prasanth

കഴക്കൂട്ടം: മേയർ അഡ്വ.വി.കെ പ്രശാന്ത് വട്ടിയൂർക്കാവിൽ നിന്ന് ജയിച്ചു എം.എൽ.എ ആയതോടെ ഒഴിവ് വരുന്ന കോർപ്പറേഷൻ കഴക്കൂട്ടം വാർഡിലേക്കുള്ള സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ചർച്ചകൾ സി.പി.എമ്മിൽ തുടങ്ങിക്കഴിഞ്ഞു. ഡി.വൈ.എഫ്.ഐ കഴക്കൂട്ടം ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവും പാർട്ടി ഏരിയാ കമ്മിറ്റി അംഗവുമായ എസ്.പ്രശാന്തിനെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. വി.കെ.പ്രശാന്തിന്റെ സമകാലിക സംഘടനാ പ്രവർത്തകനാണ് എസ്.പ്രശാന്തും.

യുവാക്കൾക്കിടയിൽ സർവ സമ്മതനായ എസ്.പ്രശാന്തിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന വ്യാഴാഴ്ച മുതൽ ഉയരുകയാണ്. വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനായി മേയർ വി.കെ.പ്രശാന്തിന്റെ പേര് വന്നപ്പോൾ തന്നെ വിജയം ഉറപ്പിച്ച പാർട്ടി പ്രവർത്തകർ കോർപ്പറേഷന്റെ ഒന്നാം വാർഡിൽ എസ്.പ്രശാന്തിന്റെ പേര് പറഞ്ഞു തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നതോടെ അത് ശക്തമായി. പ്രശാന്തിന് പകരം പ്രശാന്ത് വരട്ടെ എന്നാണ് പ്രവർത്തകർ പറയുന്നത്.

മേയർ ഇന്ന് രാജി വയ്ക്കും

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച വി.കെ പ്രശാന്ത് മേയർ സ്ഥാനം ഇന്ന് രാജി‌വയ്‌ക്കും. ഉച്ച‌യ്‌ക്ക് രണ്ടരയ്‌ക്ക് നടക്കുന്ന അടിയന്തര നഗരസഭാ കൗൺസിലിന് ശേഷമായിരിക്കും അദേഹം രാജിവയ്‌ക്കുക.നഗരസഭ സെക്രട്ടറി എൽ.എസ് ദീപ‌യ്‌ക്കായിരിക്കും അദേഹം രാജിക്കത്ത് സമർപ്പിക്കുക.ഇതിന് മുന്നോടിയായി നഗരസഭ കൗൺസിലിൽ മേയർ നന്ദി പ്രസംഗം നടത്തും. കാലാവധി പൂർത്തിയാക്കാൻ ഒരു വർഷം ശേഷിക്കെയാണ് വി.കെ പ്രശാന്തിന്റെ പടിയിറക്കം. സാധാരണ കൗൺസിൽ യോഗം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ ബി.ജെ.പി അംഗങ്ങൾ രംഗത്ത് വരുകയും തദേശ‌സ്വയം ഭരണ വകുപ്പ് സെക്രട്ടറിക്ക് പരാതി നൽകുകയും ചെയ്‌തിരുന്നു. വകുപ്പ് സെക്രട്ടറി വിശദീകരണം ചോദിച്ചതോടെ ജനകീയാസൂത്രണം എന്ന ഒറ്റ അജണ്ടയിലൊതുക്കി കൗൺസിൽ വിളിക്കാൻ തീരുമാനിക്കുകയായിരുന്നു.

തിങ്കളാഴ്ചയാണ് വി.കെ പ്രശാന്ത് എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്യുക. മേയർ സ്ഥാനത്ത് നിന്ന് പ്രശാന്ത് ഒഴിയുന്നതോടെ പുതിയ മേയർ ആരായിരിക്കും എന്നതിനെ ചുറ്റിപ്പറ്റിയുളള ചർച്ചകൾക്കും ചൂടുപിടിക്കും. നഗരസഭയിലെ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറിയായ കെ.ശ്രീകുമാറിന്റെ പേരിനാണ് മേയർ സ്ഥാനത്തേക്ക് മുൻതൂക്കം. പി.ബാബു, എസ്.പു‌ഷ്പലത, ഐ.പി ബിനു എന്നിവരാണ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റ് കൗൺസിലർമാർ. ബി.ജെ.പിയുടേയും കോൺഗ്രസിന്റെയും വെല്ലുവിളിയെ അതിജീവിച്ച് പ്രവർത്തിക്കാൻ കഴിയുന്ന ഒരു മേയറെ കണ്ടെത്തുക എന്നത് സി.പി.എമ്മിനെ സംബന്ധിച്ച് വെല്ലുവിളിയാകും.