ജനമനസ് മുൻകൂട്ടി വായിക്കാൻ വളരെ പ്രയാസമാണ്; തിരഞ്ഞെടുപ്പുകളിൽ പ്രത്യേകിച്ചും. തിരഞ്ഞെടുപ്പ് ഫലപ്രവചനക്കാർ അടുത്തിടെ പലപ്പോഴും പരാജയപ്പെടുന്നത് ജനം ഏതേതെല്ലാം വിധത്തിലാണ് ചിന്തിക്കുന്നതെന്നു മനസിലാക്കാത്തതുകൊണ്ടാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പി മുന്നണി അതിശയകരമായ വിജയം നേടുമെന്നായിരുന്നു പ്രവചനം. 288 സീറ്റുള്ള മഹാരാഷ്ട്രയിൽ ബി.ജെ.പി - ശിവസേനാ സഖ്യത്തിന് ഫലപ്രവചനക്കാർ 244 സീറ്റ് വരെ വച്ചുനീട്ടിയിരുന്നു. 90 അംഗ ഹരിയാന നിയമസഭയിലാകട്ടെ എഴുപത് സീറ്റ് വരെ ബി.ജെ.പി നേടുമെന്നായിരുന്നു പ്രവചനം.
എന്നാൽ 40 സീറ്റിൽ മാത്രം വിജയം നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാകാനേ പാർട്ടിക്കു സാധിച്ചുള്ളൂ. മന്ത്രിസഭ രൂപീകരിക്കണമെങ്കിൽ ഇനി ആറുപേരെക്കൂടി കൂടെ കൂട്ടണം. അതിനുള്ള ചരടുവലിയും ചാക്കിട്ടു പിടിത്തവും തകൃതിയായി നടക്കുകയാണിപ്പോൾ. മഹാരാഷ്ട്രയിൽ ബി.ജെ.പി - ശിവസേനാ സഖ്യം 161 സീറ്റു നേടി ഭൂരിപക്ഷം ഉറപ്പാക്കിയെന്നതു ശരിയാണ്. എന്നാൽ പ്രവചനമനുസരിച്ചുള്ള വിജയത്തിന് അടുത്തെത്താനേ കഴിഞ്ഞില്ല. പ്രതിപക്ഷത്ത് കോൺഗ്രസ് - എൻ.സി.പി സഖ്യം ശ്രദ്ധേയമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. എൻ.സി.പി 54 സീറ്റ് നേടിയപ്പോൾ കോൺഗ്രസ് 44 സീറ്റിൽ വിജയം ഉറപ്പിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈ കക്ഷികൾ ഒറ്റയ്ക്കു മത്സരിച്ചപ്പോഴുണ്ടായ വിജയം അല്പം കൂടി മെച്ചപ്പെടുത്താൻ ഇക്കുറി സാധിച്ചു. ബി.ജെ.പി - ശിവസേനാ മുന്നേറ്റത്തിൽ ഈ പ്രതിപക്ഷ മുന്നണി തകർന്നടിയുമെന്ന പ്രവചനം തിരുത്തിക്കുറിക്കേണ്ടിവന്നു.
മഹാരാഷ്ട്രയിൽ ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയ ബി.ജെ.പിയുടെ പ്രകടനം ശരാശരിയിൽ ഒതുങ്ങിയെന്നേ പറയാനാവൂ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും ശിവസേനയും ഒറ്റയ്ക്കു മത്സരിച്ചപ്പോൾ നേടിയ സീറ്റുകൾ ഇത്തവണ നേടാനായില്ല. ബി.ജെ.പിക്ക് പതിനേഴും ശിവസേനയ്ക്ക് ആറും സീറ്റുകൾ ഇത്തവണ കുറഞ്ഞു. വിദർഭ, പടിഞ്ഞാറൻ മഹാരാഷ്ട്ര മേഖലകളിൽ സഖ്യത്തിന് കനത്ത തിരിച്ചടി തന്നെ നേരിട്ടു. ഒൻപതു മന്ത്രിമാരുടെ തോൽവിയും കാണേണ്ടിവന്നു. 370-ാം വകുപ്പ് റദ്ദ് ചെയ്തതുൾപ്പെടെ സമീപകാല ദേശീയ പ്രശ്നങ്ങൾ ഉയത്തിക്കാട്ടിയുള്ള ബി.ജെ.പിയുടെ പ്രചാരണ തന്ത്രം ഗ്രാമങ്ങളിലെ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനമൊന്നും സൃഷ്ടിച്ചില്ലെന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അധികാരത്തിൽ തുടരുന്നതിനുള്ള മാൻഡേറ്റ് നൽകിയ ജനങ്ങൾ ഒപ്പം ഒരു മുന്നറിയിപ്പും നൽകുന്നുണ്ട്. ഉപരിപ്ളവങ്ങളായ മുദ്രാവാക്യങ്ങൾ കൊണ്ടോ ദേശീയവാദം കൊണ്ടോ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾ പരിഹൃതമാകാൻ പോകുന്നില്ലെന്നതാണ് ആ മുന്നറിയിപ്പ്. കാർഷിക മേഖല നേരിടുന്ന പ്രയാസങ്ങളും വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും സാമ്പത്തിക രംഗത്തെ കൂട്ടക്കുഴപ്പങ്ങളുമൊക്കെ ഭരണമുന്നണിയെ പ്രതികൂലമായി ബാധിച്ച ഘടകങ്ങളാണ്. ലക്ഷ്യബോധത്തോടെ നടപ്പാക്കുന്ന ജനാഭിമുഖ്യ പദ്ധതികളിലൂടെ വേണം ഇവയൊക്കെ മാറ്റിയെടുക്കാൻ.
