തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പുകളിലുണ്ടായ കനത്ത തിരിച്ചടിയോടെ ബി.ജെ.പിയിൽ നേതൃമാറ്റത്തിനായി ആവശ്യമുയരുന്നു. ഇപ്പോഴത്തെ തിരിച്ചടിയുടെ പൂർണ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനാണെന്നാണ് അണികളുടെയും നേതാക്കളുടയും കുറ്രപ്പെടുത്തൽ. പാർട്ടിക്ക് നിർണായക സ്വാധീനമുള്ള മൂന്നു മണ്ഡലങ്ങളിൽ കാര്യമായ നേട്ടമുണ്ടാക്കാൻ പാർട്ടിക്കായില്ലെന്നാണ് നേതാക്കളുടെ വിമർശനം. ആദ്യം ഉപതിരഞ്ഞെടുപ്പ് നടന്ന പാലായിലും വോട്ട് കുറഞ്ഞിരുന്നു. ഇപ്പോൾ വോട്ടെടുപ്പ് നടന്ന അഞ്ചു മണ്ഡലങ്ങളിലും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. മഞ്ചേശ്വരത്ത് രവീശ തന്ത്രി രണ്ടാംസ്ഥാനം നേടിയതൊഴികെ മറ്റെല്ലായിടത്തും പാർട്ടി മൂന്നാം സ്ഥാനത്തായി. സ്ഥാനാർത്ഥി നിർണയത്തിൽ തർക്കങ്ങൾ ഉണ്ടായെങ്കിലും മഞ്ചേശ്വരത്ത് തങ്ങളുടെ പരമ്പരാഗത വോട്ട് പിടിച്ചു നിറുത്താൻ ബി.ജെ.പിക്കായി. അതേസമയം, മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ 89 വോട്ടുകൾക്കാണ് തോറ്റതെങ്കിൽ ഇത്തവണ ലീഗിന്റെ ഭൂരിപക്ഷം 8000ത്തോളമായത് പാർട്ടിക്ക് തിരിച്ചടിയായെന്നും വിലയിരുത്തലുണ്ട്.
ബി.ജെ.പി ഏറ്രവും പ്രഹരമേറ്റത് വട്ടിയൂർക്കാവിലാണ്. 2016ൽ 43,000 വോട്ട് നേടി കുമ്മനം രാജശേഖരൻ രണ്ടാംസ്ഥാനത്ത് വന്ന മണ്ഡലമാണിത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലാകട്ടെ വട്ടിയൂർക്കാവിൽ നിന്ന് കുമ്മനം നേടിയത് അരലക്ഷത്തിലേറെ വോട്ടുകളാണ്. അതാണ് 27,000 വോട്ടായി ഇപ്പോൾ കുറഞ്ഞത്. മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. പാർട്ടിക്കകത്തുള്ള പ്രശ്നങ്ങളൊഴികെ ഒരു എതിർ ഘടകങ്ങളും ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി.ജെ.പിക്കുണ്ടായിരുന്നില്ല. എന്നാൽ, കുമ്മനം രാജശേഖരനോട് മത്സരിക്കാൻ നിർദ്ദേശിച്ചശേഷം അവസാനനിമിഷം മാറ്റിയത് തിരിച്ചടിയായെന്ന വിലയിരുത്തൽ നേതാക്കൾ നടത്തുന്നുണ്ട്.
എറണാകുളത്തും അരൂരിലും ബി.ജെ.പി പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നും നേതാക്കൾ പറയുന്നു. അരൂരിൽ എൻ.ഡി.എയുടെ വോട്ടിൽ ഗണ്യമായ കുറവുണ്ടായി. എന്നാൽ, പ്രതികൂല കാലാവസ്ഥയിലും അല്പമെങ്കിലും പിടിച്ചു നിന്നത് കോന്നിയിലാണ്. നോമിനേഷൻ സമർപ്പിച്ചതിന് ശേഷം മാത്രം മണ്ഡലത്തിലെത്തിയ കെ.സുരേന്ദ്രൻ 39,000ൽപരം വോട്ടാണ് പിടിച്ചത്. ബി.ജെ.പിക്ക് കഴിഞ്ഞ തവണ 16,000 വോട്ട് മാത്രം ലഭിച്ച മണ്ഡലമാണിത്. അതിന് സുരേന്ദ്രന്റെ വ്യക്തിപ്രഭാവവും കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
സംഘടനാ പ്രവർത്തനത്തിലുള്ള വീഴ്ചയ്ക്കും ഉപതിരഞ്ഞെടുപ്പിനായി മുൻകൂട്ടി ഒരുക്കങ്ങൾ നടത്താത്തതിനും സ്ഥാനാർത്ഥി നിർണയത്തിലെ കാലതാമസത്തിനും സംസ്ഥാന നേതൃത്വം ഉത്തരം പറയേണ്ടിവരുമെന്നാണ് നേതാക്കൾ പറയുന്നത്. അതുകൊണ്ടുതന്നെ നേതൃത്വത്തിൽ ഒരു അഴിച്ചുപണി അനിവാര്യമാണെന്ന ആവശ്യം പാർട്ടിയിൽ ഉയരാനിടയുണ്ട്. വരുംദിവസങ്ങളിൽ ഇത് രൂക്ഷമായി ഉന്നയിക്കപ്പെട്ടേക്കാം.