തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ജീവിതമൊക്കെ കഴിഞ്ഞെന്ന് പ്രവചിച്ചവരെയൊക്കെ നോക്കി ചിരിക്കുകയാണ് എൻ.സി.പി നേതാവ് ശരത് പവാർ. ബി.ജെ.പി - ശിവസേന സഖ്യം മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും കൈയടി മുഴുവൻ പ്രായം തളർത്താത്ത പോരാട്ട വീര്യത്തിനുടമയായ പവാറിനു നേരെയാണ്.
മഹാരാഷ്ട്രയിൽ ഒരു ചൊല്ലുണ്ട്; ഏത് പാർട്ടി ജയിച്ചാലും ആര് മുഖ്യമന്ത്രിയാകണം എന്ന് തീരുമാനിക്കുന്നത് പവാറാണ് എന്ന്. അതൊക്കെ പഴങ്കഥയാണെങ്കിലും എല്ലാ എക്സിറ്റ്പോൾ ഫലങ്ങളെയും നിശ്ചലമാക്കാൻ കോൺഗ്രസിന്റെ സഖ്യ കക്ഷിയായ എൻ.സി.പിയുടെ പടക്കുതിരയായ ശരത് പവാറിന് കഴിഞ്ഞു. പ്രതിപക്ഷത്തിന്റെ ശബ്ദമാകാൻ എന്തുകൊണ്ടും യോഗ്യൻ താൻ തന്നെയെന്നത് പവാറിന്റെ ഒറ്റയാൾ പോരാട്ടം കാട്ടിത്തന്നു. ഇതാദ്യമായാണ് എൻ.സി.പിയ്ക്ക് സഖ്യകക്ഷിയായ കോൺഗ്രസിനെക്കാൾ കൂടുതൽ സീറ്റ് ലഭിക്കുന്നത്. കോൺഗ്രസ് 44 നേടിയപ്പോൾ എൻ.സി.പി പിടിച്ചെടുത്തത് 54 സീറ്റാണ്.
തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോൾ തന്നെ വെല്ലുവിളികൾ എൻ.സി.പിയുടെ മുന്നിൽ അണി നിരന്നിരുന്നു.
വമ്പൻ ഭൂരിപക്ഷത്തിൽ മഹാരാഷ്ട്ര കീഴടക്കും എന്ന് അമിത സ്വപ്നം കണ്ട ബി.ജെ.പിയ്ക്ക് തെറ്റുകയും ചെയ്തു. കടന്നു കൂടിയെങ്കിലും പ്രതീക്ഷിച്ചിത്ര വിജയം കൈവരിക്കാതെ പോയത് നേതാക്കളെ ഞെട്ടിച്ചു.
2014 നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.സി.പിയുടെ തട്ടകമായ മറാത്ത വിഭാഗക്കാർ കൂടുതലുള്ള പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ ബി.ജെ.പി - സേനാ സഖ്യത്തിന് ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ, അഞ്ച് വർഷം കൊണ്ട് ആ പ്രതാപം തിരിച്ചു പിടിക്കാൻ എൻ.സി.പിയ്ക്ക് സാധിച്ചു. 288 മണ്ഡലങ്ങളിൽ 58 എണ്ണം പൂനെ, സാൻഗ്‌ലി, സതാര, സോലാപൂർ, കോൽഹാപൂർ എന്നീ പടിഞ്ഞാറൻ സംസ്ഥാനങ്ങളിലാണ് ഉള്ളത്.
തങ്ങളുടെ നേതാക്കളിൽ പലരും ബി.ജെ.പിയിലേക്കോ ശിവസേനയിലേക്കോ കളം മാറ്റിയത് എൻ.സി.പിയെ പ്രതിസന്ധിയിലാക്കിയിരുന്നു. പക്ഷേ, പവാർ തന്റെ പവർ എന്തെന്ന് കാട്ടിക്കൊടുക്കുകയാണ് പിന്നീട് ചെയ്തത്. കഴിഞ്ഞ പ്രാവശ്യം 41 സീറ്റുകൾ നേടിയ എൻ.സി.പിയ്ക്ക് ഇത്തവണ പടിഞ്ഞാറൻ മഹാരാഷ്ട്രയെ കൈപ്പിടിയിൽ ഒതുക്കാൻ കഴിഞ്ഞു എന്നത് വലിയ നേട്ടമായി.