തിരഞ്ഞെടുപ്പിനു മുൻപ് കോൺഗ്രസിൽ നിന്നും എൻ.സി.പിയിൽ നിന്നും പല പ്രമുഖരും മറുകണ്ടം ചാടിയിരുന്നു. മത്സരരംഗത്തുണ്ടായിരുന്ന അവരിൽ പലരും പരാജയപ്പെട്ടതാണ് ഈ തിരഞ്ഞെടുപ്പ് മുന്നോട്ടുവയ്ക്കുന്ന നല്ല പാഠങ്ങളിലൊന്ന്.
ബി.ജെ.പി - സേനാ സഖ്യത്തിന് നിയമസഭയിൽ നല്ല ഭൂരിപക്ഷം ഉണ്ടെങ്കിലും മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് സേനാ നേതാവ് ഉദ്ധവ് താക്കറെയിൽ നിന്നുണ്ടായ ഒരു ഉപാധി തുടക്കത്തിൽത്തന്നെ കല്ലുകടിയാകുമോ എന്ന സന്ദേഹം ജനിപ്പിക്കുന്നുണ്ട്. മന്ത്രിസഭയിൽ തങ്ങൾക്ക് പകുതി പ്രാതിനിദ്ധ്യം വേണമെന്നാണ് താക്കറെ ആവശ്യപ്പെട്ടിരിക്കുന്നത്. ഉദ്ധവിന്റെ പുത്രൻ ആദിത്യ താക്കറെയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും ഉപാധികളിലൊന്നാണ്. ആദ്യ രണ്ടര വർഷം ഉപമുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ആദിത്യന് പിന്നീടുള്ള കാലം മുഖ്യമന്ത്രിക്കസേര തന്നെ നൽകണമെന്ന ആവശ്യവും കൂട്ടത്തിലുണ്ട്. ബി.ജെ.പിക്ക് പെട്ടപാടെ അംഗീകരിക്കാനാവുന്ന ഉപാധികളാണിവയെന്ന് തോന്നുന്നില്ല. സേനാ നേതൃത്വത്തെ മെരുക്കാനുള്ള യത്നം ബി.ജെ.പി പ്രസിഡന്റും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ തുടങ്ങിക്കഴിഞ്ഞു. വിട്ടുവീഴ്ചയ്ക്ക് സേനാനേതൃത്വം എത്രത്തോളം തയ്യാറാകുമെന്നതിനെ ആശ്രയിച്ചാകും മന്ത്രിസഭ എന്ന് സ്ഥാനമേൽക്കും എന്നു പറയാനാവുക.
അമിത പ്രതീക്ഷയുമായി ഹരിയാനയിൽ തിരഞ്ഞെടുപ്പിനിറങ്ങിയ ബി.ജെ.പിക്ക് ഭൂരിപക്ഷം പോലും നേടാനായില്ലെന്നത് നാണക്കേടായി. കോൺഗ്രസിന്റെ അപ്രതീക്ഷിതമായ തിരിച്ചുവരവാണ് ബി.ജെ.പി പ്രതീക്ഷ തകിടം മറിച്ചത്. അനുകൂല ഘടകങ്ങൾ കുറവായിരുന്നിട്ടും 31 സീറ്റിൽ വിജയിച്ച് ബി.ജെ.പിക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ കോൺഗ്രസിനു കഴിഞ്ഞു. ഈ വിജയത്തിന്റെ മുഖ്യശില്പി മുൻ മുഖ്യമന്ത്രി ഭൂപേന്ദ്ര ഹൂഡയാണ്. പുതുതായി രൂപംകൊണ്ട ജാട്ടുകളുടെ പാർട്ടിയായ ജൻനായക് ജനതാ പാർട്ടി പത്തു സീറ്റിൽ വിജയിച്ചത് പ്രാദേശിക പാർട്ടികൾക്ക് വളരാൻ ഇനിയും ഇടമുണ്ടെന്നു ബോദ്ധ്യപ്പെടുത്തുന്നു. അതേസമയം ചൗതാല കുടുംബത്തിന്റെ ഐ.എൻ.എൽ.ഡി ഒറ്റ സീറ്റിൽ ഇക്കുറി ഒതുങ്ങുകയും ചെയ്തു. കാലാവധി കഴിഞ്ഞ സഭയിൽ ഇവർക്ക് 19 സീറ്റ് ഉണ്ടായിരുന്നു. ദേശീയ തലത്തിൽ തളർന്നു ക്ഷീണിച്ചുകിടക്കുന്ന കോൺഗ്രസിന് ഇപ്പോൾ നടന്ന തിരഞ്ഞെടുപ്പുകളിലുണ്ടായ വിജയം ഉത്തേജനം പകരേണ്ടതാണ്. എന്നാൽ കേരളം ഒഴികെ ഒരു സംസ്ഥാനത്തും പാർട്ടിയെ നയിക്കാൻ കെല്പും ജനസമ്മതിയും ഉള്ള നേതൃത്വം ഇല്ലെന്നതാണ് കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.