തിരുവനന്തപുരം : നാല് വോട്ടിന് വേണ്ടി സമുദായ നേതാക്കൾക്ക് മുന്നിൽ മുട്ടിലിഴഞ്ഞ യു.ഡി.എഫിന് ഉപതിരഞ്ഞെടുപ്പിൽ ജനം കൊടുത്തത് കനത്ത തിരിച്ചടിയാണെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു.
വട്ടിയൂർക്കാവിൽ വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥിയും മേയറുമായ വി.കെ. പ്രശാന്തിന് നഗരസഭയിൽ കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയൻ (കെ.എം.സി.എസ്.യു) നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ പ്രാകൃത രീതിയിലേക്ക് കൊണ്ടുപോകാനുള്ള സമുദായ ശക്തികളുടെ ശ്രമങ്ങൾക്ക് തടയിട്ട വട്ടിയൂർക്കാവിലെ ജനതയെ കേരളം ആത്മാഭിമാനത്തോടെ നെഞ്ചേറ്റും. യു.ഡി.എഫിന് ഇതിനെക്കാളും നല്ലൊരു അടി ഇനി കിട്ടാനില്ല.
കുളിച്ച് പൗഡറിട്ടു കഴിഞ്ഞാൽ ഉടൻ പ്രതിപക്ഷ നേതാവിന് മാദ്ധ്യമങ്ങളെ കാണണം. ഇടയ്ക്ക് ചായ കുടിക്കാൻ തോന്നുമ്പോൾ ഗവർണറെ കാണാനും പോകും. കിഫ്ബിയിലെ സംശയങ്ങൾക്ക് ധനകാര്യ മന്ത്രി ഐസക്കും മുഖ്യമന്ത്രിയും മറുപടി നൽകിയിട്ടും അദ്ദേഹത്തിന് യാതൊന്നും മനസിലായില്ല. ചെന്നിത്തലയ്ക്ക് മനസിലാകാത്തത് ജനങ്ങൾക്ക് മനസിലായി. അതാണ് ഉപതിരഞ്ഞെടുപ്പ് ഫലം. വട്ടിയൂർക്കാവിൽ കെ. മുരളീധരന്റെ കാലത്തെ വികസന മുരടിപ്പിന് പ്രശാന്തിലൂടെ പരിഹാരം ഉണ്ടാകുമെന്നും വിജയരാഘവൻ പറഞ്ഞു.
നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ, കെ.എം.സി.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ടി. സുരേഷ്, പ്രസിഡന്റ് ഷൈൻ, എ.ബി. വിജയകുമാർ, എസ്.എസ്. മിനു എന്നിവർ സംസാരിച്ചു.