kovalam

കോവളം: യുവാക്കളിലെ അമിത മൊബൈൽ ഉപയോഗം ഭാവിയിൽ വൻ ദുരന്തത്തിന് വഴിയൊരുക്കുമെന്നും ലഹരി മരുന്നുകളെപ്പോലെ ശരീരത്തിന്റെ സ്വാഭാവിക നിലയെ തകരാറിലാക്കുമെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എസ്. മുഹമ്മദ് ഉബൈദ് പറഞ്ഞു. കേരളകൗമുദി,​ എക്സൈസ്,​ ജനമൈത്രി പൊലീസ്,​ ലയൺസ് ക്ളബ് ഓഫ് കവടിയാർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തിരുവല്ലം എ.സി.ഇ എൻജിനിയറിംഗ് കോളേജിൽ നടത്തിയ ലഹരിവിമുക്ത ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷണം കഴിക്കുമ്പോഴും പഠിക്കുമ്പോഴും കളിക്കുമ്പോഴും ഉറങ്ങുമ്പോഴും യുവാക്കൾക്ക് മൊബൈൽഫോൺ കൈയിലില്ലാതെ പറ്റില്ലെന്ന സ്ഥിതിയാണ്. തിരക്കേറിയ ജീവിതത്തിൽ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്താൻ രക്ഷിതാക്കൾ സമയം കണ്ടെത്തണം. കമ്പ്യൂട്ടറിന്റെയും മൊബൈൽ ഫോണിന്റെയും ഉപയോഗത്തിൽ കൃത്യമായ നിരീക്ഷണം ഉണ്ടാകണം. കുട്ടികളുടെ വാശി അവസാനിപ്പിക്കാൻ മൊബൈൽ ഫോൺ നൽകുന്ന പ്രവണത രക്ഷിതാക്കൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഫാറൂഖ് സെയിദ് അദ്ധ്യക്ഷനായിരുന്നു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വൈ. ഷിബു ക്ളാസ് നയിച്ചു. സെമിനാറിനോടനുബന്ധിച്ച് ലഹരി വിമുക്ത പ്രതിജ്ഞ ചൊല്ലി. ലയൺസ് ക്ളബ് അഡ്മിനിസ്ട്രേറ്റർ എവനിസർ, ലയൺസ് ക്ളബ് കവടിയാർ പ്രസിഡന്റ് എസ്.എൻ.വി. സുധാകരൻ, കലാലയം അനിൽകുമാർ, സി. വിശ്വംഭരൻ, എ.സി.ഇ. എൻജിനിയറിംഗ് കോളേജ് അഡ്മിനിസ്ട്രേറ്റീവ് മാനേജർ നൗഷാദ്, എൻ.സി.സി പ്രോഗ്രാം കോ-ഓർഡിനേറ്റർ ഷാജി, കേരളകൗമുദി സർക്കുലേഷൻ മാനേജർ ജി. അനിൽകുമാർ, അസി. സർക്കുലേഷൻ മാനേജർമാരായ പ്രദീപ്, കല എസ്.ഡി തുടങ്ങിയവർ സംസാരിച്ചു.