ഇന്ത്യയുടെ പ്രത്യേകിച്ച് കേരളത്തിന്റെ സമ്പദ്ഘടനയെ ആർ.സി.ഇ.പി (റീജിയണൽ കോംപ്രിഹൻസീവ് ഇക്കണോമിക്ക് പാർട്ട്നർഷിപ്പ്) കരാർ പ്രതികൂലമായി ബാധിക്കും. നമ്മുടെ രാജ്യത്തിന്റെ മത്സ്യമേഖലയിൽ ഈ കരാർ മൂലമുണ്ടാകുന്ന പ്രതിസന്ധി വളരെ വലുതായിരിക്കും.
മത്സ്യ ഇറക്കുമതിക്കുള്ള ചുങ്കം ഗണ്യമായി കുറവു വരുത്തുകയോ ഇല്ലാതാക്കുകയോ ചെയ്താൽ ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേയ്ക്കുള്ള ഇറക്കുമതി പലമടങ്ങ് വർദ്ധിക്കാനും വ്യാപാര കമ്മിയിൽ വർദ്ധനവുണ്ടാക്കുവാനും സാദ്ധ്യതയുണ്ട്. മത്സ്യ ഇറക്കുമതി ഗണ്യമായി വർദ്ധിക്കുമ്പോൾ പ്രാദേശികമായി ഉത്പാദിപ്പിക്കപ്പെടുന്ന മത്സ്യങ്ങളുടെ വില കുത്തനെ ഇടിയും. നാൾക്കുനാൾ എണ്ണവില വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ നിലനില്പിന് തന്നെ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ നട്ടെല്ലൊടിക്കാൻ മത്സ്യവിലയിലുാവുന്ന തകർച്ച കാരണമാവും.
അതുപോലെ ഉത്പന്ന വിലയിടിവ് ചെറുകിട മത്സ്യ-ചെമ്മീൻ-കല്ലുമ്മേക്കായ കർഷകരേയും ഈ രംഗത്ത് നിന്ന് തുടച്ചുനീക്കാൻ ഇടയാക്കും. മത്സ്യ ഇറക്കുമതി വർദ്ധിക്കും ഇന്ത്യ പരമ്പരാഗതമായി മത്സ്യം കയറ്റുമതി ചെയ്തു കൊണ്ടിരുന്ന രാജ്യമാണ്. എന്നാൽ സ്വതന്ത്ര വ്യാപാര കരാറുകളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ മത്സ്യ ഇറക്കുമതി വർദ്ധിച്ചുവരികയാണ്. 2009 വർഷത്തിൽ 42.41 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ മത്സ്യ ഇറക്കുമതിയുായിരുന്ന ഇന്ത്യയിൽ 2017 വർഷമായപ്പോഴേക്കും ഇത് 90.54 ദശലക്ഷം അമേരിക്കൻ ഡോളറായി ഉയർന്നു. മത്സ്യങ്ങൾക്ക് ഇന്ന് നിലനില്ക്കുന്ന ഇറക്കുമതി ചുങ്കം 30 ശതമാനമാണ്.
ആർ.സി.ഇ.പി കരാർ നിലവിൽ വരുന്നതോടെ ഇറക്കുമതി ചുങ്കം ഇല്ലാതാവും. അതോടെ ഇന്ത്യയിലേക്കുള്ള മത്സ്യ ഇറക്കുമതി പലമടങ്ങ് വർദ്ധിക്കും എന്ന കാര്യത്തിൽ സംശയമില്ല. താരതമ്യേന വിലകുറഞ്ഞ മത്സ്യഇനങ്ങളാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത് എന്നതിനാൽ നമ്മുടെ നാട്ടിലെ മത്തിയും അയിലയുമുൾപ്പെടെയുള്ള കടൽ മീനുകളുടെ വില ഗണ്യമായി കുറയും. ഇത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരത്തെ സാരമായി ബാധിക്കും.
മത്സ്യബന്ധനത്തിലൂടെ ഇവയുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് ഇന്ന് നാം. സമുദ്രമത്സ്യങ്ങളിൽ ഭൂരിഭാഗവും അമിത ചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ് എന്ന കാര്യം നാം വിസ്മരിച്ചുകൂടാ. നമ്മുടെ സംസ്ഥാനത്ത് കൃഷിയിലൂടെയുള്ള ചെമ്മീൻ ഉത്പാദനം വർദ്ധിപ്പിക്കാനും സാധ്യത വിരളമാണ്. യഥാർത്ഥത്തിൽ കേരളത്തിന്റെ കൃഷിയിലൂടെയുള്ള ചെമ്മീൻ ഉത്പാദനം ക്രമമായി കുറഞ്ഞുവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിന് പുറമെ, ആർ.സി.ഇ.പി കരാർ രാജ്യമായ ജപ്പാനിലേക്കുള്ള നമ്മുടെ മത്സ്യ കയറ്റുമതി മെല്ലെ കുറഞ്ഞു വരികയാണ്. ചൈനയിലേക്കുള്ള കയറ്റുമതിയിൽ വൻ ഇടിവും ദൃശ്യമാണ്.
കരാറിൽ ഉൾപ്പെടുന്ന ഇന്ത്യ, ചൈന, ഓസ്‌ട്രേലിയ, ജപ്പാൻ, തായ്ലന്റ്, ഇന്ത്യോനേഷ്യ, കൊറിയ, മലേഷ്യ തുടങ്ങിയ മിക്ക രാജ്യങ്ങളും ഇന്ത്യൻ മഹാസമുദ്രത്തിൽ പൊതു മത്സ്യവിഭവങ്ങൾക്കായി മത്സരിക്കുന്ന രാജ്യങ്ങളാണ്. വളരെ ഉയർന്ന ശേഷിയുള്ള ബോട്ടുപയോഗിച്ചുള്ള മത്സ്യബന്ധന കിടമത്സരം ഇന്ത്യൻ മഹാസമുദ്രത്തിൽ മത്സ്യവിഭവ ശോഷണത്തിന്റെ ആക്കം വർദ്ധിക്കാൻ ഹേതുവാകും. കടലിലെ മത്സ്യബന്ധനാവകാശം മത്സ്യത്തൊഴിലാളികളിൽ നിക്ഷിപ്തമാക്കണമെന്നാണ് കേരളത്തിന്റെ പ്രഖ്യാപിത നയം. എന്നാൽ ആർ.സി.ഇ.പി കരാർ നിലവിൽ വരുന്നതോടെ വൻകിട കമ്പനിക്കാർ കടലിൽ ടെറിറ്റോറിയൽ പരിധിക്കപ്പുറം, കൃത്യതയോടെ മത്സ്യ കൂട്ടങ്ങളെ കത്തുന്നതിനുള്ള ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ മത്സ്യങ്ങളെ അരിച്ചെടുക്കാൻ തുടങ്ങും. ഇത് തീരക്കടലിലെ മത്സ്യലഭ്യതയെ സാരമായി ബാധിക്കും. തീരദേശമേഖലയിലെ മത്സ്യവിഭവ ശോഷണം നമ്മുടെ പരമ്പരാഗത മത്സ്യത്തൊഴിലാളികലുടെ ഉപജീവനത്തെ നേരിട്ട് ബാധിക്കും. മേൽ സാഹചര്യത്തിൽ ആർ.സി.ഇ.പി കരാർ രാജ്യത്തിന്റെ, വിശിഷ്യാ കേരളത്തിന്റെ, മത്സ്യമേഖലയ്ക്ക് ഹാനികരമാണ് എന്ന് അസന്നിഗ്ദമായി പറയാം.