kpcc

തിരുവനന്തപുരം: കെ.പി.സി.സി നേതൃത്വത്തിന് എന്തോ ഉൾവിളി ഉണ്ടായപോലെ. കേൾക്കാനിരിക്കുന്നതും കാണാനിരിക്കുന്നതും അത്ര പന്തിയല്ലെന്ന് തോന്നിയോ ? ഇന്നലെ രാവിലെ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ എത്തിയപ്പോൾ തോന്നിയ സംശയമാണിത്.

വരുന്നത് അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം, ഒന്നൊഴികെ ബാക്കിയെല്ലാം യു.ഡി.എഫിന്റെ കൈവശവും. എന്നിട്ടും ആർക്കുമില്ല തെല്ലും ഉത്സാഹം. രാവിലെ 8.20 ആയപ്പോഴേക്കും ആദ്യ സൂചന വന്നു, വട്ടിയൂർക്കാവിൽ ഇടതു സ്ഥാനാർത്ഥി വി.കെ. പ്രശാന്ത് 18 വോട്ടിന് ലീഡ് ചെയ്യുന്നു. ഇന്ദിരാഭവന്റെ സ്വീകരണ മുറിയിലെ ടി.വിക്ക് മുന്നിലുണ്ടായിരുന്ന വിരലിലെണ്ണാവുന്നവരിൽ ആരോ ഒരാൾ ഒന്നു മുരടനക്കി.

ഇതിനിടെ കൊടിക്കുന്നിൽ സുരേഷ് എത്തി, മുകൾ നിലയിലേക്ക് പോയി. പിറകെ സ്ഥാനാർത്ഥി കെ. മോഹൻകുമാറുമെത്തി. അപ്പോഴേക്കും പോസ്റ്റൽ വോട്ട് എണ്ണിക്കഴിഞ്ഞിരുന്നു. എറണാകുളത്തും മഞ്ചേശ്വരത്തും യു.ഡി.എഫ് മുന്നേറ്റം. വട്ടിയൂർക്കാവിൽ എൽ.ഡി.എഫും. പ്രശാന്തിന്റെ ലീഡ് ക്രമേണ കൂടുന്നു. കോന്നിയിൽ എൽ.ഡി.എഫ് ലീഡുയർത്തുന്നു. വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്വാധീന മേഖലകളിൽ പ്രശാന്തിന് ലീഡെന്ന് ടി.വിയിൽ കണ്ടതോടെ ഒന്നു രണ്ട് നിശ്വാസങ്ങൾ അന്തരീക്ഷത്തിലേക്ക് തള്ളി. ശരിദൂരം ഏറ്റെങ്കിൽ ഇനി രക്ഷപ്പെടാമെന്ന് ഒരു യുവനേതാവിന്റെ ആത്മഗതവും.

ഈ ഘട്ടത്തിലാണ് അരൂരിൽ ഷാനിമോൾ ലീഡിലേക്കെത്തുന്നത്. ടി.വിക്ക് തൊട്ടുമുന്നിൽ ജാഗ്രതയോടെ ഇരുന്ന വൃദ്ധനായ പ്രവർത്തകൻ പല്ലുകാട്ടി ഒന്നു ചിരിച്ചു. എന്നാൽ വട്ടിയൂർക്കാവിലെ ലീഡ് നാലായിരം കടന്നു കയറിയതോടെ വയോധികൻ ഒതുങ്ങി. പ്രവർത്തകർ ഇരിപ്പിടം വിട്ടെഴുന്നേറ്റു. എല്ലാവർക്കും സംസാര ശേഷി നഷ്ടപ്പെട്ടപോലെ.

ഇതിനിടെ ചാനലുകാർ സ്ഥാനാർത്ഥി മോഹൻകുമാറിനെ കാമറയ്ക്കു മുന്നിൽ കൊണ്ടുവന്നു. എല്ലാം കൈവിട്ട മട്ടിൽ അദ്ദേഹത്തിന്റെ പ്രതികരണം കൂടി എത്തിയതോടെ ഇന്ദിരാഭവനിൽ ശേഷിച്ച പ്രതീക്ഷയും അസ്തമിച്ച മട്ടായി. പത്തോടെ പാലോട് രവി എത്തി. ഖദറുടുപ്പിന് പതിവ് വടിവില്ല. എങ്കിലും ചിരിയിൽ മ്ളാനതകാട്ടാതെ അദ്ദേഹവും നേരേ മുകളിലേക്ക്. അരമണിക്കൂർ കഴി‌ഞ്ഞപ്പോൾ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എത്തി. ഞാൻ ഈ നാട്ടുകാരനേ അല്ലെന്ന മട്ടിൽ ആരോടോ ചിരിച്ച് അദ്ദേഹവും കെ.പി.സി.സി പ്രസിഡന്റിന്റെ മുറിയിലേക്ക് പോയി.

ശശി തരൂരിന്റേതായിരുന്നു അടുത്ത ഊഴം. എന്തിനോ വേണ്ടി കാമറയ്ക്ക് മുന്നിൽ കുറെ ഏറ്റുപറച്ചിലുകൾ, നവീനമായ ചില നിർദ്ദേശങ്ങൾ, ബൗദ്ധികമായ അവലോകനം... എല്ലാം കഴിഞ്ഞ് അദ്ദേഹവും സ്ഥലം വിട്ടു. അപ്പോഴും മാദ്ധ്യമ പ്രവർത്തകർ കാത്തിരുന്നു, പ്രസിഡന്റ് മുല്ലപ്പള്ളിക്കായി.

ഒന്നര മണി കഴിഞ്ഞതോടെ മുല്ലപ്പള്ളി എത്തി. അരൂരിലെ ഉജ്ജ്വല വിജയത്തെക്കുറിച്ച് അച്ചടിഭാഷയിൽ ഒന്നര മിനിട്ട് നീണ്ട ഗീർവാണം. വട്ടിയൂർക്കാവിൽ വോട്ടുകച്ചവടം നടത്തിയാണ് എൽ.ഡി.എഫ് ജയിച്ചതെന്ന ഞെട്ടിക്കുന്ന സത്യവും അദ്ദേഹം പുറത്തുവിട്ടു. ഇതോടെ തങ്ങൾ പാഠം പഠിക്കുമെന്നും ഉടൻ രാഷ്ട്രീയകാര്യ സമതി കൂടുമെന്നും മറ്രുമുള്ള ഏതാനും വാക്കുകൾ കൂടി. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ തുടങ്ങിയതോടെ 'ആ സത്യം ഞാൻ നിങ്ങളോടു പിന്നീട് പറയും' എന്ന ഒരുറപ്പും നൽകി അദ്ദേഹവും പിൻവലിഞ്ഞു. ശുഭം.