tvm-corporation

ശനിയാഴ്ച കൗൺസിൽ യോഗം

തിരുവനന്തപുരം : മേയർ വി.കെ. പ്രശാന്ത് വട്ടിയൂർക്കാവ് എം.എൽ.എ ആയതോടെ പ്രശാന്തിന്റെ പകരക്കാരൻ ആരെന്ന ചോദ്യം ഉയർന്നു. യുവരക്തമെന്ന പരിഗണനയിലാണ് 2015 ൽ വി.കെ. പ്രശാന്തിന് മേയർ സ്ഥാനം നൽകിയത്. ഭൂരിപക്ഷമില്ലാതെ മുന്നോട്ടുപോകുന്ന നഗരസഭയിൽ എല്ലാ മുന്നണികളെയും കണക്കിലെടുത്തായിരുന്നു പ്രശാന്തിന്റെ പ്രവർത്തനം. ചുരുക്കം ചിലർക്കാണ് സാദ്ധ്യതയുള്ളത്. സി.പി.എം ജില്ലാകമ്മിറ്റികൂടിയാവും മേയറെ തീരുമാനിക്കുന്നത്.
ശനിയാഴ്ച നഗരസഭാ കൗൺസിൽ ചേരും. തുടർന്ന് വി.കെ. പ്രശാന്ത് മേയർ സ്ഥാനം രാജിവയ്ക്കും.

12 ദിവസത്തിനകം പുതിയ മേയറെ കണ്ടെത്തണം. അതുവരെ ഡെപ്യൂട്ടി മേയർക്ക് ചുമതല നൽകും.

ഇടതുപക്ഷത്തിന് ഒറ്റയ്ക്ക് മേയറെ തിരഞ്ഞെടുക്കാനുള്ള ഭൂരിപക്ഷമില്ല. 100ൽ 43 അംഗങ്ങളാണ് എൽ.ഡി.എഫിനുള്ളത്. ബി.ജെ.പിക്ക് 35ഉം യു.ഡി.എഫിന് 21ഉം അംഗങ്ങളുണ്ട്. സി.പി.എമ്മിനോടുള്ള എതിർപ്പ് കാരണം

പ്രതിപക്ഷം ഒറ്റക്കെട്ടായി പൊതുസമ്മതനായ ഒരു സ്ഥാനാർത്ഥിയെ രംഗത്തിറക്കിയാൽ സി.പി.എം വലയും.

എന്നാൽ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരുവർഷം മാത്രം അവശേഷിക്കെ ഇത്തരം ഒരു ശ്രമത്തിനുള്ള സാദ്ധ്യത യു.ഡി.എഫും ബി.ജെ.പിയും തള്ളിക്കളയുന്നു. മേയർ തിരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ചചെയ്തിട്ടില്ലെന്ന് യു.ഡി.എഫ് നേതാവ് ഡി. അനിൽകുമാറും ബി.ജെ.പി പാർലമെന്ററി കക്ഷി നേതാവ് എം.ആർ. ഗോപനും പറഞ്ഞു.

സാദ്ധ്യത 1

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാറിനാണ് പ്രഥമ പരിഗണന. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷനെന്ന നിലയിൽ മാലിന്യ സംസ്‌കരണത്തിലടക്കം നടത്തിയ പ്രവർത്തനങ്ങൾ ശ്രീകുമാറിനെ തുണയ്ക്കുമെന്ന് നേതാക്കൾ പറയുന്നു. പാർട്ടി ഏരിയാ കമ്മിറ്റി അംഗമായ ശ്രീകുമാറിനെ മേയർ സ്ഥാനത്തേക്ക് ഈ കൗൺസിലിന്റെ തുടക്കത്തിൽ പരിഗണിച്ചിരുന്നു.

സാദ്ധ്യത 2

വികസന സ്ഥിരംസമിതി അദ്ധ്യക്ഷൻ വഞ്ചിയൂർ ബാബുവാണ് പട്ടികയിൽ രണ്ടാമൻ. എന്നാൽ അനാരോഗ്യത്താൽ ബാബു മേയറാകാൻ ഇടയില്ല. പാർട്ടി ഏരിയാ കമ്മിറ്റി അംഗമാണ്. ഇദ്ദേഹത്തെയും മേയർ സ്ഥാനത്തേക്ക് ഈ കൗൺസിലിന്റെ തുടക്കത്തിൽ പരിഗണിച്ചിരുന്നു.

സാദ്ധ്യത 3

മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ പുഷ്പലത. പാർട്ടി ജില്ലാകമ്മറ്റി അംഗമായ പുഷ്പലത നാല് തവണ തുടർച്ചയായി കൗൺസിലറായി. കഴിഞ്ഞ കൗൺസിലിൽ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷയുമായിരുന്നു. എന്നാൽ അടുത്ത തവണ വനിതകൾക്കാണ് മേയർ സ്ഥാനമെന്നതിനാലും ഡെപ്യൂട്ടി മേയർ വനിതയായതിനാലും അതിന് സാദ്ധ്യത കുറവാണ്.

സാദ്ധ്യത 4

പ്രശാന്തിന് പകരമായി മറ്റൊരു യുവാവെന്ന നിലയിൽ ഐ.പി. ബിനുവിന്റെ പേരും ഉയരുന്നുണ്ട്. എന്നാൽ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ നഗരഭരണം പരിചയക്കുറവുള്ളയാൾക്ക് നൽകാൻ കഴിയില്ലെന്നും പറയപ്പെടുന്നു.