തിരുവനന്തപുരം : നാലുകൊല്ലം മുമ്പ് സിംബാബ്‌വെയിൽ ഒരേയൊരു ട്വന്റി 20 മത്സരത്തിൽ മാത്രമണിഞ്ഞ ഇന്ത്യൻ സീനിയർ ടീമിന്റെ ജഴ്സി ഭദ്രമായി സൂക്ഷിച്ചുവച്ചിട്ടുണ്ട് സഞ്ജു, വീണ്ടുമൊരു ഇന്ത്യൻ കുപ്പായം തന്നെ തേടിവരുമെന്ന സ്വപ്നവും കണ്ടുകൊണ്ട്. ആ സ്വപ്നത്തിനാണ് ഇന്നലെ ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദിന്റെ ഫോൺ കോളിലൂടെ സാക്ഷാത്കാരമായിരിക്കുന്നത്.
ഡൽഹിയിൽ പൊലീസുകാരനായിരുന്ന വിഴിഞ്ഞം പുല്ലുവിള സ്വദേശി സാംസൺ തന്റെ മക്കളായ സഞ്ജുവിനെയും സാലിയെയും ക്രിക്കറ്റ് പരിശീലിപ്പിക്കാനാണ് ജോലി മതിയാക്കി തിരുവനന്തപുരത്തേക്ക് മടങ്ങിയത്. നല്ലൊരു പരിശീലകനെ തേടിയുള്ള അന്വേഷണത്തിൽ സഹായിച്ചത് ഇപ്പോഴത്തെ ബി.സി.സി.ഐ സ്റ്റാറ്റിസ്റ്റിക്സ് അസിസ്റ്റന്റ് മാനേജർ എസ്.എൻ. സുധീർ അലിയും. സായ് കോച്ചായ ബിജു ജോർജിന്റെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്രൗണ്ടിലെ കോച്ചിംഗ് സെന്ററിലേക്കാണ് സുധീർ അലി സഞ്ജുവിനെക്കൂട്ടിയെത്തിയത്. ബിജുവിന്റെ കളരിയിൽ അന്നത്തെ രഞ്ജി ട്രോഫി താരങ്ങൾക്കൊപ്പം പയറ്റിത്തെളിഞ്ഞ സഞ്ജു വളരെവേഗം തന്നെ കേരള ടീം സെലക്ടർമാരുടെ ശ്രദ്ധാകേന്ദ്രമായി. 2011 ൽ കുച്ച് ബിഹർ ട്രോഫി അണ്ടർ 19 ടൂർണമെന്റിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച് ദേശീയ ശ്രദ്ധയിലേക്കുയർന്നു. അടുത്തകൊല്ലം ക്വലാലംപൂരിൽ നടന്ന ഏഷ്യാകപ്പിനുള്ള ഇന്ത്യൻ അണ്ടർ-19 ടീമിലുമെത്തി.
2012-13 സീസണിൽ ഹിമാചൽ പ്രദേശിനെതിരെ പേസർമാരുടെ പറുദീസയായ പിച്ചിൽ സഞ്ജു നേടിയ സെഞ്ച്വറി വിസ്മയകരമായിരുന്നു. ആ സീസണിൽ രഞ്ജിയിൽ രണ്ട് സെഞ്ച്വറികൾ നേടിയതോടെ 2013 ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിലേക്ക് ക്ഷണം ലഭിച്ചു. ആദ്യ മത്സരത്തിൽത്തന്നെ ടീമിനെ ചേസിംഗ് വിജയത്തിലേക്ക് നയിക്കാൻ സഞ്ജുവിനായിരുന്നു. 2014 ൽ ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിലെത്തി. തുടർന്ന് സീനിയർ ടീമിന്റെ ഇംഗ്ളണ്ട് പര്യടനത്തിനുള്ള ട്വന്റി 20 യിൽ സഞ്ജുവും ഉൾപ്പെട്ടെങ്കിലും ഒരു കളിയിലും അവസരം നൽകിയില്ല.
2015 ലാണ് ദേശീയ കുപ്പായമണിയാനുള്ള സഞ്ജുവിന്റെ സ്വപ്നം പൂവണിയുന്നത്. സിംബാബ്‌വെ പര്യടനത്തിനുള്ള ട്വന്റി 20 ടീമിൽ ഇടംപിടിച്ച സഞ്ജു ഹരാരെയിൽ അരങ്ങേറ്റം കുറിച്ചു. ആ മത്സരത്തിൽ സിംബാബ്‌വെ ഉയർത്തിയ 145 റൺസ് ചേസ് ചെയ്യാനിറങ്ങിയ ഇന്ത്യ 69/5 എന്ന നിലയിലായപ്പോഴാണ് സഞ്ജു ഇറങ്ങിയത്. 19 പന്തിൽ 24 റൺസടിച്ച സഞ്ജു സ്റ്റുവർട്ട് ബിന്നിക്കൊപ്പം കൂട്ടിച്ചേർത്തത് 36 റൺസ് വിജയത്തിന് 10 റൺസകലെ പക്ഷേ ഇന്ത്യ വീണു. സഞ്ജുവും. പിന്നീട് സഞ്ജു ദേശീയ ടീമിൽ കളിച്ചിട്ടില്ല.
