മുംബയ് : ഇന്ത്യൻ ടീമിലേക്ക് വിക്കറ്റ് കീപ്പറായല്ല സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായിത്തന്നെയാണ് സഞ്ജുവിനെ വിളിച്ചിരിക്കുന്നതെന്നാണ് സൂചനകൾ. ഫോമൗട്ടായ ഋഷഭ്പന്തിനെ മുഖ്യ വിക്കറ്റ് കീപ്പറായി നിലനിറുത്തിയിട്ടുണ്ട്. സഞ്ജുവിനെ ഇൗ പരമ്പരയിൽ ബാറ്റ്സ്മാനായി പരീക്ഷിച്ച് വിജയിക്കുകയാണെങ്കിൽ പന്ത് ഫോമൗട്ടായാലും അടുത്ത പരമ്പരയിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി സഞ്ജുവിനെ ഉൾപ്പെടുത്താനാണ് സെലക്ടർമാരുടെ പദ്ധതി.
26 കാരനായ ആൾ റൗണ്ടർ ശിവം ദുബെയെയും ടീമിലേക്ക് വിളിച്ചിട്ടുണ്ട്.
ഹാർദിക് പാണ്ഡ്യ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്നതിനാലാണ് ദുബെയെ ടീമിലെടുത്തത്. ലെഗ്‌സ്പിന്നർ യുസ്‌വേന്ദ്ര ചവൽ ട്വന്റി 20 ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. രവീന്ദ്രജഡേജയ്ക്ക് വിശ്രമം നൽകി. ശാർദ്ദൂൽ താക്കൂർ ടീമിലുള്ളപ്പോൾ നവ്ദീവ് സെയ്നി പരിക്കുമൂലം പുറത്തായി. പരിക്കിൽനിന്ന് മോചിതനായിവരുന്ന ഭുവനേശ്വർ കുമാർ അടുത്ത പരമ്പരയിൽ ടീമിലെത്തും. ബംഗ്ളാദേശിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ടെസ്റ്റിൽ കുൽദീപന് പരിക്കേറ്റപ്പോൾ പകരക്കാരനായെത്തിയ ഷഹ്ബാസ് നദീമിനെ ഒഴിവാക്കി. കുൽദീപ് തിരിച്ചെത്തി.
കഴിഞ്ഞ കുറേനാളായി ദേശിയ ടീമിലെത്താൻ കഠിന പരിശ്രമം നടത്തുകയായിരുന്നു വലിയ വെല്ലുവിളികളാണ് നേരിടേണ്ടിവന്നത്. അത് നന്നായെന്നാണ് തോന്നുന്നത്. തുടക്കത്തിലെ കരിയർ സുരക്ഷിതമായാൽ പിന്നീട് വെല്ലുവിളികളെ നേരിടുക പ്രയാസമാകും. ഒരുപാട് പരാജയങ്ങൾ നേരിടേണ്ടിവരുമ്പോൾ എങ്ങനെയാണ് വിജയിക്കേണ്ടതെന്ന് മനസിലാകും. അതൊരു അനുഗ്രഹമായി മാറും.
വീണ്ടും ടീമിലെത്താൻ ഇത്രയും കാത്തിരിക്കേണ്ടിവന്നതിൽ സങ്കടമില്ല. നിരവധി ഉയർച്ച താഴ്ചകളിലൂടെ കടന്നുപോയി. എനിക്കൊപ്പം ആരൊക്കെയുണ്ടെന്നും ആരൊക്കെ ഇല്ലെന്നും മനസിലായി. എന്നിലുള്ള വിശ്വാസമാണ് മുന്നോട്ടു നയിച്ചത്.
നേരത്തെ ടീമിലെത്തുമെന്ന് കരുതിയിരുന്നു. പക്ഷേ എല്ലാറ്റിനും അതിന്റേതായ സമയമുണ്ടെന്നും അതിനായി കാത്തിരിക്കണമെന്നും തിരിച്ചറിയാനായി ഇൗ കാത്തരിപ്പിപ്പിനിടെ ഒരുപാട് ഗുണകരമായ മാറ്റങ്ങളുണ്ടായി.
ബാറ്റിംഗിൽ മുൻപൊക്കെ പെർഫെക്ഷന് വേണ്ടിയാണ് ശ്രമിച്ചിരുന്നത്. എന്നാൽ റൺസ് സ്കോർ ചെയ്യുക എന്നതാണ് പ്രധാനമെന്ന് ഇപ്പോൾ മനസിലാക്കുന്നു.
കഴിഞ്ഞ രണ്ട് മൂന്നുവർഷമായി ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നതിലായിരുന്നു എന്റെ പ്രധാന ശ്രദ്ധ.
സഞ്ജു സാംസൺ
ഇന്ത്യ ട്വന്റി 20 ടീം
രോഹിത് ശർമ്മ (ക്യാപ്ടൻ), ശിഖർ ധവാൻ, കെ.എൽ. രാഹുൽ, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ്പന്ത്, വാഷിംഗ്ടൺ സുന്ദർ, ക്രുനാൽ പാണ്ഡ്യ, യുസ്‌വേന്ദ്ര ചഹൽ, രാഹുൽ ചഹർ, ദീപക് ചഹർ, ഖലീൽ അഹമ്മദ്, ശിവം ദുബെ, ശാർദ്ദൂൽ താക്കൂർ.
ടെസ്റ്റ് സ്ക്വാഡ്
വിരാട് കൊഹ്‌ലി (ക്യാപ്ടൻ) രോഹിത് ശർമ്മ, മായാങ്ക് അഗർവാൾ, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ, ഹനുമവിഹാരി, വൃദ്ധിമാൻ സാഹ, രവീന്ദ്രജഡേജ, ആർ. അശ്വിൻ, കുൽദീപ് യാദവ്, ഷമി, ഉമേഷ്, ഇശാന്ത്, ശുഭ്‌മാൻ ഗിൽ, ഋഷഭ് പന്ത്.
ബംഗ്ളാദേശിന്റെ പര്യടനം ഇങ്ങനെ
നവംബർ 3
ആദ്യ ട്വന്റി 20 -ഡൽഹി
നവംബർ 7
രണ്ടാം ട്വന്റി 20 രാജ്കോട്ട്
നവം. 10
മൂന്നാം ട്വന്റി 20 നാഗ്പൂർ
നവം 14-18
ആദ്യ ടെസ്റ്റ്- ഇൻഡോർ
നവം. 22-26
രണ്ടാംടെസ്റ്റ് കൊൽക്കത്ത