32

വർക്കല; ബ്രിട്ടീഷുകാരുടെ കാലത്ത് വർക്കല തൊടുവെയിൽ നിർമ്മിച്ച പാലം അപകടാവസ്ഥയിൽ. നടയറയേയും തൊടുവെയും ശിവഗിരിയുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ കൈവരികൾ പലയിടത്തും ദ്രവിച്ച് കോൺക്രീറ്റ് പാളികൾ പൊട്ടിയടർന്നു വീഴുന്നു. കനാൽ പുറമ്പോക്കിലെ 250ൽ അധികം കുടുബങ്ങൾ ഈ പാലത്തെയാണ് ആശ്രയിക്കുന്നത്. വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്ന് കാൽനടയായി എളുപ്പത്തിൽ ശിവഗിരി, ശ്രീനാരായണ ഗുരു കുലം, ബ്ലൈൻ‌‌‌ഡ് സ്കൂൾ, മന്നാനിയ കോളജ്, കെ.എസ്.ഇ.ബി സബ്സ്റ്റേഷൻ എന്നിവിടങ്ങളിൽ എത്താനും ഈ പാലത്തെ ആശ്രയിക്കുന്നുണ്ട്.
ചെറുകുന്നം-തൊടുവെ റോഡ് ശിവഗിരിയുമായി ബന്ധിപ്പിക്കുന്നത്തിന് പാലം വീതികൂട്ടി നവീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇന്നിയും പരിഹരിക്കപ്പെട്ടിട്ടില്ല. പാലത്തിന്റഇരുവശത്തു നിന്ന് വന്നുചേരുന്ന റോഡുകളുടെ വീതിക്കൊപ്പം പാലം പുനർനിർമിച്ചാലേ നിലവിലെ യാത്രാക്ലേശം ഒരളവുവരെ പരിഹരിക്കാൻ സാധിക്കൂ. കൈവരികൾ പൊട്ടിപ്പൊളി‌ഞ്ഞ പാലത്തിലൂടെയാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ യാത്ര ചെയ്യുന്നത്.പാലത്തിന് ബലക്ഷയമുണ്ടെന്ന് വിദഗ്ദ്ധരും പറയുന്നു.എന്നാൽ ടി.എസ്.കനാൽ നവീകരണം നടത്തുന്ന അവസരത്തിൽ പാലം പുനർനിർമ്മിക്കുമെന്നായിരുന്നു ജനപ്രതിനിധികളും ബന്ധപ്പെട്ട അധികൃതരും ജനങ്ങൾക്ക് നൽകിയ ഉറപ്പ്. എന്നാൽ ടി.എസ്.കനാൽ നവീകരണം നടക്കുന്നുണ്ടെങ്കിലും പാലത്തിന്റെ ശനിദശമാറിയതുമില്ല.