തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ബി.ജെ.പിക്ക് നേരിട്ട പരാജയത്തിന് കാരണം എൽ.ഡി.എഫും യു.ഡി.എഫും നടത്തിയ കുപ്രചാരണമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. മഞ്ചേശ്വരത്ത് എൽ.ഡി.എഫ് വോട്ട് യു.ഡി.എഫിന് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് മുന്നണികളുടെയും സിറ്റിംഗ് സീറ്റുകളിലാണ് വാശിയേറിയ ഉപതിരഞ്ഞെടുപ്പ് നടന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തികേന്ദ്രമായ അരൂർ എൽ.ഡി.എഫിന് നഷ്ടപ്പെട്ടു. കോന്നിയിലും വട്ടിയൂർക്കാവിലും കനത്ത തിരിച്ചടിയാണ് കോൺഗ്രസിന് നേരിട്ടത്. രണ്ട് മുന്നണികൾക്കും നഷ്ടം സംഭവിച്ച തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ മാത്രം കുറ്റം പറയുകയാണ്.വട്ടിയൂർക്കാവിലെ ഫലം നോക്കി മാത്രം ഉപതിരഞ്ഞെടുപ്പിനെ വിലയിരുത്തരുത്.
മഞ്ചേശ്വരം ഒഴികെയുള്ള മണ്ഡലങ്ങളിൽ സാമുദായിക സംഘടനകൾക്ക് സ്വാധീനമുണ്ട്. മഞ്ചേശ്വരത്ത് എൽ.ഡി.എഫിന് 5000ത്തോളം വോട്ടുകൾ കുറഞ്ഞപ്പോൾ യു.ഡി.എഫിന് അത്രയും വോട്ട് ലഭിച്ചു.വട്ടിയൂർക്കാവിൽ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ വോട്ട് ഗണ്യമായി കുറഞ്ഞത് ഗൗരവമായി പരിശോധിക്കും. മഞ്ചേശ്വരത്ത് ബി.ജെ.പിക്ക് ചരിത്രത്തിൽ ഇതുവരെ ലഭിക്കാത്ത വോട്ട് ലഭിച്ചു.
മഞ്ചേശ്വരത്ത് തങ്ങളുടെ വോട്ട് ചോർച്ചയ്ക്ക് പിന്നിലെ കാരണം എൽ.ഡി.എഫ് വ്യക്തമാക്കണം. എൻ.ഡി.എയെ തോൽപിക്കാൻ എൽ.ഡി.എഫും യു.ഡി.എഫും വോട്ട് കച്ചവടം നടത്തിയതിന്റെ തെളിവാണിത്. . വട്ടിയൂർക്കാവിലൊഴികെ എല്ലാ മണ്ഡലങ്ങളിലും എൻ.ഡി.എയുടെ വോട്ട് വർദ്ധിച്ചു. കോന്നിയിൽ എൻ.ഡി.എ യ്ക്ക് 30ശതമാനം വോട്ട് ലഭിച്ചു.അവിടെ യു.ഡി.എഫിന്റെ തകർച്ച എൻ.ഡി.എയ്ക്ക് നേട്ടമായെന്നും ശ്രീധരൻപിള്ള പറഞ്ഞു.