oxygen-cylinder

ഉള്ളൂ‌ർ: ആർ.സി.സിയിൽ വിതരണം ചെയ്യാനെത്തിച്ച മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകളിൽ തിരിമറി നടത്താൻ ശ്രമിച്ചത് ചുമട്ടുതൊഴിലാളികൾ കൈയ്യോടെ പിടികൂടി. ഇന്നലെ രാവിലെ എത്തിച്ച സിലിണ്ടറുകൾ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ ഭാരവ്യത്യാസം തോന്നിയതോടെ നടത്തിയ പരിശോധനയിലാണ് തിരിമറി കണ്ടെത്തിയത്. ചുമട്ടുതൊഴിലാളികളുടെ ആവശ്യ പ്രകാരം നടത്തിയ പരിശോധനയിൽ 50 സിലിണ്ടറുകളിൽ 10 എണ്ണം കാലിക്കുറ്റികളാണെന്ന് കണ്ടെത്തി. മൺവിള ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൈവറ്റ് കമ്പനിയാണ് ഓക്സിജൻ സിലിണ്ടർ വിതരണം ചെയ്യാനുള്ള ക്വട്ടേഷൻ എടുത്തിട്ടുള്ളത്. 50 സിലിണ്ടറുകൾക്കായി 9,848 രൂപയുടെ ബില്ലും കമ്പനി നൽകിയിരുന്നു.

സീരിയൽ നമ്പരുകളിൽ ഇടകലർത്തിയാണ് കാലിക്കുറ്റികൾ വിതരണത്തിനെത്തിച്ചത്. ദിവസേന മൂന്നു ലോഡുകളാണ് ഇത്തരത്തിലെത്തുന്നത്. 2,000 രൂപയോളം വില വരുന്ന സിലിണ്ടറുകളാണ് ഇത്തരത്തിൽ തിരിമറി നടത്തിയത്. ഓക്സിജൻ സിലിണ്ടറുകൾ സൂക്ഷിക്കുന്നത് ആശുപത്രിക്ക് പിന്നിൽ ആളൊഴിഞ്ഞ സ്ഥലത്താണ്. സിലിണ്ടറുകൾ യാതൊരുവിധ പരിശോധനയും കൂടാതെയാണ് ഇവിടെ കരാറുകാരൻ ഇറക്കിവയ്ക്കുന്നത്. കൊണ്ടുവരുന്ന സിലിണ്ടറുകൾ ഓരോന്നും പരിശോധിച്ച് തൂക്കം തിട്ടപ്പെടുത്തണമെന്നിരിക്കെ കരാറുകാരെ സഹായിക്കുന്ന സമീപനമാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന ആക്ഷേപവും നിലവിലുണ്ട്.