dam

കാട്ടാക്കട: ഇത് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാർഡാമിലെ പ്രവേശന കവാടത്തിലേക്കുള്ള റോഡാണ്. മഴക്കാലമായാൽ ഈ റോഡ് കാണാൻപോലും കിട്ടാറില്ല. കാരണം റോഡിൽ വെള്ളം നിറഞ്ഞ് തോടിന് തുല്യമാകും. പിന്നെ നെയ്യാർഡാമിലെ പൊലീസ് സ്റ്റേഷനിലോ ആശുപത്രിയിലോ പോകണമെങ്കിൽ നീന്തലറിയണം. വലിയ തടാകം പോലെയാണ് ഈ റോഡിലെ വെള്ളക്കെട്ട്. ചെറിയ മഴപെയ്താൽ പോലും ഈ ഭാഗത്ത് മുട്ടോളം വെള്ളം പൊങ്ങും. തുടർന്ന് സ്റ്റേഷന് മുന്നിലേക്കും വെള്ളം കയറും. പിന്നെ പൊലീസ് സ്റ്റേഷൻ ഒരു ദ്വീപിന് സമാനമാണ്. ടൂറിസ്റ്റ് പൊലീസ് സ്റ്റേഷൻ, പ്രഥമികാരോഗ്യ കേന്ദ്രം, വില്ലേജ് ഒഫീസ് തുടങ്ങി എല്ലാത്തിന്റെയും അവസ്ഥ ഇതുതന്നെയാണ്.

റോഡിൽ വെള്ളം ഉയരുന്നതനുസരിച്ച് പൊലീസ് സ്റ്റേഷൻ വെള്ളത്തിനടിയിലാകും. ഒരാവശ്യത്തിന് സ്റ്റേഷനുള്ളിൽ കയറാനോ പൊലീസുകാർക്ക് ഒന്ന് പുറത്തേക്ക് പോകാനോ കഴിയാറില്ല.

ടൂറിസ്റ്റ് കേന്ദ്രമായതിനാൽ ദിനവും ധാരാളം വാഹനങ്ങളാണ് നെയ്യാർഡാമിൽ എത്തുന്നത്. ഒപ്പം സമാന്തര സർവീസുകളും

റോഡിൽ സ്ഥിരമായി വെള്ളം കെട്ടിനിൽക്കുന്നതിനാൽ ആധുനിക രീതിയിൽ പണിത റോഡും തകർന്നു.

ഓട നിർമ്മിക്കാതെ പൊലീസ് സ്റ്റേഷൻ റോഡ് നിർമ്മാണം നടത്തിയതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. റോഡിന്റെ ഇരുവശത്തുകൂടെയും വെള്ളം ഒഴികിപ്പോകാതെ റോഡ് തോടിന് സമാനമായി കിടക്കുകയാണ്. വെള്ളം ഒഴുക്കി വിടാൻ താത്കാലിക സംവിധാനമെങ്കിലും ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്തിൽ പല തവണ പരാതി നൽകിയിയെങ്കിലും നടപടി മാത്രമില്ല.

അടുത്തകാലത്ത് കാട്ടക്കട- നെയ്യാർഡാം റോഡിന്റെ നവീകരണം നടത്തുമ്പോൾ ഇവിടെയും ഓട നിർമ്മിക്കാമെന്നാണ് പി.ഡബ്ല്യൂ.ഡി അധികൃതരുടെ പറയുന്നത്. എന്നാൽ റോഡ് പണി എന്ന് നടക്കുമെന്ന ചോദ്യത്തിന് അധികൃതർക്ക് ഉത്തരമില്ല.