kerala-

തിരുവനന്തപുരം: വട്ടിയൂർക്കാവിലും കോന്നിയിലും കോൺഗ്രസിന് തിരിച്ചടിയായത് ന്യൂനപക്ഷ വോട്ടുകൾ കിട്ടാത്തതാണെന്ന സത്യം കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിക്കുന്നു. അഞ്ച് മാസം മുമ്പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗംഭീരവിജയം നേടിയ ശേഷമുള്ള ഈ തിരിച്ചടി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയപ്രതീക്ഷകളെ ഇല്ലാതാക്കുമോ എന്ന ആശങ്ക കോൺഗ്രസ് നേതൃത്വത്തിനുണ്ട്. മ‌ഞ്ചേശ്വരത്ത് ന്യൂനപക്ഷ വിഭാഗം യു.‌ഡി.എഫിനോടൊപ്പം നിലയുറപ്പിച്ചപ്പോൾ കോന്നിയിലും വട്ടിയൂർക്കാവിലും കോൺഗ്രസിന് ക്രൈസ്തവ വോട്ടുകൾ നഷ്ടപ്പെട്ടു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലും ക്രൈസ്തവ വോട്ടുകൾ എൽ.ഡി.എഫിന് പോയെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പോടെ സ്ഥിതിഗതികൾ മാറിയിരുന്നു. ഇനി അകന്നു നിൽക്കുന്ന ന്യൂനപക്ഷ പിന്തുണ ഉറപ്പിക്കാൻ നടപടി സ്വീകരിക്കലായിരിക്കും യു.‌ഡി.എഫിന് മുന്നിലുള്ള വെല്ലുവിളി.

വട്ടിയൂർക്കാവിൽ എൻ.എസ്.എസ് പരസ്യമായി കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വേണ്ടി രംഗത്തിറങ്ങിയത് മറ്ര് സമുദായങ്ങളെ യു.ഡി.എഫിൽ നിന്നകറ്റിയെന്നും ചില നേതാക്കൾക്ക് അഭിപ്രായമുണ്ട്. കോന്നിയിലും ക്രൈസ്തവ വോട്ടുകൾ വൻതോതിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചു. വട്ടിയൂർക്കാവിൽ എൻ.എസ്.എസ് പരസ്യമായി യു.ഡി.എഫിനായി രംഗത്തിറങ്ങിയതോടെ മറ്രു സമുദായങ്ങളുടെ ധ്രുവീകരണം എൽ.ഡി.എഫിന് അനുകൂലമായി ഉണ്ടായി എന്ന വിലയിരുത്തലുമുണ്ട്.

ഉടൻ പുന:സംഘടനയ്ക്ക് കോൺഗ്രസ്

തിരുവനന്തപുരം: നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ വട്ടിയൂർക്കാവിലും കോന്നിയിലും ഉണ്ടായ കനത്ത തിരിച്ചടിയെ തുടർന്ന് കോൺഗ്രസിൽനേതൃത്വത്തിനുനേരെ വിമർശനമുയരും. നേതൃത്വത്തിനെതിരെ നടക്കുന്ന വിമർശനത്തെ മറികടക്കാൻ ഇതുവരെ നീട്ടിക്കൊണ്ടുപോയ കെ.പി.സി.സി പുന:സംഘടന ഉടൻ പ്രഖ്യാപിക്കാനും നീക്കമുണ്ട്. തിരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്താൻ കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി യോഗം ഞായറാഴ്ച തിരുവനന്തപുരത്ത് വിളിച്ചുചേർത്തിട്ടുണ്ട്.

കോൺഗ്രസിന്റെ കുത്തക സീറ്രായ വട്ടിയൂർക്കാവിലും കോന്നിയിലും ഏറ്ര കനത്ത തിരിച്ചടിയിൽ നിന്ന് നേതൃത്വം ഇപ്പോഴും മുക്തരായിട്ടില്ല. സ്ഥാനാർത്ഥി നിർണയമാണ് രണ്ടിടത്തും പാർട്ടിക്ക് തിരിച്ചടിയായത്. കോന്നിയിൽ വർഷങ്ങളായ എം.എൽ.എ ആയിരുന്ന അടൂർപ്രകാശിന്റെയും വട്ടിയൂർക്കാവിൽ കെ.മുരളീധരന്റെയും താല്പര്യങ്ങൾക്ക് വിരുദ്ധമായാണ് സ്ഥാനാർത്ഥി നിർണയം നടത്തിയത്. കോൺഗ്രസ് ശക്തി കേന്ദ്രമായിരുന്ന എറണാകുളത്ത് ജയിച്ചെങ്കിലും ഭൂരിപക്ഷം കുത്തനെ കുറഞ്ഞു.