1. പൈൽസ് പാരമ്പര്യമാണോ?
പൈൽസ് രോഗത്തിന് പാരമ്പര്യ സ്വഭാവം ഉള്ളതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആരോഗ്യപരമായ ഭക്ഷണശീലങ്ങളിലൂടെയും മിതമായ വ്യായാമം, മലബന്ധം ഒഴിവാക്കുക തുടങ്ങിയ പ്രതിരോധ മാർഗങ്ങളിലൂടെ പൈൽസ് വരാതെ നോക്കാവുന്നതാണ്.
2. ഇരുന്ന് ജോലിചെയ്യുന്നത് പ്രശ്നമാണോ?
മലദ്വാരഭാഗത്ത് അമിത സമ്മർദ്ദം ഏല്ക്കുന്ന തരത്തിൽ ദീർഘദൂരം ഇരുചക്ര വാഹനങ്ങളിലെ യാത്ര, ഉറപ്പുള്ള പ്രതലത്തിൽ നീണ്ട സമയം ഇരിക്കേണ്ടിവരുന്ന സ്വർണപ്പണി പോലുള്ള ജോലികൾ, ഡ്രൈവർമാർ, ദീർഘനാളായുള്ള കടുത്ത മലബന്ധം, അധിക സമയം വിസർജ്ജനത്തിന് വേണ്ടി ഇരിക്കുക, മുക്കുക, നീണ്ടനാളുള്ള ചുമ, കരൾ രോഗങ്ങൾ ഇവയെല്ലാം പൈൽസ് രോഗ സാദ്ധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ ആണ്.
3. മരുന്ന് കഴിച്ചാൽ മാറുമോ?
ഒന്നാം ഘട്ടത്തിലുള്ള പൈൽസിൽ (പൈൽസ് മലദ്വാരത്തിലൂടെ ഇറങ്ങി വെളിയിലേക്ക് വരാത്തത്) ഔഷധവും നാരുള്ള ഭക്ഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്തുക, മാംസാഹാരം വർജിക്കുക, മിതമായ വ്യായാമം, മലബന്ധം ഒഴിവാക്കുക തുടങ്ങിയവ അനുവർത്തിക്കുക വഴി രോഗം നിയന്ത്രിച്ചു നിറുത്താൻ കഴിയും. എന്നാൽ 2, 3, 4 ഘട്ടങ്ങളിൽ മരുന്നുകൊണ്ടുള്ള ഫലപ്രാപ്തി പരിമിതമാണ്. എന്നാൽ, പൈൽസിന്റെ അനുബന്ധ പ്രശ്നങ്ങളായ രക്തസ്രാവം, വേദന, പുകച്ചിൽ, മലശോധനാ തകരാർ, ദഹന പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് ഔഷധ സേവകൊണ്ട് മികച്ച ഫലം ലഭിക്കാറുണ്ട്.
ചികിത്സ ഏതാണ്?
ആയുർവേദത്തിൽ അഡ്‌വാൻസ്‌ഡ് ക്ഷാരസൂത്ര ചികിത്സ പാർശ്വഫലങ്ങളില്ലാത്തതും, ആശുപത്രിവാസം ആവശ്യമില്ലാത്തതും പെട്ടെന്ന് ഫലപ്രാപ്തി നൽകുന്നതും ആവർത്തന സാദ്ധ്യത തീരെ കുറഞ്ഞതുമാണ്. പൈൽസിന്റെ സങ്കീർണാവസ്ഥകളിൽ പോലും സുരക്ഷിതമായി ചികിത്സിച്ച് ഭേദപ്പെടുത്താൻ ഇതുകൊണ്ട് സാദ്ധ്യമാണ്.
പുറത്തേക്ക് തള്ളിനിൽക്കുന്ന അവസ്ഥ മാത്രമാണോ പൈൽസ്?
രോഗാരംഭത്തിൽ (ഒന്നാം ഘട്ടം) പൈൽസ് മലദ്വാരത്തിനുള്ളിൽ വിങ്ങിനിൽക്കുന്ന അവസ്ഥയിലായിരിക്കും. രണ്ടാം ഘട്ടത്തിൽ വിസർജ്ജന സമയത്ത് പുറത്തേക്ക് വരുകയും മലശോധനക്കുശേഷം തനിയെ ഉള്ളിലേക്ക് വലിയുകയും ചെയ്യുന്നു. മൂന്നാം ഘട്ടത്തിൽ ശോധനക്ക് ശേഷം വിരലുകൊണ്ട് മലദ്വാരത്തിനുള്ളിലേക്ക് തള്ളിവയ്ക്കേണ്ടിവരുന്നു. നാലാം ഘട്ടത്തിൽ പൈൽസ് മലദ്വാരത്തിന് വെളിയിലായിരിക്കും.