arrest

നേമം: ദേശീയപാതയിൽ കിള്ളിപ്പാലത്തിന് സമീപം പ്രവർത്തിക്കുന്ന 'മൈ കമ്പ്യൂട്ടർ പാർട്ട്സ്" സ്ഥാപനത്തിൽ നടന്ന കവർച്ചയിൽ, മറ്റൊരു കേസിൽ റിമാൻഡിലായിരുന്ന ശംഖുംമുഖം സ്വദേശി രാജേഷ് (35), കണ്ണാന്തുറ സ്വദേശി ജിതിൻ (ബോംബ് ജിതിൻ, 24) എന്നിവരെ കഴിഞ്ഞദിവസം കരമന പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തു. കഴിഞ്ഞ മാസമായിരുന്നു കവർച്ച. കമ്പ്യൂട്ടർ സ്ഥാപനത്തിൽ നിന്നും 2 ലാപ്പ്ടോപ്പുകൾ , 1 ഡി.വി.ആർ , 2 യു.പി.എസുകൾ എന്നിവയാണ് മോഷണം പോയത്. കൂടാതെ സ്ഥാപനത്തിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയുടെ ഹാർഡ് ഡിസ്ക്കും മോഷ്ടിച്ചു.

ഈ കേസിന്റെ അന്വേഷണം നടന്നു വരവേ പ്രതികൾ മറ്റൊരു കേസുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായി. ഇവരെ കോടതി റിമാൻഡ് ചെയ്തു. ഇതിനിടയിലാണ് കരമനയിലെ കവർച്ചയ്ക്ക് തുമ്പുണ്ടായത്. തുടർന്നാണ് കരമന പൊലീസ് കഴിഞ്ഞദിവസം പ്രതികളെ കസ്റ്രഡിയിൽ വാങ്ങി തെളിവെടുത്തത്. തെളിവെടുപ്പിനിടെ മോഷണം നടത്തിയ രീതി പ്രതികൾ പൊലീസിന് വിവരിച്ചു കൊടുത്തു. കവർച്ച നടത്താനുപയോഗിച്ച ആയുധങ്ങളിൽ ചിലത് കണ്ടെടുക്കുകയും ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.