messi
messi

ലിവർപൂൾ, ബാഴ്സലോണ, ചെൽസി, ഇന്റർമിലാൻ

തുടങ്ങിയവർക്ക് വിജയങ്ങൾ

ഗോളടിയിൽ ചരിത്രം കുറിച്ച് മെസി

പ്രാഗ് : തുടർച്ചയായ 15-ാമത് യുവേഫ ചാമ്പ്യൻസ് ലീഗ് സീസണിലും ഗോളടിച്ച റെക്കാഡുമായി ലയണൽ മെസി മിന്നിത്തിളങ്ങിയപ്പോൾ മുൻ ചാമ്പ്യൻമാരായ സ്പാനിഷ് ക്ളബ് ബാഴ്സലോണയ്ക്ക് ചെക്ക് റിപ്പബ്ളിക്ക് ക്ളബ് സ്ളാവിയ പ്രാഹയ്ക്കെതിരെ വിജയം. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ബാഴ്സ വെന്നിക്കൊടി പാറിച്ചത്. സ്ളാവിയയുടെ വലയിൽ വീണ രണ്ട് ഗോളുകളിലൊന്ന് അവരുടെ താരത്തിന്റെ കാലിൽ തട്ടിയായിരുന്നുവെന്നതും കൗതുകമായി.

മൂന്നാം മിനിട്ടിൽ മെസിയിലൂടെ ബാഴ്സ മുന്നിലെത്തിയിരുന്നു. എന്നാൽ 50-ാം മിനിട്ടിൽ ബോഗിൽ കളി സമനിലയിലാക്കി. 57-ാം മിനിട്ടിൽ ഒലൈങ്കയാണ് സെൽഫ് ഗോളടിച്ചത്. ഇൗ വിജയത്തോടെ നാല് കളികളിൽനിന്ന് ഏഴ് പോയിന്റായ ബാഴ്സലോണ ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനത്താണ്.

കഴിഞ്ഞ രാത്രി ബെറുഷ്യ ഡോർട്ട് മുണ്ടിനെ 2-0 ത്തിന് കീഴടക്കിയ ഇന്റർ മിലാൻ നാല് പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത്. 22-ാം മിനിട്ടിൽ ലൗതാരോ മാർട്ടിനെയും 89-ാം മിനിട്ടിൽ കൺട്രേവയുമാണ് ഇന്ററിനായി സ്കോർ ചെയ്തത്.

കഴിഞ്ഞ സീസണിലെ ചാമ്പ്യൻമാരായ ലിവർപൂൾ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബെൽജിയൻ ക്ളബ് ജെൻകിനെ കീഴടക്കിയത്.

ഒാക്‌‌സലൈഡ് ചേമ്പർലൈനിന്റെ ഇരട്ട ഗോളുകളുടെയും സാഡിയോ മാനേ, മുഹമ്മദ് സലാ എന്നിവരുടെ ഗോളുകളുടെയും മികവിലായിരുന്നു ലിവർപൂളിന്റെ ജയം. രണ്ടാം മിനിട്ടിലാണ് ചേമ്പർ ലൈൻ ഒന്നാം ഗോളടിച്ചത്. 57-ാം മിനിട്ടിൽ ചേമ്പർ ലൈൻ വീണ്ടും വല കുലുക്കി 77-ാം മിനിട്ടിലാണ് മാനേ സ്കോർ ചെയ്തത്. 87-ാം മിനിട്ടിൽ സലാ പട്ടിക പൂർത്തിയാക്കി. 88-ാം മിനിട്ടിൽ സ്റ്റീഫൻ ജഡേയാണ് ജെൻകിന്റെ ആശ്വാസഗോൾ നേടിയത്.

ഇൗ വിജയത്തോടെ മൂന്ന് കളികളിൽ നിന്ന് ആറ് പോയിന്റായ ലിവർപൂൾ ഗ്രൂപ്പ് ഇയിൽ രണ്ടാംസ്ഥാനത്താണ്. സാൽസ് ബർഗിനെ 3-2ന് കീഴടക്കിയ ഇറ്റാലിയൻ ക്ളബ് നാപ്പോളിയാണ് ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാർ. മൂന്ന്മത്സരങ്ങളിൽനിന്ന് ഏഴ് പോയിന്റാണ് നാപ്പോളിക്കുള്ളത്.

ഡ്രീസ് മെർട്ടന്റെ ഇരട്ട ഗോളുകളും ഇൻസൈന്റെ ഗോളുമാണ് സാൽസ് ബർഗിനെതിരെ നാപ്പോളിക്ക് ജയം നൽകിയത്. 17-ാം മിനിട്ടിൽ മെർട്ടൻസിലൂടെ നാപ്പോളി മുന്നിലെത്തിയപ്പോൾ ഹല്ലാൻഡ് 40-ാം മിനിട്ടിൽ സമനില പിടിച്ചു. 64-ാം മിനിട്ടിൽ മെർട്ടൻസ് വീണ്ടും നാപ്പോളിയെ മുന്നിലെത്തിച്ചപ്പോൾ 72-ാം മിനിട്ടിൽ ഹല്ലാൻഡ് വീണ്ടും സമനിലയിലാക്കി. എന്നാൽ തൊട്ടടുത്ത മിനിട്ടിൽ ഇൻസൈൻ നാപ്പോളിയുടെ വിജയ ഗോൾ കുറിച്ചു.

കഴിഞ്ഞദിവസം നടന്ന മറ്റൊരു മത്സരത്തിൽ അയാക്‌സിനെ 1-0 ത്തിന് കീഴടക്കി ഇംഗ്ളീഷ് ക്ളബ് ചെൽസി എച്ച് ഗ്രൂപ്പിൽ ആറ് പോയിന്റുമായി ഒന്നാമതെത്തി. 86-ാം മിനിട്ടിൽ ബത്ഷുവായിയാണ് ചെൽസിയുടെ വിജയഗോളടിച്ചത്. കഴിഞ്ഞസീസണിലെ ഫൈനലിസ്റ്റുകളായിരുന്ന അയാക്സ് ആറ് പോയിന്റുമായി രണ്ടാമതുണ്ട്.