരുവിഭാഗം വൈദികർ ബി.ജെ.പിക്ക് കോന്നിയിൽ പിന്തുണ പ്രഖ്യാപിച്ചതുമെല്ലാം ഈ തിരഞ്ഞെടുപ്പിൽ കണ്ടു.

എൽ.ഡി.എഫ്

ലോക്‌സഭാ തിരഞ്ഞെടുപ്പിലെന്ന പോലെ ശബരിമല യുവതീപ്രവേശന വിവാദം പ്രചാരണായുധമാക്കാൻ യു.ഡി.എഫും ഒരു പരിധി വരെ ബി.ജെ.പിയും ശ്രമിച്ചിട്ടും ജനം അത് വകവച്ചുകൊടുത്തില്ല. വട്ടിയൂർക്കാവിലെയും കോന്നിയിലെയും ഇടത് വിജയം നൽകുന്ന പാഠം അതാണ്. പാലായിലും ഈ നീക്കത്തെ ജനം തള്ളിയതായിരുന്നു. പാലായിലേത് കേരള കോൺഗ്രസിലെ ആഭ്യന്തരതർക്കം സൃഷ്ടിച്ച സവിശേഷസാഹചര്യമായിരുന്നുവെന്ന് പറഞ്ഞ് ഇടതുവിജയത്തെ ലഘൂകരിക്കാൻ ശ്രമിച്ച യു.ഡി.എഫ് നേതൃത്വത്തെ ഉത്തരം മുട്ടിക്കുന്നതാണ് ഇപ്പോഴത്തെ ഇടതുവിജയങ്ങൾ. 2016ൽ 91 സീറ്റോടെ അധികാരത്തിലെത്തിയ മുന്നണിക്ക് ഉപതിരഞ്ഞെടുപ്പുകൾ പിന്നിടുമ്പോൾ അത് 93 ആകുന്നു. ലോക്‌സഭാതിരഞ്ഞെടുപ്പിലേത് പ്രത്യേക സാഹചര്യമെന്ന് ആവർത്തിക്കുന്ന ഇടതു നേതൃത്വത്തിന് ആ വാദത്തെ ബലപ്പെടുത്താനും ഇതുപകരിക്കും.

സിറ്റിംഗ് സീറ്റായ അരൂർ കൈവിടേണ്ടി വന്നത് പക്ഷേ, മുന്നണിയെ പ്രത്യേകിച്ച് സി.പി.എം നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്. അരൂരിലേത് യാദൃച്ഛികമായി സി.പി.എം കാണുന്നില്ല. പാർട്ടി ശക്തികേന്ദ്രങ്ങളിലടക്കം ഉണ്ടായ അടിയൊഴുക്കുകളെ ഗൗരവമായെടുക്കുന്നു. തോൽവി പരിശോധിക്കുമെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കിയത്, സംഘടനാനടപടികളിലേക്കുവരെ കാര്യങ്ങൾ നീങ്ങുമെന്ന സൂചന നൽകുന്നുണ്ട്.

വട്ടിയൂർക്കാവിൽ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നിലേക്ക് പോയ സി.പി.എം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. അരൂരിലും സാമുദായികപരിഗണന മാനദണ്ഡമാക്കിയില്ലെന്ന് നേതൃത്വം പറയുന്നുണ്ട്. സ്ഥാനാർത്ഥികളിൽ നാല് പേരും യുവാക്കൾ. മഞ്ചേശ്വരത്ത് യക്ഷഗാന കലാകാരൻ കൂടിയായ എം. ശങ്കർറൈ കിട്ടാവുന്നതിൽ മികച്ച സ്ഥാനാർത്ഥിയെന്ന് സി.പി.എം നേതൃത്വം പറയുമ്പോഴും, തുടർച്ചയായി അവിടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുന്നത് അവരെ ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്.