സംസ്ഥാനത്തിന്റെ അങ്ങോളം ഇങ്ങോളം ഓടി നടന്ന് 60 ലേറെ റാലികൾ പവാർ സംഘടിപ്പിച്ചു. കോൺഗ്രസ് നേതാക്കളാകട്ടെ പവാറിന്റത്ര ഉത്സാഹം കാണിച്ചില്ലെന്നതാണ് സത്യം. കോൺഗ്രസിലെ സ്ഥാനാർത്ഥികളിൽ പലരും ഒരു റാലി പോലും സംഘടിപ്പിക്കാതെ കൈയും കെട്ടി നോക്കി നിന്നു. പവാർ ജനങ്ങളിലേക്കിറങ്ങി ചെന്ന് പ്രചാരണങ്ങൾ നടത്തിയതിന്റെ ഫലം എല്ലാ പാർട്ടികൾക്കും പാഠമായി. 220 സീറ്റുകൾ തങ്ങൾ നേടുമെന്ന് വിശ്വസിച്ചിരുന്ന ബി.ജെ.പി - സേന സഖ്യത്തിന് മറുപടി നൽകിയത് പവാറാണ്. തിരഞ്ഞെടുപ്പ് വേളയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്റെ നേർക്ക് തിരിഞ്ഞത് ഭരണപക്ഷത്തിന്റെ കളികളാണെന്നും അധികാര ദുർവിനിയോഗത്തിന്റെ ഉദാഹരണമാണെന്നും പവാർ തുറന്നടിച്ചു. രാഹുൽ ഗാന്ധി 5 റാലികളിൽ പങ്കെടുത്തപ്പോൾ 79 കാരനായ പവാർ പ്രാദേശിക പാർട്ടികൾക്കു വേണ്ടിയും തന്റെ ചോരാത്ത വീര്യം പുറത്തെടുത്തു. എൻ.സി.പിയുടെ പരമ്പരാഗത വോട്ടു ബാങ്കാണ് മറാത്ത വിഭാഗങ്ങൾ. ഇത് തിരിച്ചു പിടിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് പവാറിന്റെ പരിശ്രമത്തിന്റെ ഫലമാണ്.
ശിവസേനയുമായി എൻ.സി.പി സഖ്യം രൂപീകരിക്കുമെന്നും സർക്കാരുണ്ടാക്കുമെന്നുമുള്ള അഭ്യൂഹങ്ങളെല്ലാം പവാർ തന്നെ പൊളിച്ചടുക്കുന്നുണ്ട്. തങ്ങൾക്ക് പ്രതിപക്ഷത്ത് തുടരുമെന്നും അധികാരമോഹവും കൂറുമാറ്റവും തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവില്ലെന്നും പവാർ പറയുന്നു. കഴിഞ്ഞാഴ്ച സത്താരയിൽ കോരിച്ചൊരിയുന്ന മഴയിലും പവാർ തന്റെ റാലിയിൽ പങ്കെടുത്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം സതാര ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ചത്രപതി ശിവജി മഹാരാജാവിന്റെ വംശത്തിൽപ്പെട്ട ബി.ജെ.പി സ്ഥാനാർത്ഥി ഉദയൻരാജെ ഭോസ്‌ലെ എൻ.സി.പിയുടെ ശ്രീനിവാസ് പാട്ടീലിന് മുന്നിൽ 87,717 വോട്ടുകൾക്ക് പരാജയപ്പെട്ടു. സതാരയിൽ നിന്നും രണ്ട് തവണ എൻ.സി.പി എം.പിയായിരുന്ന ഭോസ്‌ലെ എൻ.സി.പിയിൽ നിന്നും രാജിവച്ച് ബി.ജെ.പിയിൽ ചേരുകയായിരുന്നു.