ldf

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡല രൂപീകരണത്തിനുശേഷം വി.കെ. പ്രശാന്തിലൂടെ എൽ.ഡി.എഫ് നേടിയത് ആദ്യ വിജയം. 2011-ൽ മണ്ഡല രൂപീകരണത്തിനുശേഷം രണ്ടുതവണയും കെ. മുരളീധരന്റെ വ്യക്തിപ്രഭാവത്തിൽ യു.ഡി.എഫിനെ പിന്തുണച്ച ചരിത്രമാണ് വട്ടിയൂർക്കാവിനുള്ളത്. 2011 ൽ എൽ.ഡി.എഫ് സ്വതന്ത്രനായ ചെറിയാൻ ഫിലിപ്പിനെയും 2016 ൽ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെയുമാണ് കെ. മുരളീധരൻ തോല്പിച്ചത്. 2016 ൽ സി.പി.എമ്മിലെ ടി.എൻ. സീമ മൂന്നാം സ്ഥാനത്തായിരുന്നു. ഈ നാണക്കേടിന്റെ ചരിത്രമാണ് പ്രശാന്തിലൂടെ ഇടതുമുന്നണി മറികടന്നത്.
പഴയ തിരുവനന്തപുരം നോർത്ത് മണ്ഡലമാണ് രൂപമാറ്റത്തിലൂടെ എട്ടു വർഷം മുമ്പ് വട്ടിയൂർക്കാവ് ആയി മാറിയത്. നോർത്ത് മണ്ഡലത്തിൽ നിന്ന് കുറച്ചുഭാഗം ഒഴിവാക്കിയും തിരുവനന്തപുരം ഈസ്റ്റിന്റെയും കഴക്കൂട്ടത്തിന്റെയും ചില ഭാഗങ്ങൾ ചേർത്തുമാണ് വട്ടിയൂർക്കാവ് രൂപീകരിച്ചത്.

നോർത്ത് മണ്ഡലമായിരുന്നപ്പോൾ ഏറ്റവുമധികം വിജയിച്ച ചരിത്രമാണ് എൽ.ഡി.എഫിനുള്ളത്. 1977 ൽ സ്വതന്ത്രനായ കെ. രവീന്ദ്രൻ നായരാണ് നോർത്ത് മണ്ഡലത്തിലൂടെ ആദ്യമായി നിയമസഭയിലെത്തിയത്.1980 ൽ കെ. അനിരുദ്ധനിലൂടെ എൽ.ഡി.എഫ് നോർത്തിലെ ആദ്യവിജയം നേടി. 1982 ൽ കെ. അനിരുദ്ധൻ യു.ഡി.എഫിലെ ജി. കാർത്തികേയനോട് തോറ്റു. പിന്നീടുള്ള തിരഞ്ഞെടുപ്പുകളിൽ മണ്ഡലം എൽ.ഡി.എഫിന്റെ തേരോട്ടം കണ്ടു. 1987, 1991, 1996 തിരഞ്ഞെടുപ്പുകളിൽ എം. വിജയകുമാറിലൂടെ ഹാട്രിക് വിജയമാണ് എൽ.ഡി.എഫ് നേടിയത്. 87ൽ ജി. കാർത്തികേയനെ തോല്പിച്ചാണ് എം. വിജയകുമാർ ആദ്യവിജയം നേടിയത്. പിന്നീട് എൻ.ഡി.പിയുടെ ടി. രവീന്ദ്രൻ തമ്പിയെയും യു.ഡി.എഫിലെ ടി. ശരത്ചന്ദ്രപ്രസാദിനെയും തോല്പിച്ചു. 2001ൽ യു.ഡി.എഫിലെ കെ. മോഹൻകുമാറിനോട് എം. വിജയകുമാർ തോറ്റെങ്കിലും 2006ൽ വിജയം തിരിച്ചുപിടിച്ചു. പിന്നെ 13 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് മണ്ഡലത്തെ പ്രതിനിധീകരിച്ച് എൽ.ഡ‌ി.എഫ് സ്ഥാനാർത്ഥി നിയമസഭയിലെത്തുന്നത്.