കാൻബറ : ക്രിക്കറ്റ് കളത്തിൽ കളിക്കാർക്ക് ഇടവേളയിൽ വെള്ളം നൽകാൻ ഒരു പ്രധാനമന്ത്രി എത്തുകയെന്ന കൗതുകത്തിനാണ് ഇന്നലെ കാൻബറ സാക്ഷ്യം വഹിച്ചത്. ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണാണ് വാട്ടർ ബോയ് ആയി മാറിയത്. ആസ്ട്രേലിയൻ പര്യടനത്തിനെത്തിയ ശ്രീലങ്കൻ ടീമും പ്രൈം മിനിസ്റ്റേഴ്സ് ഇലവനും തമ്മിലുള്ള സന്നാഹമത്സരത്തിനിടയിലാണ് മോറിസൺ വെള്ളകുപ്പിയുമായി ഗ്രൗണ്ടിലേക്ക് ഒാടിയെത്തിയത്. മത്സരത്തിൽ ഒരു വിക്കറ്റിന് ആസ്ട്രേലിയ വിജയിക്കുകയും ചെയ്തു.
സൈന ക്വാർട്ടറിൽ
പാരീസ് : ഇന്ത്യൻ വനിതാ ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ ഫ്രഞ്ച് ഒാപ്പൺ സൂപ്പർ സിരീസിന്റെ ക്വാർട്ടർ ഫൈനലിലെത്തി. പ്രീക്വാർട്ടറിൽ ഡെൻമാർക്കിന്റെ ലൈൻ ഹോയ്മാർക്കിനെ 21-10, 21-11 നാണ് സൈന കീഴടക്കിയത്.
ഇന്ത്യ 106 -ാം റാങ്കിൽ
ന്യൂഡൽഹി : ഫിഫ റാങ്കിംഗിൽ ഇന്ത്യൻ ഫുട്ബോൾ ടീം രണ്ട് പടവ് ഇറങ്ങി. 106-ാം സ്ഥാനത്തായി. ഇൗമാസം നടന്ന ലോകകപ്പ് യോഗ്യതാറൗണ്ട് മത്സരത്തിൽ ബംഗ്ളാദേശിനോട് 1-1ന് സമനില വഴങ്ങേണ്ടിവന്നതാണ് ഇന്ത്യയുടെ റാങ്ക് ഇടിയാൻ കാരണം. ബെൽജിയമാണ് ഫിഫ റാങ്കിംഗിൽ ഒന്നാംസ്ഥാനത്ത്. ഫ്രാൻസ്, ബ്രസീൽ, എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
യുവി അബുദാബിയിൽ
അബുദാബി : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവ്‌രാജ് സിംഗ് അബുദാബിയിൽ നടക്കുന്ന ടി 10 ക്രിക്കറ്റ് ടൂർണമെന്റിൽ മറാത്ത അറേബ്യൻസിന്റെ ഐക്കൺ താരമായി കളിക്കും. നവംബർ 14 നാണ് 10 ഒാവർ വീതമുള്ള ക്രിക്കറ്റ് ലീഗിന് തുടക്കമാകുന്നത്. ജൂണിൽ വിരമിക്കൽ പ്രഖ്യാപിച്ചശേഷം യുവ്‌രാജ് കാനഡയിൽ നടന്ന ഗ്ളോബൽ ട്വന്റി 20 യിലും കളിച്ചിരുന്നു.