തിരുവനന്തപുരം : വട്ടിയൂർക്കാവിൽ അട്ടിമറി വിജയം നേടിയ വി.കെ. പ്രശാന്തിന് ഇരട്ടി മധുരം പകർന്ന് ഭാര്യ രാജിയും മകൾ ആലിയയും. ചുവന്ന പനീർറോസാപ്പൂക്കളുമായാണ് അമ്മയും മകളും വോട്ടെണ്ണൽ കേന്ദ്രമായ പട്ടം സെന്റ് മേരീസ് സ്കൂളിലെത്തിയത്. ഏറെ നേരം കാത്തുനിന്നശേഷമാണ് ഇരുവർക്കും പ്രശാന്തിനെ കാണാനായത്. ഏവരെയും അമ്പരപ്പിച്ച് ലീഡ് കുത്തനെ ഉയർത്തി പ്രശാന്ത് മുന്നേറി വിജയം ഉറപ്പിച്ച ഘട്ടത്തിലായിരുന്നു ഇരുവരുടെയും വരവ്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ആലിയയ്ക്ക് ഇന്നലെ പരീക്ഷയായിരുന്നു. പരീക്ഷയ്ക്ക് ശേഷം മകളെയും കൂട്ടി 11.45ഓടെ രാജി വോട്ടെണ്ണൽ കേന്ദ്രത്തിലെത്തി. അപ്പോഴേക്കും വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടന്നു. പ്രശാന്ത് വോട്ടെണ്ണൽ ഹാളിലും. ചാനൽ കാമറകൾ ഇരുവരെയും വളഞ്ഞു. വിശേഷങ്ങൾ ചോദിച്ചു. മേയർ എം.എൽ.എയായതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നായിരുന്നു രാജിയുടെ പ്രതികരണം. വിജയപ്രതീക്ഷയുണ്ടായിരുന്നു. കാണുന്നവരെല്ലാം ജയം ഉറപ്പാണെന്ന് പറഞ്ഞിരുന്നതായും അവർ പറഞ്ഞു. അച്ഛന്റെ വിജയത്തിൽ സന്തോഷമുണ്ടെന്ന് ആലിയയും പറഞ്ഞു. തുടർന്ന് അമ്മയും മകളും വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ കാത്തു നിന്നു. ഒരു മണിക്കൂറിനുശേഷം 12.45ഓടെ പ്രശാന്ത് പുറത്തുവന്നു. അച്ഛനെ കണ്ടതോടെ മകൾ ഓടി അടുത്തെത്തി. പ്രിയപ്പെട്ടവന് നൽകാനായി ബാഗിൽ കരുതിവച്ചിരുന്ന പനീർ റോസയുമായി രാജി പിന്നാലെയെത്തി. പൂക്കൾ നൽകി. പിന്നെ മധുരവും വിതരണം ചെയ്തു.