യു.ഡി.എഫ്

ലോക്‌സഭ ഫലത്തോടെ അടുത്ത തവണ സംസ്ഥാനത്ത് അധികാരമുറപ്പിച്ചുവെന്ന് വിശ്വസിച്ചുനിന്ന യു.ഡി.എഫിന്റെ ഉറക്കം കെടുത്തുന്നതാണ് ഉപതിര‌ഞ്ഞെടുപ്പുവിധി. സാമുദായികസംഘടനകളെ അമിതമായി ആശ്രയിക്കുന്നത് ശരിയോയെന്ന ചോദ്യം കോൺഗ്രസിനകത്ത് ഉയരുന്നു. 23ൽ നിന്ന് സീറ്റ്നില 21 ആയതോടെ മുഖ്യകക്ഷിയായ കോൺഗ്രസും രണ്ടാം കക്ഷിയായ ലീഗും തമ്മിലെ വ്യത്യാസം കേവലം മൂന്ന് സീറ്റിന്റേതായി. പാലായിൽ പഴി കേൾക്കേണ്ടി വന്ന കേരള കോൺഗ്രസ് ഗ്രൂപ്പുകൾക്കും ഇനി പിടിച്ചുനിൽക്കാം. സ്ഥാനാർത്ഥിനിർണയ വേളയിലുണ്ടായ കല്ലുകടി, പ്രത്യേകിച്ച് കോന്നിയിലും വട്ടിയൂർക്കാവിലും, ഇനിയങ്ങോട്ട് പാർട്ടിക്കകത്ത് വലിയ പൊട്ടലും ചീറ്റലും സൃഷ്ടിക്കും. കോന്നിയിൽ അടൂർ പ്രകാശ് സഹകരിച്ചെങ്കിലും ആത്മാർത്ഥത ഇല്ലായിരുന്നുവെന്ന് യു.ഡി.എഫ് നേതൃത്വം കരുതുന്നുണ്ട്. വട്ടിയൂർക്കാവിൽ പീതാംബരക്കുറുപ്പിനെ വെട്ടിമാറ്റിയതിൽ നീരസമുണ്ടായെങ്കിലും കെ. മുരളീധരൻ പ്രചാരണവേളയിൽ സജീവമായിരുന്നെന്ന് നേതൃത്വം വിലയിരുത്തുന്നു. എങ്കിലും പൂർണമനസോടെ നിന്നോയെന്ന സന്ദേഹം ചിലരെങ്കിലും ഉയർത്താതില്ല. അരൂരിൽ ഷാനിമോൾ ഉസ്മാൻ വിജയിച്ചതാണ് കോൺഗ്രസിന് ആശ്വാസമേകുന്നത്. പോളിംഗ് കുറഞ്ഞെങ്കിലും എറണാകുളത്തെ കഷ്ടിച്ചുള്ള വിജയം വലിയ ആഹ്ലാദം നൽകുന്നതല്ല. മഞ്ചേശ്വരത്തും ലീഗിന് ലോക്‌സഭാകാലത്തെക്കാൾ ലീഡ് കുറഞ്ഞു. ഗ്രൂപ്പടിസ്ഥാനത്തിൽ സ്ഥാനാർത്ഥിനിർണയം നടത്തിയതടക്കം വലിയ പോരായ്മയായെന്ന പഴി ഇതിനകം കോൺഗ്രസിനകത്ത് ഉയർന്നുകഴിഞ്ഞു.

ബി.ജെ.പി

മഞ്ചേശ്വരത്തെ രണ്ടാം സ്ഥാനവും കോന്നിയിലെ വോട്ടുനില മെച്ചപ്പെടുത്തിയതും മാത്രമാണ് ബി.ജെ.പിക്ക് പിടിവള്ളി. കോന്നിയിലേത് കെ. സുരേന്ദ്രന്റെ വ്യക്തിപ്രഭാവത്തിനുള്ളതെന്ന വ്യാഖ്യാനം അംഗീകരിച്ചാൽ ബി.ജെ.പിക്ക് സംഘടനാപരമായ വലിയ വീഴ്ച തന്നെയാണുണ്ടായിരിക്കുന്നത്. ഡിസംബറിൽ സംഘടനാതിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ വലിയ പൊട്ടിത്തെറിയാണ് പാർട്ടിയെ കാത്തിരിക്കുന്നത്. വട്ടിയൂർക്കാവിൽ കുമ്മനത്തെ തഴഞ്ഞതും ആർ.എസ്.എസിന്റെ വിട്ടുനിൽക്കലും ബി.ഡി.ജെ.എസിന്റെ നീരസവുമെല്ലാം ബി.ജെ.പിക്ക് വിനയായിട്ടുണ്ട്.