1

നേമം: കരമന-കളിയിക്കാവിള ദേശീയ പാതയിൽ നേമം സ്കൂളിനു മുന്നിലൂടെ നിർമ്മിച്ചിട്ടുളള അടിപ്പാതയിൽ മഴക്കാലങ്ങളിലുണ്ടാകുന്ന ചോർച്ചയും വെളളക്കെട്ടും ഇല്ലാതാക്കാൻ ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ഫ്രാൻസ് ആവശ്യപ്പെട്ടു. 2016-ൽ നിർമ്മാണം പൂർത്തിയാക്കിയ അടിപ്പാതയിൽ അന്നുമുതൽ മഴക്കാലങ്ങളിൽ വെളളക്കെട്ടും ചോർച്ചയും അനുഭവപ്പെടുന്നത് നിത്യ സംഭവമാണ്. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഫ്രാൻസ് പല തവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും താത്കാലിക പരിഹാര നടപടികൾ സ്വീകരിച്ച് തലയൂരുകയാണുണ്ടായത്. കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ച ഒ. രാജഗോപാൽ എം.എൽ.എയോട് ഫ്രാൻസ് ഭാരവാഹികളും നേമം കൗൺസിലറും നാട്ടുകാരും കാര്യങ്ങൾ വിശദമായി ശ്രദ്ധയിൽപ്പെടുത്തുകയും അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. ഓരോ മഴക്കാലത്തും പ്രശ്നം ആവർത്തിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കണമെന്ന് ഫ്രാൻസ് ആവശ്യപ്പെട്ടു. സ്കൂൾ കുട്ടികളുടെ ദുരിതം അവസാനിപ്പിക്കുന്ന കാര്യത്തിൽ ഇനിയും അലംഭാവം കാട്ടാനാണ് അധികൃതരുടെ ശ്രമമെങ്കിൽ ശക്തമായ സമര പരിപാടികളുമായി ഫ്രാൻസ് മുന്നോട്ടു പോകുമെന്ന് ജനറൽ സെക്രട്ടറി മണ്ണാങ്കൽ രാമചന്ദ്രൻ മുന്നറിയിപ്പ് നൽകി.