തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് നാളെ കൊടിയേറും. ഉത്സവത്തിന്റെ ഭാഗമായ 365 സ്വർണക്കുടങ്ങളിലെ ബ്രഹ്മകലശപൂജ ഇന്നലെ രാത്രി നടന്നു. ഇന്ന് രാവിലെ ബ്രഹ്മകലശാഭിഷേകവും തുടർന്ന് ഉത്സവത്തിന്റെ വിളംബരം അറിയിക്കുന്ന തിരുവോലക്കവും നടക്കും. നാളെ രാവിലെ 9നാണ് കൊടിയേറ്റ്. രാത്രി 8.30ന് സിംഹവാഹനത്തിൽ എഴുന്നള്ളത്ത് നടക്കും. 27 മുതൽ നവംബർ 2 വരെ വൈകിട്ട് 4.30നും രാത്രി 8.30നും വിവിധ വാഹനങ്ങളിൽ എഴുന്നള്ളിപ്പ്. ഉത്സവ ദിവസങ്ങളിൽ തുലാഭാരമണ്ഡപത്തിലും നൃത്തമണ്ഡപത്തിലും രാവിലെയും വൈകുന്നേരവും ക്ഷേത്രകലകളും, നാടകശാല മുഖപ്പിൽ രാത്രി 10ന് കഥകളിയും ഉണ്ടായിരിക്കും.
നവംബർ 3ന് രാത്രി 8.30ന് പള്ളിവേട്ടയ്ക്ക് പുറപ്പാട്. സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിൽ നടക്കുന്ന വേട്ടയ്ക്ക് ശേഷം അകത്തെഴുന്നള്ളത്ത്. 4ന് വൈകിട്ട് 5ന് പടിഞ്ഞാറെ നടയിൽ നിന്നും ആറാട്ട് എഴുന്നള്ളത്ത് പുറപ്പെടും. 5ന് ആറാട്ട് കലശത്തോടെ ഉത്സവം സമാപിക്കും. കാഞ്ചി കാമകോടിപീഠം വേദപണ്ഡിതരുടെ നേതൃത്വത്തിൽ ഉത്സവദിവസങ്ങളിൽ വേദപാരായണം നടക്കും.
ദർശന സമയത്തിൽ നിയന്ത്രണം
ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെ ദർശന സമയത്തിൽ നിയന്ത്രണമുണ്ടാകും. രാവിലെ 9 മുതൽ 11 വരെ കലശ ദർശനമുണ്ടായിരിക്കും. വൈകിട്ട് 5 മുതൽ 6 വരെയാണ് ദർശനസമയം. ആറാട്ട് ദിവസം രാവിലെ 8.30 മുതൽ 10 വരെയാണ് ദർശനം.