kovalam

കോവളം: വിഴിഞ്ഞം കോട്ടപ്പുറം​തുലവിളയിൽ നിർമ്മിക്കാൻ തീരുമാനിച്ച കമ്മ്യൂണിറ്റി റിസോഴ്സ് സെന്റർ പദ്ധതി അവതാളത്തിൽ. മത്സ്യത്തൊഴിലാളികൾക്കും അല്ലാത്തവർക്കും ചെറുകിട വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിനും സായാഹ്നങ്ങളിൽ കോട്ടപ്പുറം ഗ്രാമത്തിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള താത്കാലിക പഠന കേന്ദ്രമാക്കിയും പ്രവർത്തിക്കാനുമാണ് റിസോഴ്സ് സെന്റർ തുടങ്ങാൻ തീരുമാനിച്ചത്. അരനൂറ്റാണ്ടിലേറെ പഴക്കമുളള കെട്ടിടത്തെ പൊളിച്ചുമാറ്റി പകരം ഇരു നിലകെട്ടിടം നിർമ്മിക്കാനാണ് പദ്ധതി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി പ്രദേശത്തിനടുത്താണ് കോട്ടപ്പുറം മത്സ്യഗ്രാമം. അദാനിതുറമുഖ കമ്പനി തങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുൾപ്പെടുത്തി ഇവിടെ പുതിയ ഇരുനില കെട്ടിടം നിർമ്മിച്ച് നൽകാൻ തയ്യാറാണ്. കെട്ടിടത്തിന്റെ രൂപരേഖയും തുറമുഖ കമ്പനി തയ്യാറാക്കി നഗരസഭയ്ക്ക് സമർപ്പിച്ചു. 40 ലക്ഷം മുടക്കിയുള്ള പദ്ധതിക്ക് നഗരസഭാ കൗൺസിൽ അംഗീകാരവും നൽകി. എന്നാൽ തർക്കങ്ങൾ ഉന്നയിച്ച് രാഷ്ട്രീയപാർട്ടികളും വ്യക്തികളും രംഗത്തെത്തിയതോടെ നൂറോളം സ്ത്രീകൾക്ക് പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കേണ്ട പദ്ധതി ഇല്ലാതാവുകയാണ്. കോട്ടപ്പുറം വാർഡിൽ വർഷങ്ങളായി അംഗൻവാടിയായി പ്രവർത്തിക്കുന്നതുമായ കെട്ടിടമാണ് മാറ്റി പുതിയ കെട്ടിടം പണിയാനായി തീരുമാനിച്ചത്. നിലവിൽ ഈ കെട്ടിടത്തിൽ വൈദ്യുതിയോ വെള്ളമോ ഇല്ല. സമീപത്തെ വീട്ടിൽ നിന്നാണ് വൈദ്യുതിയും വെള്ളവും എടുത്തിട്ടുളളത്. അസൗകര്യങ്ങളുള്ളതുകൊണ്ട് തൊട്ടടുത്തായി പുതിയ അംഗൻവാടി കെട്ടിടം നിർമ്മിച്ച് നൽകി. എന്നാൽ ഇതുവരെയും അംഗൻവാടി കെട്ടിടം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിട്ടില്ല. ഇതേ തുടർന്ന് പദ്ധതി നടപ്പിലാക്കാൻ സാധിക്കാത്തതിനാൽ തുറമുഖ കമ്പിയുടെ സാമൂഹിക പ്രതിബബദ്ധതാ വിഭാഗവും പിൻമാറിയെന്നാണ് സൂചന.