തിരുവനന്തപുരം: വട്ടിയൂർക്കാവിന്റെ ജനമനസ് കീഴടക്കി എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്തിന് 14465 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തിളക്കമാർന്ന വിജയം. യു.ഡി.എഫിന്റെ കെ. മോഹൻകുമാറിനെ തോല്പിച്ചാണ് പ്രശാന്തിന്റെ ജയം. എൻ.ഡി.എയുടെ എസ്. സുരേഷ് മൂന്നാം സ്ഥാനത്തെത്തി. കെ. മുരളീധരനിലൂടെ പത്തു വർഷമായി ഭരണം കൈയടക്കിയിരുന്ന യു.ഡി.എഫിന്റെ കോട്ട തകർത്താണ് പ്രശാന്തിന്റെ തേരോട്ടം. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും പിന്നിൽ പോകാതെയാണ് പ്രശാന്തിന്റെ മിന്നും ജയം. ബൂത്ത് അടിസ്ഥാനത്തിൽ 12 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ നടന്നത്. എല്ലാ റൗണ്ടിലും വി.കെ. പ്രശാന്ത് തന്നെയായിരുന്നു മുന്നിൽ. കെ. മോഹൻകുമാർ രണ്ടാം സ്ഥാനത്തും.
തപാൽ വോട്ടുകളിൽ 35 എണ്ണം വി.കെ. പ്രശാന്ത് നേടിയപ്പോൾ 17 വോട്ടുകളാണ് കെ. മോഹൻകുമാറിന് ലഭിച്ചത്. എസ്. സുരേഷിന് രണ്ടു വോട്ട് ലഭിച്ചു. ഒരെണ്ണം അസാധുവായി. സർവീസ് വോട്ടുകളായി ലഭിച്ച 68 ഇ.ടി.പി.ബി വോട്ടുകളിൽ 26 എണ്ണം എസ്. സുരേഷ് നേടി. 13 എണ്ണം വി.കെ. പ്രശാന്തിനും നാലെണ്ണം കെ. മോഹൻകുമാറിനും ലഭിച്ചു. സുരേഷ് .എസ്.എസ് രണ്ടു വോട്ടുകൾ നേടിയപ്പോൾ നാലെണ്ണം നോട്ടയ്ക്കായിരുന്നു. ഒരു വോട്ട് അസാധുവായി. സ്‌ക്രീനിംഗിൽ 18 ഇ.ടി.പി.ബി അസാധുവായി.
ത്രികോണ പോരാട്ടമില്ല
ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലം എന്ന നിലയ്ക്കാണ് ഉപതിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് ശ്രദ്ധാകേന്ദ്രമായത്. എന്നാൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ജനകീയതയിൽ യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ നിഷ്പ്രഭരാകുന്നതാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ കണ്ടത്. സാമുദായിക സമവാക്യങ്ങളോട് ചേരുന്ന മണ്ഡലമായാണ് വട്ടിയൂർക്കാവ് പറയപ്പെട്ടിരുന്നതെങ്കിലും, ജനകീയതയ്ക്ക് അതിലും മുകളിലാണ് സ്ഥാനം എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വട്ടിയൂർക്കാവിന്റെ ജനവിധി. എൻ.എസ്.എസിന്റെ പരസ്യ പിന്തുണയുമായി യു.ഡി.എഫ് വോട്ടു കേന്ദ്രീകരിക്കാൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല.
യു.ഡി.എഫ് കേന്ദ്രങ്ങളെപ്പോലും പിടിച്ചുലച്ചാണ് പ്രശാന്ത് മുന്നേറിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തായിരുന്ന എൻ.ഡി.എയ്ക്ക് അന്ന് കുമ്മനം രാജശേഖരൻ നേടിയ വോട്ടിന്റെ പകുതിപോലും നേടാനാകാതെ പരാജയമേറ്റു വാങ്ങേണ്ടിവന്നു.
വട്ടിയൂർക്കാവിൽ ഇക്കുറി 2016 ലേതിനെക്കാൾ 7.17 ശതമാനം കുറവ് പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്. പോളിംഗിലുണ്ടായ കുറവ് തിരിച്ചടിയാകുമെന്ന് നേരത്തേ തന്നെ യു.ഡി.എഫും എൻ.ഡി.എയും വിലയിരുത്തിയിരുന്നു. 2011 ലെ മണ്ഡല പുനർനിർണയത്തിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന്റെ കെ. മുരളീധരനാണ് വിജയിച്ചിരുന്നത്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിലും ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിലും രണ്ടാമതെത്തിയതിന്റെ ആത്മവിശ്വാസത്തിൽ മത്സരത്തിനിറങ്ങിയ എൻ.ഡി.എയ്ക്ക് വൻ തിരിച്ചടിയാണ് ലഭിച്ചത്.