തുടർന്നുള്ള വർഷങ്ങളിൽ രഞ്ജിട്രോഫിയിലും ഐ.പി.എല്ലിലും സഞ്ജു തന്റെ മികവ് തുടർന്നു. പക്ഷേ സ്ഥിരതയുണ്ടായിരുന്നില്ല. വിക്കറ്റ് കീപ്പർ സ്ഥാനത്ത് ദേശീയ ടീമിൽ മഹേന്ദ്രസിംഗ് ധോണി വൻമലയായി നിന്ന കാലത്ത് സഞ്ജുവിന് അവസരം ലഭിക്കില്ലെന്നത് ഏറക്കുറെ തീർച്ചയായിരുന്നു. ധോണിയുടെ പ്രഭാവം മങ്ങിത്തുടങ്ങിയപ്പോഴേക്ക് സഞ്ജുവിനെക്കാൾ പ്രായം കുറഞ്ഞ ഋഷഭ് പന്ത് എത്തിയത് തിരിച്ചടിയായി. എങ്കിലും പ്രതീക്ഷ കൈവിടാതെ അദ്വാനിക്കുകയായിരുന്നു സഞ്ജു. 2017 ഐ.പി.എൽ സീസണിൽ ഡൽഹി ഡെയർ ഡെവിൾസിന് വേണ്ടി സെഞ്ച്വറി നേടി. 2017-18 സീസൺ രഞ്ജി ട്രോഫിയിൽ 627 റൺസാണ് നേടിയത്. ഒരു ഇരട്ട സെഞ്ച്വറിയും അക്കൗണ്ടിൽ കുറിച്ചു. വിക്കറ്റ് കീപ്പിംഗിനേക്കാൾ ബാറ്റിംഗിൽ ശ്രദ്ധ പതിപ്പിച്ചതും ഇൗ സമയത്താണ്. 2018 ഐ.പി.എല്ലിൽ ഗംഭീര പ്രകടനമാണ് സഞ്ജു കാഴ്ചവച്ചത്. എന്നാൽ അതിനുശേഷം മയായോ ടെസ്റ്റിൽ പരാജയപ്പെട്ടതിനാൽ ഇന്ത്യ എ ടീമിൽ നിന്ന് പുറത്തായി. തുടർന്ന് ഫിറ്റ്നസ് തെളിയിച്ചാണ് എ ടീമിൽ മടങ്ങിയെത്തിയത്.
വഴിത്തിരിവായത്
ആ രണ്ട് ഇന്നിംഗ്സുകൾ
ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിനെ വീണ്ടുമെത്തിച്ചതിൽ പ്രധാനപങ്ക് വഹിച്ചത് രണ്ട് തിളക്കമാർന്ന ഇന്നിംഗ്സുകളാണ്.
. കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന മത്സരത്തിൽ മഴകാരണം 20 ഓവറായി വെട്ടിച്ചുരുക്കിയപ്പോൾ ശിഖാർ ധവാനൊപ്പം 42 പന്തിൽ 92 റൺസടിച്ച പ്രകടനം
. വിജയ് ഹസാരേ ട്രോഫിയിൽ ഗോവയ്ക്കെതിരെ നേടിയ 212 റൺസ് ലിസ്റ്റ് എ ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യവിക്കറ്റ് കീപ്പറായി സഞ്ജു റെക്കാഡിട്ടു.
ഇൗ രണ്ട് ഇന്നിംഗ്സുകൾക്കും ദൃക്‌സാക്ഷിയായി ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദ് ഉണ്ടായിരുന്നത് കാര്യങ്ങൾ എളുപ്പമാക്കി.
ഗംഭീര പിന്തുണ
മുൻ ഇന്ത്യൻ താരങ്ങളായ ഗൗതം ഗംഭീറും ഹർഭജൻ സിംഗും വളരെ നാളായി സഞ്ജുവിനെ ഇന്ത്യൻ ടീമിലെടുക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. വിക്കറ്റ് കീപ്പറായല്ല ബാറ്റ്സ്മാനായിത്തന്നെ ഇന്ത്യയ്ക്ക് കളിക്കാനുള്ള കഴിവ് സഞ്ജുവിനുണ്ടെന്ന് ഗംഭീർ അഭിപ്രായപ്പെട്ടിരുന്നു.